- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വന്തമായി നടത്തുന്ന ചിട്ടിയിൽ ചേർത്തുവെന്ന് പറഞ്ഞ് വീട്ടമ്മയിൽ നിന്ന് ലക്ഷങ്ങൾ തട്ടി; കൂടുതൽ സാമ്പത്തിക നേട്ടം വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ യുവതി അറസ്റ്റിൽ
തിരുവല്ല: സ്വന്തമായി നടത്തുന്ന ചിട്ടിയിൽ ചേർത്ത് കൂടുതൽ സാമ്പത്തിക ലാഭമുണ്ടാക്കി കൊടുക്കാമെന്ന് പറഞ്ഞ് വീട്ടമ്മയിൽ നിന്ന് ലക്ഷങ്ങൾ തട്ടിയ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ചങ്ങനാശ്ശേരി പെരുന്ന പുത്തൂർപ്പള്ളി കുളത്തുമ്മാട്ടിൽ വീട്ടിൽ സിദ്ധീഖിന്റെ ഭാര്യ ആഷ്ന(36) യെയാണ് തിരുവല്ല പൊലീസ് അറസ്റ്റ് ചെയ്തത്.
കാവുംഭാഗം അഞ്ചൽക്കുറ്റി കൃഷ്ണസ്വാമി ക്ഷേത്രത്തിനുസമീപം പടിഞ്ഞാറേ പീടികയിൽ വീട്ടിൽ അച്ചൻകുഞ്ഞിന്റെ ഭാര്യ ലോലിത (52) യുടെ പരാതിപ്രകാരം എടുത്ത കേസിലാണ് അറസ്റ്റ്. പ്രതി നടത്തിവന്ന ചിട്ടിയിൽ ചേർന്നാൽ കൂടുതൽ സാമ്പത്തിക ലാഭം നേടിക്കൊടുക്കാമെന്ന് വാക്കുകൊടുത്ത ശേഷം പല തവണയായി ലക്ഷങ്ങൾ തട്ടിയെടുക്കുകയായിരുന്നു.
2020 ജനുവരി, ഫെബ്രുവരി മാസങ്ങളിൽ 20000 രൂപ വീതം നേരിട്ട് കൈപ്പറ്റുകയും ഏപ്രിൽ 24 മുതൽ 2021 ഡിസംബർ 25 വരെ 20 തവണകളായി ലോലിതയുടെ മകളുടെ കാവുംഭാഗം ഫെഡറൽ ബാങ്ക് അക്കൗണ്ടിൽ നിന്നും ഗൂഗ്ൾ പേ വഴിയും പ്രതിയുടെ ചങ്ങനാശ്ശേരി കാനറാ ബാങ്ക് അക്കൗണ്ടിലേക്ക് നാലു ലക്ഷം രൂപ ട്രാൻസ്ഫർ ചെയ്യിക്കുകയും ചെയ്തു എന്നതാണ് കേസ്. തുക പ്രതി തിരികെ നൽകാതിരുന്നപ്പോൾ പരാതി നൽകി കേസെടുപ്പിക്കുകയായിരുന്നു.
അന്വേഷണത്തിൽ ലോലിതയുടെ അക്കൗണ്ടിൽ നിന്ന് പ്രതിയുടെ അക്കൗണ്ടിലേക്ക് ഗൂഗ്ൾ പേ യിലൂടെ കൈമാറിയ പണത്തിന്റെയും മകൾ ഗൂഗ്ൾ പേ ചെയ്ത തുകയുടെയും രേഖകൾ പൊലീസ് കണ്ടെടുത്തു. ഫെഡറൽ ബാങ്ക്, ചങ്ങനാശ്ശേരി കാനറാ ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾക്കായി പൊലീസ് കത്ത് നൽകി. തുടർന്ന് പ്രതിക്കുവേണ്ടിയുള്ള അന്വേഷണം വ്യാപിപ്പിച്ച പൊലീസ് സംഘം, ചങ്ങനാശ്ശേരി അരമനപ്പടിയിൽ കണ്ടെത്തി സ്റ്റേഷനിൽ കൂട്ടികൊണ്ടുവന്നു, ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ച പ്രതിയെ ഇന്നലെ വൈകിട്ട് അറസ്റ്റ് രേഖപ്പെടുത്തി തുടർ നടപടികൾ സ്വീകരിച്ചു.
പിന്നീട് കോടതിയിൽ ഹാജരാക്കി.സമാനമായ തട്ടിപ്പ് പ്രതി നടത്തിയിട്ടുണ്ടോ എന്ന് തുടങ്ങിയ കാര്യങ്ങളിൽ വിശദമായ അന്വേഷണം നടക്കുകയാണ്. അന്വേഷണസംഘത്തിൽ എസ് ഐ നിത്യാ സത്യൻ, എസ് സി പി ഓ സുനിൽ കുമാർ എന്നിവരാണ് ഉള്ളത്.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്