മുംബൈ: മനുഷ്യമനസാക്ഷിയെത്തന്നെ ഞെട്ടിക്കുന്ന ക്രൂരതയുടെ കഥകളാണ് മിക്കദിവസങ്ങളിലും പുറത്ത് വരുന്നത്.അതിന്റെ തുടർച്ചയെന്നോളം ക്രൂരമായ ഒരു കൊലപാതകത്തിന്റെ കഥയാണ് ഇപ്പോൾ മുംബൈയിൽ നിന്നും പുറത്ത് വരുന്നത്.

കാമുകനൊപ്പം ജീവിക്കാനും ഭർത്താവിന്റെ സ്വത്ത് തട്ടിയെടുക്കാനും വേണ്ടി ഭാര്യയും അവരുടെ കാമുകനും ചേർന്ന് നടത്തിയ ക്രൂരമായ കൊലപാതകത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ.ഭർത്താവിന് ദിവസേന ഭക്ഷണത്തിൽ വിഷം കലർത്തി നൽകിയായിരുന്നു കൊല.സമാനആരോഗ്യ പ്രശ്‌നങ്ങളുമായാണ് ഭർത്താവിന്റെ അമ്മയും മരിച്ചത്.അതിനാൽ തന്നെ ആ മരണത്തിലും പൊലീസ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്.

മുംബൈ സാന്താക്രൂസ് വെസ്റ്റിൽ താമസിച്ചിരുന്ന കൽകാന്ത് ഷാ (45) ആണ് രണ്ടര മാസം മുമ്പ് കൊല്ലപ്പെട്ടത്. ഭാര്യ കാജൽ ഷാ, കാമുകൻ ഹിതേഷ് ജയിൻ എന്നിവരാണ് പിടിയിലായത്. ഷായെ ചികിത്സിച്ച ബോംബെ ആശുപത്രിയിലെ മെഡിക്കൽ റിപ്പോർട്ടിൽ അദ്ദേഹത്തിന്റെ ശരീരത്തിൽ വിഷാംശം കണ്ടെത്തിയതായും ഇതേ തുടർന്ന് നടത്തിയ അന്വേഷണമാണ് ഭാര്യയിലേക്കും കാമുകനിലേക്കും എത്തിച്ചതെന്നും അന്വേഷണം നടത്തിയ ക്രൈംബ്രാഞ്ച് അറിയിച്ചു.

ശാസ്ത്രീയ-സാങ്കേതിക തെളിവുകളുടെ അടിസ്ഥാനത്തിൽ വെള്ളിയാഴ്ചയാണ് കാജലിനേയും ഹിതേഷിനേയും കൊലപാതക കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്.സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ.. വസ്ത്ര വ്യാപാരിയായിരുന്ന കമൽകാന്ത് ഷാ 2002-ലാണ് കാജലിനെ വിവാഹം കഴിക്കുന്നത്. ഇവർക്ക് രണ്ട് മക്കളുണ്ട്, 20-വയസുകാരിയായ മകളും 17-കാരനായ മകനും. കാജലും ഹിതേഷും തമ്മിൽ ദീർഘനാളുകളായി ബന്ധമുണ്ടായിരുന്നെന്ന് ക്രൈംബ്രാഞ്ച് പറഞ്ഞു.

ഇതേച്ചൊല്ലി കാജലും ഷായും തമ്മിൽ നിരന്തരം വഴക്കുണ്ടാകാറുണ്ടായിരുന്നു. ഷായെ ഒഴിവാക്കി ഹിതേഷിനെ വിവാഹം കഴിക്കാനും ഷായുടെ സ്വത്തുക്കൾ സ്വന്തമാക്കാനുമായിരുന്നു ഇരുവരുടെയും പദ്ധതി.ജൂണിൽ കമൽകാന്ത് ഷായുടെ അമ്മ മരിച്ചു. ഇതിന് ശേഷമാണ് ഷായെ കൊല്ലാൻ കാജൽ പദ്ധതിയിട്ടത്. അന്നു മുതൽ ഷായുടെ ഭക്ഷണത്തിൽ കാജൽ വിഷം കലർത്തി തുടങ്ങി. ഇത്തരത്തിൽ പല തവണം വിഷം നൽകിയതോടെ ഷായുടെ ആരോഗ്യ നില വഷളായി. ഓഗസ്റ്റ് 27-ന് അന്ധേരിയിലെ ക്രിറ്റ്കെയർ ആശുപത്രിയിലാണ് ഷായെ ആദ്യം അഡ്‌മിറ്റ് ചെയ്തത്.

തുടർന്ന് സെപ്റ്റംബർ മൂന്നിനാണ് ബോംബെ ആശുപത്രിയിലേക്ക് മാറ്റിയത്. സെപ്റ്റംബർ 19-ന് ഇദ്ദേഹം മരിക്കുകയും ചെയ്തു.ഷായുടെ മരണത്തിൽ സംശയം തോന്നിയ ആശുപത്രി അധികൃതർ വിവരം സാന്തക്രൂസ് പൊലീസിൽ അറിയിച്ചിരുന്നു. തുടർന്ന് പൊലീസ് ഷായുടെ സഹോദരിയെ വിളിച്ചുവരുത്തി വിവരങ്ങൾ തേടി. ഷായുടെ സഹോദരി കവിത ലാൽവാനിക്കും സഹോദരന്റെ മരണത്തിൽ സംശയമുയർന്നു.

