ഗുരുഗ്രാം: ഹരിയാനയിലെ ഗുരുഗ്രമിൽ വഴിയരികിലെ കുറ്റിക്കാട്ടിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ സ്യൂട്ട് കേസിനുള്ളിൽ യുവതിയുടെ മൃതദേഹം. എൻഎച്ച് 48ൽ ഇഫ്കോ ചൗക്കിന് അടുത്തുള്ള റോഡിലാണ് സ്യൂട്ട്‌കേസ് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. വലിയ സ്യൂട്ട്‌കേസ് കണ്ട വിവരം ഓട്ടോ ഡ്രൈവറാണ് പൊലീസിനെ അറിയിച്ചത്.

സ്ഥലത്തെത്തിയ പൊലീസ് സംഘം സ്യൂട്ട്‌കേസ് തുറന്നു പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. മറ്റെവിടെയോ വച്ച് യുവതിയെ കൊലപ്പെടുത്തിയശേഷം സ്യൂട്ട്‌കേസിലാക്കി ഉപേക്ഷിച്ചതാണെന്ന് പൊലീസ് പറയുന്നു. 25 വയസ്സ് പ്രായമുള്ള യുവതിയാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട യുവതി ആരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചു. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം.

നേരത്തെ മഹാരാഷ്ട്രയിൽ സമാന സംഭവം നടന്നിരുന്നു. രണ്ട് പേർ പിന്നീട് പൊലീസ് പിടിയിലാകുകയും ചെയ്തിരുന്നു. 14 വയസുള്ള സ്‌കൂൾ വിദ്യാർത്ഥിനിയുടെ മൃതദേഹമായിരുന്നു അന്ന് സ്യൂട്ട് കേസിൽ ഉണ്ടായിരുന്നത്. അന്ധേരി സ്വദേശിയായിരുന്നു കൊല്ലപ്പെട്ട പെൺകുട്ടി. പുതപ്പിൽ പൊതിഞ്ഞാണ് പെൺകുട്ടിയുടെ മൃതദേഹം സ്യൂട്ട് കേസിൽ സൂക്ഷിച്ചത്.

ഗുരുഗ്രാമിൽ ഉപേക്ഷിച്ച സ്യൂട്ട് കേസിനുള്ളിൽ നഗ്‌നമായ മൃതദേഹമാണ് പൊലീസ് കണ്ടെത്തിയത്. കൊലപ്പെടുത്തിയ ശേഷം മൃതദേഹം അവിടെയെത്തിച്ച് ഉപേക്ഷിച്ചതാകാം എന്നാണ് പൊലീസ് നിഗമനം. വെസ്റ്റ് ഡിസിപി ദീപക് സഹറനും ഇതേ സംശയമാണ് പങ്കുവെക്കുന്നത്.

ഡിസിപി നേതൃത്വം നൽകിയ സംഘം സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പെട്രോൾ പമ്പിൽ നിന്നുള്ള ദൃശ്യത്തിൽ ഒരു വാഹനം പൊലീസ് സംശയാസ്പദമായി കണ്ടെത്തിയിട്ടുണ്ട്. ഈ വാഹനം കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണ്.

മാൻ മിസിങ് കേസുകളെല്ലാം പൊലീസ് അന്വേഷിക്കുകയാണ്. യുവതിയുടെ മൃതദേഹം പോസ്റ്റ്മോർട്ടം നടത്തിയ ശേഷം റിപ്പോർട്ട് വന്ന ശേഷം മാത്രമേ മരണകരണത്തെ കുറിച്ചോ മറ്റെന്തെങ്കിലും വിവരങ്ങളോ നൽകാൻ കഴിയൂ എന്ന് പൊലീസ് അറിയിച്ചു.