ബെംഗളൂരു: നഗരത്തിലെ ഫ്‌ളാറ്റിൽ അഴുകിയനിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി. ചന്ദാപുരയിലെ ഫ്‌ളാറ്റിനുള്ളിലാണ് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് സമീപത്തുനിന്നായി സിറിഞ്ചും മയക്കുമരുന്നും കണ്ടെടുത്തിട്ടുണ്ട്. മരിച്ച യുവതി ബംഗാൾ സ്വദേശിയാണെന്നാണ് പൊലീസിന്റെ പ്രാഥമിക കണ്ടെത്തൽ. ഒഢീഷ സ്വദേശിയായ ആൾ വാടകക്കെടുത്ത യുവതിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

ഏകദേശം 25 വയസ്സ് പ്രായം തോന്നിക്കുന്ന യുവതിയുടെ കൂടുതൽവിവരങ്ങൾ ലഭ്യമായിട്ടില്ല. അതേസമയം, മരണം സംഭവിക്കുന്നതിന് മുൻപ് യുവതി ലൈംഗികപീഡനത്തിന് ഇരയായെന്നും സംശയമുണ്ട്. അഴുകിയ നിലയിലായതിനാൽ മൃതദേഹത്തിൽ മുറിവുകളൊന്നും കണ്ടെത്താനായില്ലെന്നും പൊലീസ് പറഞ്ഞു. സോഫ്റ്റ് വെയർ എൻജിനീയറായ സങ്കേത് ഗുപ്തയുടെ ഉടമസ്ഥതയിലുള്ള ഫ്‌ളാറ്റിലാണ് തിങ്കളാഴ്ച രാവിലെ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. അപ്പാർട്ട്‌മെന്റ് കെട്ടിടത്തിലെ താഴത്തെനിലയിലാണ് സങ്കേത് ഗുപ്ത കുടുംബസമേതം താമസിക്കുന്നത്. മുകളിലെ ഫ്‌ളാറ്റുകളെല്ലാം ഇദ്ദേഹം വാടകയ്ക്ക് നൽകിയിരിക്കുകയാണ്.

കഴിഞ്ഞ ഡിസംബറിൽ ഒഡീഷ സ്വദേശിയായ സഫാൻ എന്നയാൾക്ക് വാടകയ്ക്ക് നൽകിയ ഫ്‌ളാറ്റിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. അതേസമയം, ഇയാളെക്കുറിച്ചോ ദിവസങ്ങൾക്ക് മുൻപ് യുവതിയുടെ കൂടെയുണ്ടായിരുന്ന 40-കാരനെ സംബന്ധിച്ചോ വിവരങ്ങൾ ലഭ്യമല്ലെന്നാണ് റിപ്പോർട്ട്.

കഴിഞ്ഞ ഡിസംബറിലാണ് 9800 രൂപയ്ക്ക് സഫാൻ ഫ്‌ളാറ്റ് വാടകയ്‌ക്കെടുത്തത്. തുടർന്ന് ഏതാനും ദിവസങ്ങൾ ഇയാളെ ഫ്‌ളാറ്റിൽ കണ്ടില്ല. പിന്നീട് ജനുവരി പത്താം തീയതി ഇയാൾ ഫ്‌ളാറ്റിലെത്തുകയും വാടക നൽകി മടങ്ങുകയും ചെയ്തു. ഭാര്യ നാട്ടിലാണെന്നും ഇവരെ ഉടൻതന്നെ കൂട്ടിക്കൊണ്ടുവരണമെന്നുമാണ് ഇയാൾ ഫ്‌ളാറ്റുടമയോട് പറഞ്ഞിരുന്നത്. എന്നാൽ, ഫെബ്രുവരി 28-ന് ഒരു യുവതിയും 40 വയസ്സ് പ്രായം തോന്നിക്കുന്നയാളും സഫാൻ വാടകയ്‌ക്കെടുത്ത ഫ്‌ളാറ്റിലെത്തി.

ഇതോടെ ഫ്‌ളാറ്റുടമ സഫാനെ വിളിച്ച് കാര്യം തിരക്കി. ഫ്‌ളാറ്റിലുള്ളത് തനിക്ക് പരിചയമുള്ളവരാണെന്നും ഇവർ അച്ഛനും മകളുമാണെന്നും മൂന്നുദിവസത്തിന് ശേഷം മടങ്ങുമെന്നുമായിരുന്നു ഇയാളുടെ മറുപടി. എന്നാൽ, മാർച്ച് പത്താം തീയതി വീട്ടുടമ ഫ്‌ളാറ്റിലെത്തിയപ്പോൾ വാതിൽ തുറന്നനിലയിലായിരുന്നു. പുതപ്പിട്ട് മൂടിയനിലയിൽ യുവതി നിലത്തുകിടക്കുന്നതും ശ്രദ്ധയിൽപ്പെട്ടു. പിറ്റേദിവസം രാവിലെ പരിശോധിച്ചപ്പോഴും യുവതി അതുപോലെ കിടക്കുന്നതാണ് കണ്ടത്.

ഇതോടെ സംശയം തോന്നിയ വീട്ടുടമ അകത്തുകയറി പുതപ്പ് നീക്കിയതോടെയാണ് യുവതി മരിച്ചതായും മൃതദേഹം അഴുകിയ നിലയിലാണെന്നും വ്യക്തമായത്. ദിവസങ്ങളോളം പഴക്കമുണ്ടായിരുന്ന മൃതദേഹത്തിൽ പുഴുവരിച്ചനിലയിലായിരുന്നുവെന്നും വീട്ടുടമ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.

അതേസമയം, ഫ്‌ളാറ്റ് വാടകയ്ക്ക് കൊടുത്തപ്പോൾ സഫാനിൽനിന്ന് തിരിച്ചറിയൽ രേഖകളോ മറ്റുവിവരങ്ങളോ ഉടമ ശേഖരിച്ചിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. ഇയാളുടെ മൊബൈൽ ഫോണിൽ പൊലീസ് ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോൺ സ്വിച്ച് ഓഫായിരുന്നു. ഇയാളുടെ കൂട്ടാളിയുടെ മൊബൈൽഫോണും സ്വിച്ച് ഓഫ് ചെയ്തനിലയിലാണ്. സംഭവത്തിൽ ബെംഗളൂരു എസ്‌പി. മല്ലികാർജുൻ ബൽദാൻന്ദിയുടെ നേതൃത്വത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.