ഹൈദരാബാദ്: വിവാഹ അഭ്യർത്ഥന നിരസിച്ചതിന്റെ പേരിൽ ആന്ധ്രപ്രദേശിലെ കാക്കിനാഡയിൽ യുവതിയെ മുൻ കാമുകൻ കഴുത്തറുത്തുകൊലപ്പെടുത്തി. രാമചന്ദ്രപുരം ഗംഗാവരം സ്വദേശി ദേവിക(22)യെയാണ് നടുറോഡിൽവെച്ച് ദാരുണമായി കൊലപ്പെടുത്തിയത്. പ്രതിയായ ബിക്കാവോലു സ്വദേശി ഗബ്ബാല വെങ്കിട്ട സൂര്യനാരായണ(25)യെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി.

ശനിയാഴ്ചയാണ് സ്‌കൂട്ടറിൽ വരികയായിരുന്ന യുവതിയെ നടുറോഡിൽ തടഞ്ഞുനിർത്തിയ ശേഷം യുവാവ് കഴുത്തറുത്തുകൊലപ്പെടുത്തിയത്. വിവാഹാഭ്യർഥന നിരസിച്ചതാണ് കൊലപാതകത്തിന് കാരണമായതെന്നും കൊല്ലപ്പെട്ട യുവതിയും പ്രതിയും നേരത്തെ കമിതാക്കളായിരുന്നുവെന്നും പൊലീസ് അറിയിച്ചു.

സഹോദരിക്ക് മരുന്ന് വാങ്ങി സ്‌കൂട്ടറിൽ വീട്ടിലേക്ക് വരികയായിരുന്ന ദേവികയെ ബൈക്കിലെത്തിയാണ് പ്രതി തടഞ്ഞുനിർത്തിയത്. തുടർന്ന് കൈയിൽ കരുതിയിരുന്ന കത്തി കൊണ്ട് ആക്രമിക്കുകയായിരുന്നു. ഇയാളുടെ കൈവശം ആസിഡ് നിറച്ച കുപ്പിയുണ്ടായിരുന്നതായും പൊലീസ് പറഞ്ഞു.

ഗുരുതരമായി പരിക്കേറ്റ യുവതിയെ ഉടൻതന്നെ ആംബുലൻസിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇതിനിടെ സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ നാട്ടുകാർ പിടികൂടി മരത്തിൽ കെട്ടിയിട്ടു. പ്രതിയെ കൈകാര്യം ചെയ്ത ശേഷമാണ് നാട്ടുകാർ പൊലീസിന് കൈമാറിയത്.

കൊല്ലപ്പെട്ട ദേവികയും സൂര്യനാരായണയും ഏറെക്കാലം പ്രണയത്തിലായിരുന്നു. തുടർന്ന് ഇരുവീട്ടുകാരും ഇവരുടെ വിവാഹം നടത്താനും തീരുമാനിച്ചു. എന്നാൽ രണ്ടുതവണ വിവാഹം നടത്താനുള്ള നീക്കങ്ങൾ ആരംഭിച്ചെങ്കിലും മുടങ്ങിപ്പോയി. ഇതിനുപിന്നാലെ ദേവിക കാമുകനിൽനിന്ന് അകലംപാലിക്കുകയായിരുന്നു.

ബിരുദപഠനത്തിന് ശേഷം പൊലീസ് കോൺസ്റ്റബിൾ ജോലിക്ക് ശ്രമിക്കുകയായിരുന്നു കൊല്ലപ്പെട്ട ദേവിക. ഏതാനുംവർഷങ്ങൾക്ക് മുമ്പ് അച്ഛൻ മരിച്ചതോടെ അമ്മയുടെ മാതാപിതാക്കൾക്കൊപ്പമായിരുന്നു താമസം. ദേവികയുടെ അമ്മ വിദേശത്താണ് ജോലിചെയ്യുന്നത്. ബിക്കാവോലു സ്വദേശിയായ സൂര്യനാരായണയും അമ്മയുടെ മാതാപിതാക്കൾക്കൊപ്പമാണ് ഗ്രാമത്തിൽ താമസിക്കുന്നത്. ഇയാളുടെ മാതാപിതാക്കൾ ഹൈദരാബാദിലാണെന്നും പൊലീസ് പറഞ്ഞു.

ദേവിക മറ്റൊരാളുമായി അടുപ്പത്തിലാണെന്ന സംശയമാണ് കൊലപാതകത്തിലേക്ക് പ്രതിയെ നയിച്ചത്. ദേവികയെ ദിവസങ്ങളോളം ഇയാൾ രഹസ്യമായി നിരീക്ഷിച്ചുവരികയായിരുന്നുവെന്നും ഇതിനുപിന്നാലെയാണ് കൊലപാതകം നടത്തിയതെന്നും പൊലീസ് പറഞ്ഞു.

കാക്കിനാഡയിലെ കൊലപാതകത്തിൽ മുഖ്യമന്ത്രി വൈ.എസ്. ജഗ്മോഹൻ റെഡ്ഡി നടുക്കം രേഖപ്പെടുത്തി. പ്രതിക്കെതിരേ ദിശ നിയമപ്രകാരം കേസെടുക്കണമെന്നും പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി പൊലീസിന് നിർദ്ദേശം നൽകി. നിശ്ചിത സമയത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിക്കാനും നിർദ്ദേശിച്ചിട്ടുണ്ട്. കൊല്ലപ്പെട്ട ദേവികയുടെ കുടുംബത്തിന് പത്തുലക്ഷം രൂപയുടെ ധനസഹായവും പ്രഖ്യാപിച്ചു.