- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അടിവസ്ത്രത്തുനുള്ളിൽ വിദഗ്ധമായി തുന്നിച്ചേർത്ത് ഒളിപ്പിച്ചത് ഒരു കോടിയുടെ സ്വർണ മിശ്രിതം; കരിപ്പൂരിൽ കസ്റ്റംസിനെ വെട്ടിച്ച് സ്വർണം കടത്തിയ 19കാരിയെ പുറത്തുവെച്ച് പൊലീസ് പിടികൂടി; ചോദ്യം ചെയ്യലിലും സമർത്ഥമായി പ്രതിരോധിച്ചു കാസർഗോട്ടുകാരി ഷഹല; ദേഹപരിശോധനയിൽ കള്ളം പൊളിഞ്ഞു
മലപ്പുറം: അടിവസ്ത്രത്തുനുള്ളിൽ വിദഗ്ധമായി തുന്നിച്ചേർത്ത് ഒളിപ്പിച്ചത് ഒരു കോടിയുടെ സ്വർണ മിശ്രിതം. കരിപ്പൂരിൽ കസ്റ്റംസിനെ വെട്ടിച്ച് സ്വർണം കടത്തിയ 19കാരിയെ പുറത്തുവെച്ച് പൊലീസ് പിടികൂടി. കരിപ്പൂർ വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച ഒരു കോടി രൂപയുടെ സ്വർണ്ണവുമായി കാസർഗോഡ് സ്വദേശി ഷഹല (19) ആണ് പിടിയിലായത്.
ദുബായിൽ നിന്നും കരിപ്പൂർ വിമാനത്താവളം വഴി കൊണ്ടുവന്ന 1884 ഗ്രാം 24 ക്യാരറ്റ് സ്വർണ്ണമാണ് എയർപോർട്ടിന് പുറത്ത് വെച്ച് പൊലീസ് പിടികൂടിയത്. സ്വർണം മിശ്രിത രൂപത്തിലാക്കി മൂന്ന് പാക്കറ്റുകളാക്കി വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച് കടത്താനാണ് യുവതി ശ്രമിച്ചത്. അഭ്യന്തര വിപണിയിൽ ഒരു കോടി രൂപ വില വരും സ്വർണ്ണത്തിന്.
ഇന്നലെ രാത്രി 10.20 മണിക്ക് ദുബായിൽ നിന്നെത്തിയ എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനത്തിലാണ് യുവതി കാലികറ്റ് എയർപോർട്ടിലിറങ്ങിയത്. കസ്റ്റംസ് പരിശോധനക്ക് ശേഷം 11 മണിക്ക് വിമാനത്താവളത്തിന് പുറത്തിറങ്ങിയ യുവതിയെ, മലപ്പുറം ജില്ലാ പൊലീസ് മേധാവി എസ്.സുജിത് ദാസിന് ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. കസ്റ്റഡിയിലെടുത്ത യുവതിയെ മണിക്കൂറുകളോളം പൊലീസ് തുടർച്ചയായി ചോദ്യം ചെയ്തെങ്കിലും ആത്മ ധൈര്യം വിടാതെ യുവതി അതിനെയെല്ലാം പ്രതിരോധിച്ചുകൊണ്ടിരുന്നു. താൻ ഗോൾഡ് ക്യാരിയറാണെന്നോ തന്റെ പക്കൽ സ്വർണ്ണമുണ്ടെന്നോ സമ്മതിക്കാൻ യുവതി തയ്യാറായില്ല.
തുടർന്ന് യുവതിയെ ലഗ്ഗേജ് ബോക്സുകൾ ഓപ്പൺ ചെയ്തു വിശദമായി പരിശോധിച്ചിട്ടും സ്വർണം കണ്ടെത്താനായില്ല. ശേഷം യുവതിയുടെ ദേഹപരിശോധനയിലാണ് അടിവസ്ത്രത്തുനുള്ളിൽ വിദഗ്ദക്തമായി തുന്നിച്ചേർത്ത് ഒളിപ്പിച്ച രീതിയിൽ മൂന്ന് പാക്കറ്റുകൾ കണ്ടെത്താനായത്. യുവതിയെ വിശദമായി ചോദ്യം ചെയ്തു വരികയാണ്. സ്വർണ്ണകടത്തിന് പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്.
പിടിച്ചെടുത്ത സ്വർണം കോടതിയിൽ സമർപ്പിക്കും, അതൊടൊപ്പം തുടരന്വേഷണത്തിനായി വിശദമായ റിപ്പോർട്ട് കസ്റ്റംസിനും സമർപ്പിക്കും. കാലിക്കറ്റ് എയർപോർട്ടിന് പുറത്ത് വെച്ച് പൊലീസ് പിടികൂടുന്ന 87-ാമത്തെ സ്വർണ്ണക്കടത്ത് കേസാണിത്.