- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മരിച്ചുപോയ അച്ഛനെ പുനർ ജീവിപ്പിക്കാൻ പിഞ്ചു കുഞ്ഞിനെ നരബലി നൽകാൻ നീക്കം; കുട്ടിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താൻ ശ്രമിച്ച യുവതി പിടിയിൽ; രാജ്യതലസ്ഥാനത്ത നടുക്കി കൊടുംക്രൂരത
ന്യൂഡൽഹി: മരിച്ചുപോയ പിതാവിനെ പുനർ ജീവിപ്പിക്കാൻ രണ്ടുമാസം പ്രായമായ കുഞ്ഞിനെ നരബലി നടത്താൻ ശ്രമിച്ച യുവതി അറസ്റ്റിൽ. മരിച്ച പിതാവ് ജീവനോടെ തിരിച്ചെത്തുമെന്ന വിശ്വാസത്തിലാണ് പിഞ്ചുകുഞ്ഞിനെ നരബലി നൽകാൻ ശ്രമിച്ചത്. ഡൽഹിയിലെ കൈലാഷ് മേഖലയിലാണ് സംഭവം. രണ്ട് മാസം പ്രായമായ കുഞ്ഞിനെ തട്ടിയെടുത്ത് നരബലി നൽകാനായിരുന്നു യുവതിയുടെ ശ്രമം. സമയോചിതമായ ഇടപെടലിലൂടെ കുട്ടിയെ പൊലീസ് രക്ഷപ്പെടുത്തി.
കേരളത്തിലെ നരബലി വാർത്തകൾ പുറത്തുവന്നതിന് പിന്നാലെയാണ് രാജ്യതലസ്ഥാനത്തും മനുഷ്യനെ ബലികൊടുക്കാൻ ശ്രമം നടന്നത് സംബന്ധിച്ച റിപ്പോർട്ടുകൾ പുറത്തുവരുന്നത്. ശ്വേത (25) എന്ന യുവതിയാണ് അറസ്റ്റിലായത്. ഒക്ടോബറിൽ ഇവരുടെ പിതാവ് മരിച്ചിരുന്നു. കടുത്ത അന്ധവിശ്വാസത്തിനടിമയായിരുന്നു യുവതി. ആൺകുഞ്ഞിനെ ബലി നൽകിയാൽ മരിച്ച പിതാവ് തിരിച്ചെത്തുമെന്നായിരുന്നു ഇവരുടെ വിശ്വാസം. ഇതിനായി രണ്ട് മാസം മാത്രം പ്രായമുള്ള കുഞ്ഞിനെ തട്ടിയെടുക്കുകയായിരുന്നു.
കുഞ്ഞിനെ കാണാതായതിനെ തുടർന്നുള്ള അന്വേഷണമാണ് പ്രതിയിലേക്കെത്തിയത്. തുടർന്ന് ശ്വേതയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. നരബലി നൽകാനുള്ള ഒരുക്കത്തിലായിരുന്നെന്ന് പ്രതി പൊലീസിനോട് കുറ്റസമ്മതം നടത്തി.
വ്യാഴാഴ്ച വൈകീട്ടോടെയാണ് നരബലിക്കായി ഡൽഹി ഗാർഹി മേഖലയിൽ നിന്ന് കുഞ്ഞിനെ തട്ടിയെടുത്തത്. 24 മണിക്കൂറിനകം തന്നെ കുഞ്ഞിനെ കണ്ടെത്തി രക്ഷിക്കാനായതായി ഡി.സി.പി ഇഷ പാണ്ഡേ പറഞ്ഞു. സി.സി.ടി.വി ദൃശ്യങ്ങളാണ് അന്വേഷണത്തിൽ നിർണായകമായതെന്നും പൊലീസ് വ്യക്തമാക്കി.
പിറ്റേന്ന് കുട്ടിയെ ബലി നൽകാനായിരുന്നു പദ്ധതിയെന്ന് യുവതി പൊലീസിനോടു സമ്മതിച്ചു. മരിച്ചുപോയ പിതാവിനെ തിരിച്ചുകൊണ്ടുവരാൻ വേണ്ടിയാണ് താൻ നരബലി നടത്താൻ തീരുമാനിച്ചതെന്നാണ് യുവതി പറയുന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. കൂടുതൽ പേർ പങ്കാളികളായിട്ടുണ്ടോയെന്ന് അന്വേഷിച്ചുവരികയാണെന്ന് പൊലീസ് പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