അരൂർ: വളയും പണവും തട്ടാൻ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ. കെഎസ്ആർടിസി ബസിനുള്ളിലാണ് സംഭവം നടന്നത്. ബസിൽ ചാടി കയറിയ യുവതി കൂടെ യാത്ര ചെയ്ത അഭിഭാഷകയുടെ ബാഗിൽ നിന്ന് സ്വർണവും പണവും മോഷ്ടിക്കാൻ ശ്രമിക്കുകയായിരിന്നു. ശേഷം അതേ ബസിലെ യാത്രക്കാരിയായ എഎസ്ഐ ആണ് പ്രതിയെ കൈയോടെ പിടികൂടിയത്. തമിഴ്‌നാട് അണ്ണാനഗറിലെ സ്നേഹപ്രിയ (33) യാണ് ബസിൽ വച്ച് പിടിയിലായത്.

16,000 രൂപയും ഒരു പവന്‍റെ വളയുമാണ് യുവതി മോഷ്ടിച്ചത്. ചേർത്തല കോടതിയിലെ അഭിഭാഷകയായ കോടം തുരുത്ത് ഹരിത ഭവനത്തിൽ അഷിത ഉണ്ണി (31) യുടെ ബാഗിൽ നിന്നാണ് പണവും ആഭരണവും മോഷ്ടിച്ചത്.

സ്വർണം മാറ്റിവാങ്ങാനായി ചമ്മനാട് ബസ് സ്റ്റോപ്പിൽ നിന്ന് എറണാകുളത്തേക്ക് പോകാനായി കെഎസ്ആർടിസി ബസിൽ കയറിയ അഷിത, ടിക്കറ്റ് എടുക്കാനുള്ള ചില്ലറക്കായി ബാഗ് തുറന്നപ്പോഴാണ് ബാഗിൽ സൂക്ഷിച്ചിരുന്ന പണവും വളയും മോഷണം പോയതായി തിരിച്ചറിഞ്ഞത്.

ഈ സമയം അരൂർ പോലീസ് സ്റ്റേഷനിലെ എഎസ്ഐ സബിത സ്റ്റേഷനിലേക്ക് വരുന്നതിനായി ബസിൽ ഉണ്ടായിരുന്നു. യുവതി നോട്ട് ചുരുട്ടി മാറ്റുന്നത് ശ്രദ്ധയിൽപ്പെട്ട സബിത, ഉടനെ പിടികൂടുകയായിരുന്നു. വളയും പണവും ബസിന്റെ പ്ലാറ്റ്ഫോമിലേക്കിട്ട ശേഷം രക്ഷപ്പെടാൻ യുവതി ശ്രമിച്ചെങ്കിലും നടന്നില്ല. ഉടനെ തന്നെ സബിതയുടെ സമയോചിത ഇടപെടലാണ് പണവും വളയും തിരിച്ചുകിട്ടാൻ കാരണമായത്.

അറസ്റ്റിലായ യുവതി വിവിധ പേരുകൾ പറഞ്ഞു പോലീസിനെ കുഴക്കിയിരുന്നു. പോലീസിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ തിരച്ചിൽ നടത്തിയാണ് ഇവരുടെ വിവരം ശേഖരിച്ചത്. തിരക്കുള്ള ആരാധനാലയങ്ങളിലും ബസ്സുകളിലുമാണ് യുവതി സാധാരണ മോഷണം നടത്തുന്നത്.

പാലാ, കണ്ണമാലി സ്റ്റേഷനുകളിൽ കേസുണ്ട്. തമിഴ്‌നാട്ടിൽ നിന്ന് മോഷണത്തിനായി കേരളത്തിൽ എത്തുന്ന സംഘത്തിലെ കണ്ണിയാണ് ഇവർ എന്ന് പോലീസ് വ്യക്തമാക്കി. പ്രതിയെ ചേർത്തല കോടതിയിൽ ഹാജരാക്കി ഒടുവിൽ റിമാൻഡ് ചെയ്തു.