പത്തനംതിട്ട: കാനഡയിൽ മെക്കാനിക്കൽ എൻജിനീയറായി ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ കേസിലെ പ്രതിയെ അറസ്റ്റു ചെയ്തു. എറണാകുളം പച്ചാളം കണച്ചാംതോട് റോഡിൽ അമ്പാട്ടുവീട്ടിൽ ഹിൽഡ സാന്ദ്ര ഡുറയെ (30)യാണ് അറസ്റ്റു ചെയ്തത്. പറവൂർ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ റിമാൻഡിൽ കഴിയുന്ന എറണാകുളം ജില്ല ജയിലിലെത്തി, കോടതിയുടെ അനുവാദം വാങ്ങി കോയിപ്രം പൊലീസ് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. പുറമറ്റം കുമ്പനാട് വട്ടക്കൊട്ടാൽ മുകളുകാലായിൽ വീട്ടിൽ സാമുവലിന്റെ മകൻ ബാബുക്കുട്ടി നൽകിയ പരാതിയിലാണ് നടപടി.

ഇദ്ദേഹത്തിന്റെ മകന് കാനഡയിൽ മെക്കാനിക്കൽ എൻജിനീയറായി ജോലി ലഭ്യമാക്കാമെന്ന് പറഞ്ഞു പ്രതികൾ ബാങ്ക് അക്കൗണ്ടിലൂടെ നാല് ലക്ഷം രൂപ തട്ടിയശേഷം, ജോലി ലഭ്യമാക്കുകയോ, പണം മുഴുവൻ തിരികെ നൽകുകയോ ചെയ്തില്ല. ബാബുക്കുട്ടിയുടെ മകന്റെ കുമ്പനാട്ടെ കനറാ ബാങ്ക് അക്കൗണ്ടിൽനിന്ന് ഒന്നാം പ്രതി പറഞ്ഞതുപ്രകാരം രണ്ടാം പ്രതിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് മൂന്ന് തവണയായി പണം അയക്കുകയായിരുന്നു.

പണമിടപാട് സംബന്ധിച്ച ബാങ്ക് രേഖകൾ അന്വേഷണസംഘം വിശദമായി പരിശോധിച്ചു. പ്രതികളുടെ മൊബൈൽ ഫോണുകൾ സൈബർ സെല്ലിന്റെ സഹായത്തോടെ പരിശോധിച്ചതിൽ വാദിയുടെ മകനുമായി ബന്ധപ്പെട്ടത് തെളിഞ്ഞു. പ്രതികൾ ഒളിവിൽ പോയിരുന്നു. പ്രതികൾ ഒളിവിൽ പോയിരുന്നു. 

ഒന്നാം പ്രതി പല മേൽവിലാസങ്ങളിൽ മാറിമാറി താമസിച്ചു. ചിറ്റാർ പൊലീസ് സ്റ്റേഷനിൽ രണ്ടും പന്തളം മണ്ണാഞ്ചേരി സ്റ്റേഷനുകളിലെ ഒന്നുവീതം വിശ്വാസവഞ്ചന കേസുകളിൽ ഒന്നാം പ്രതി ഉൾപ്പെട്ടിട്ടുണ്ട്. ഇവയിലെല്ലാം മേൽവിലാസങ്ങൾ വ്യത്യസ്തമാണ്. പലജില്ലകളിലും സമാനരീതിയിൽ ആളുകളിൽ നിന്നും പണം കൈപറ്റി വിശ്വാസവഞ്ചന കാട്ടിയതായി അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്.