പിന്നീട് കേസ് ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. ഒക്ടോബറിൽ അന്വേഷണം ഏറ്റെടുത്ത ക്രൈംബ്രാഞ്ച് ഷായുടെ ഭാര്യ കാജലിനേയും ഹിതേഷ് ജയിനേയും മറ്റു ബന്ധുക്കളേയും സുഹൃത്തുക്കളേയും ചോദ്യംചെയ്തു.മൃതദേഹത്തിൽ താലിയം, ആർസെനിക് എന്നിവയുടെ സാന്നിധ്യം ഉള്ളതായി ഷായുടെ പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. വയറുവേദനയെ തുടർന്നാണ് ഷാ ആദ്യം ഡോക്ടറെ സമീപിക്കുന്നത്. ആദ്യം കുടുംബ ഡോക്ടറെ കണ്ടു. വേദനയും ഛർദ്ദിയും നിലക്കാതായതോടെയാണ് അന്ധേരി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

'വയറുവേദനയുമായി എത്തിയ ഷായുടെ അവയവങ്ങൾ ഓരോ ദിവസവും തകരാറിലാകുന്നത് ഡോക്ടർമാരിലും ഞെട്ടലുണ്ടാക്കി. തുടർന്ന് അദ്ദേഹത്തിന്റെ രക്തം ഫോറൻസിക് പരിശോധനയ്ക്കായി അയച്ചു. ഇതിൽ അമിത അളവിൽ രാസവസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തി. തുടർന്നാണ് വിഷം അകത്തുചെന്നത് സംബന്ധിച്ച് ഡോക്ടർ സംശയം പ്രകടിപ്പിച്ചത്', ഷായുടെ സഹോദരൻ അരുൺ ലാൽവാനി പറഞ്ഞു.

അന്വേഷണത്തിൽ ഷായും ഭാര്യ കാജലും തമ്മിലുള്ള ബന്ധം സൗഹാർദ്ദപരമായിരുന്നില്ലെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. '2021-ൽ കാജലിന്റെ ബാല്യകാല സുഹൃത്തായ ജെയിനുമായുള്ള ഫോൺ കോളുകളെ കുറിച്ച് ഷാ ചോദ്യംചെയ്തു. കാജൽ ഭർത്താവുമായി വഴക്കിട്ട് മാതാപിതാക്കളോടൊപ്പം പോയി. ചില നിബന്ധനകളോടെ ഈ വർഷം ജൂൺ 15-ന് മടങ്ങിവന്നു. ഷായുമായി പഴയ പോലെ ബന്ധമുണ്ടാകില്ലെന്നും മകൾക്ക് വേണ്ടിയാണ് തിരിച്ചെത്തിയതെന്നും കാജൽ പറഞ്ഞിരുന്നു', പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കഴിയുമ്പോഴും കാജൽ ഷായോട് വഴക്കിടുകയും രണ്ട് ലക്ഷം രൂപ അടിയന്തരമായി നൽകണമെന്ന് നിർബന്ധിക്കുകയും ചെയ്തത് കുടുംബത്തിന് സംശയത്തിനിടയാക്കിയിരുന്നു. 'മറ്റെല്ലാ കുടുംബാംഗങ്ങളും മരുന്നുകൾ വാങ്ങാൻ ഓടിനടക്കുമ്പോൾ, കവിത ഷായെ സഹായിക്കാനോ ഒരു തരത്തിലുള്ള മാനസിക ആശ്വാസം നൽകാനോ പോലും ശ്രമിച്ചില്ല. രക്തപരിശോധന നടത്താൻ ആവശ്യപ്പെട്ടപ്പോൾ അവൾ ആശുപത്രിയിൽനിന്ന് പോയി.

ഷായും അമ്മയും കഴിച്ച അതേ ഭക്ഷണം കവിതയും കഴിച്ചിരുന്നോ എന്ന് അറിയുന്നതിന് പൊലീസ് ശ്രമിച്ചിരുന്നു', ഷായുടെ സഹോദരി പറഞ്ഞു.ദിവസങ്ങൾക്ക് മുമ്പ് സമാനമായ വയറുവേദന വന്നാണ് ഷായുടെ അമ്മ മരണപ്പെട്ടത്. ഇതോടെ അവരുടെ മരണത്തിലും ബന്ധുക്കൾ ദുരൂഹത ആരോപിച്ചിട്ടുണ്ട്. അതുമായി ബന്ധപ്പെട്ട അന്വേഷവും നടന്നുവരികയാണ്.

വിഷവസ്തുക്കൾ പ്രതികൾക്ക് എത്തിച്ച് നൽകിയ ആളാണ് കേസിലെ പ്രധാന സാക്ഷി. ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കാജലിനേയും ജയിനേയും പത്ത് മണിക്കൂറോളം വെവ്വേറെ ചോദ്യംചെയ്തതോടെയാണ് ഇരുവരും കുറ്റസമ്മതം നടത്തിയത്തുടർന്ന് ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് കാജലിനേയും ജയിനേയും അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇരുവരേയും ഡിസംബർ എട്ടുവരെ റിമാൻഡ് ചെയ്തു.