- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാപ്പ ചുമത്തിയ പ്രതിയുടെ വീടിന് നേരെയുണ്ടായ ഗുണ്ടാ ആക്രമണത്തിൽ അമ്മ കൊല്ലപ്പെട്ടു; സൂര്യലാലിന്റെ അമ്മ സുജാത മരിച്ചത് കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയവേ; തലയ്ക്ക് പരിക്കേറ്റ് സുജാത മരിച്ചത് സർജറിക്കിടെ; സൂര്യലാലും സഹോദരൻ ചന്ദ്രലാലും നിരവധി ക്രിമിനൽ കേസുകളിൽ പ്രതികൾ
പത്തനംതിട്ട: പത്തനംതിട്ട ഏനാദിമംഗലത്ത് കാപ്പ ചുമത്തിയ പ്രതിയുടെ വീടിന് നേരെയുണ്ടായ ഗുണ്ടാ ആക്രമണത്തിൽ അമ്മ കൊല്ലപ്പെട്ടു. ഒഴിവുപാറ സ്വദേശി സൂര്യലാലിന്റെ വീടിന് നേരെയാണ് കഴിഞ്ഞ ദിവസം ആക്രമണമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ അമ്മ സുജാത ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ഇന്നലെ അർധരാത്രിയിലാണ് സൂര്യലാലിന്റെ വീടിന് നേരെ ആക്രമണമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ സുജാതയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെ്ങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവം നടക്കുമ്പോൾ സുജാത മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. സൂര്യലാലും സഹോദരൻ ചന്ദ്രലാലും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്. ഇവരുമായി വൈരാഗ്യമുള്ളവരാണ് അക്രമണത്തിന് പിന്നിലെന്നാണ് നിഗമനം. വസ്തു തർക്കത്തെ തുടർന്ന് ഗുണ്ടകളായ സഹോദരന്മാർ വീടു കയറി ആക്രമിച്ചതിന്റെ പ്രതികാരമായാണ് ആക്രമണം ഉണ്ടായത്. ഈ തിരിച്ചടിയിലാണ് ഗുണ്ടകളുടെ മാതാവിന് വെട്ടേറ്റ് ഗുരുതരപരുക്കേറ്റത്. വീട് തകർക്കുകയും ഉപകരണങ്ങൾ വാരി കിണറ്റിലിടുകയും ചെയ്തു.
കുറുമ്പകര മുളയങ്കോട് ശനിയാഴ്ച രാത്രി എട്ടു മണിക്കാണ് അക്രമ സംഭവങ്ങളുടെ തുടക്കം. ശരൺ, സന്ധ്യ എന്നീ അയൽവാസികൾ തമ്മിൽ വസ്തു സംബന്ധമായ തർക്കം നിലനിന്നിരുന്നു. സന്ധ്യയുടെ ബന്ധുവായ അനിയും ഇയാളുടെ സുഹൃത്തുക്കളും ഗുണ്ടകളുമായ മാരൂർ ഒഴുകുപാറ സ്വദേശി സൂര്യലാൽ, അനിയൻ ചന്ദ്രലാൽ എന്നിവർ ചേർന്ന് ശരണിനെയും ബന്ധുക്കളെയും വീട് കയറി ആക്രമിച്ചു.
ആക്രമിക്കപ്പെട്ട ശരണും സംഘവും ഞായറാഴ്ച രാത്രി 11 മണിയോടെ സൂര്യലാലിന്റെ വീട് കയറി ആക്രമിച്ചു. കാപ്പാക്കേസ് പ്രതിയാണ് സൂര്യലാൽ. ഇയാളുടെ മാതാവ് സുജാതയ്ക്ക് വെട്ടേറ്റ് ഗുരുതരപരുക്കേറ്റിരുന്നു. ഇവർക്ക് തലയ്ക്കും പരിക്കേറ്റിരുന്നു. ഇവർക്ക് സർജറിക്കിടെ ഹൃദയാഘാതം സംഭവിച്ചാണ് മരിച്ചത്. അടൂർ പൊലീസ് സ്റ്റേഷൻ അതിർത്തിയിലാണ് ഈ പ്രദേശം. ആദ്യം ആക്രമിക്കപ്പെട്ട ശരണിന്റെ വീട് ഏനാത്ത് പൊലീസ് സ്റ്റേഷൻ അതിർത്തിയിലാണ്. മാരൂർ പ്രദേശത്ത് ക്രിമിനൽ പശ്ചാത്തലമുള്ള നിരവധി പേർ താമസിക്കുന്നുണ്ട്. കഞ്ചാവ് വിൽപ്പനയും സാമൂഹിക വിരുദ്ധ പ്രവർത്തനവും ഇവിടെ പതിവാണ്. സൂര്യലാലിനെതിരേ അടൂർ പൊലീസ് കാപ്പ ചുമത്തിയിരുന്നു.
മറുനാടന് മലയാളി ബ്യൂറോ