- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുനർവിവാഹത്തിന് പത്രപ്പരസ്യം നൽകിയ യുവാവിനെ വലയിലാക്കിയത് സഹോദരിയെ വിവാഹം കഴിച്ചു കൊടുക്കാമെന്ന് പറഞ്ഞ്; അമ്മയുടെ ചികിൽസയ്ക്കെന്ന് പറഞ്ഞ് കീശയിലാക്കിയത് 4.15 ലക്ഷം രൂപ; വിലകൂടിയ മൊബൈലും തന്ത്രത്തിൽ കൈക്കലാക്കി; വിവാഹതട്ടിപ്പിന് യുവതി അറസ്റ്റിൽ
പത്തനംതിട്ട: പുനർവിവാഹപ്പരസ്യം നൽകിയയാളിനെ ഫോണിലൂടെ പരിചയപ്പെടുകയും പ്രലോഭിപ്പിച്ച് ലക്ഷങ്ങൾ കബളിപ്പിച്ചെടുക്കുകയും ചെയ്ത യുവതിയെ പൊലീസ് പിടികൂടി. ആലപ്പുഴ കൃഷ്ണപുരം കാപ്പിൽ ഈസ്റ്റ് പുത്തൻതുറ വീട്ടിൽ നിന്നും കൃഷ്ണപുരം കുറ്റിപ്പുറം ഷാജിയുടെ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന വി. ആര്യ (36) ആണ് കോയിപ്രം പൊലീസിന്റെ പിടിയിലായത്.
കോയിപ്രം കടപ്ര സ്വദേശിയായ യുവാവ് നൽകിയ പുനർവിവാഹ പരസ്യം കണ്ട് 2020 മെയ് നാല് മുതൽ രണ്ട് മൊബൈൽ ഫോണുകളിൽ നിന്നും നിരന്തരം വിളിച്ച പ്രതി തന്റെ സഹോദരിക്ക് വിവാഹം കഴിക്കാൻ താൽപ്പര്യമുണ്ടെന്നും പറഞ്ഞുവിശ്വസിപ്പിച്ച ശേഷം മെയ് 17 മുതൽ ഡിസംബർ 22 വരെയുള്ള കാലയളവിൽ അമ്മയുടെ ചികിത്സയ്ക്കെന്നുപറഞ്ഞു പലതവണയായി 4,15,500 രൂപ ബാങ്ക് ഇടപാടിലൂടെ തട്ടിയെടുത്തു എന്നാണ് കേസ്.
കറ്റാനം സൗത്ത് ഇന്ത്യൻ ബാങ്ക് അക്കൗണ്ടിലേക്കാണ് തുക കൈമാറ്റം ചെയ്തെടുത്തത്. കൂടാതെ, 22,180 രൂപ വിലയുള്ള ഓപ്പോ കമ്പനി നിർമ്മിതമായ പുതിയ മൊബൈൽ ഫോണും കൈക്കലാക്കി. ചതിക്കപ്പെട്ടെന്ന് മനസിലാക്കിയ യുവാവ്ജനുവരി ഒന്നിന് പത്തനംതിട്ട ഡിവൈ.എസ്‌പിക്ക് പരാതി നൽകി. കോയിപ്രം എസ് ഐ രാകേഷ് കുമാർ, പരാതി പ്രകാരം കേസെടുത്ത് വിശദമായ അന്വേഷണം നടത്തി. മൊബൈൽ ഫോണുകളുടെ വിളികൾ സംബന്ധിച്ച വിവരങ്ങൾ ജില്ലാ പൊലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ അന്വേഷണസംഘം ശേഖരിച്ചു. പണം ഇടപാട് സംബന്ധിച്ച രേഖകളും കണ്ടെടുത്തു.
പ്രതി ആവശ്യപ്പെട്ടതനുസരിച്ച് വാങ്ങിക്കൊടുത്ത മൊബൈൽ ഫോൺ വാങ്ങിയ തിരുവല്ലയിലെ മൊബൈൽ കടയിലും ഫോൺ കൊടുക്കാൻ ഏൽപ്പിച്ച കായംകുളത്തെ ബേക്കറി ഉടമയെ കണ്ടും അന്വേഷണം നടത്തി. തുടർന്ന് നടന്ന അന്വേഷണത്തിൽ പ്രതിക്ക് സഹോദരിയില്ലെന്നും, ഇല്ലാത്ത സഹോദരിയുടെ പേരുപറഞ്ഞു വിവാഹത്തിന് താൽപ്പര്യമുണ്ടെന്ന് അറിയിച്ച് യുവാവിനെ കബളിപ്പിക്കുകയായിരുന്നെന്നും തെളിഞ്ഞു.
പിന്നീട്, യുവതിയുടെ ഫോൺ ലൊക്കേഷൻ അന്വേഷിച്ചുകൊണ്ടിരുന്ന പൊലീസ് സംഘത്തിന്, പാലക്കാട് കിഴക്കൻചേരിയിൽ ഉണ്ടെന്ന വിവരം ലഭിച്ചു. തുടർന്ന് നടത്തിയ നീക്കത്തിലാണ് പ്രതി കുടുങ്ങിയത്.വിശദമായ ചോദ്യം ചെയ്യലിൽ യുവതി കുറ്റം സമ്മതിച്ചു. സമാന രീതിയിലുള്ള കുറ്റകൃത്യം പ്രതി നടത്തിയിട്ടുണ്ടോ എന്നതും, പണത്തിന്റെ ക്രയവിക്രയം സംബന്ധിച്ചും കൂടുതൽ പ്രതികളുണ്ടോ എന്നതിനെപ്പറ്റിയും വിശദമായ അന്വേഷണം നടക്കുകയാണ്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. എസ് ഐ അനൂപ് സുജിത്, ഷെബി എം എ എന്നിവർ അന്വേഷണത്തിൽ പങ്കെടുത്തു.
ശ്രീലാല് വാസുദേവന് മറുനാടന്‍ മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്