ബെംഗളൂരു: ഉറ്റവരെ കൊല്ലാൻ ക്വട്ടേഷൻ കൊടുക്കാൻ മടിക്കാത്ത കാലമാണ്. കാശ് കിട്ടിയാൽ എന്തും ചെയ്യാൻ തയ്യാറായി ക്വട്ടേഷൻ ടീമുകളും. എന്നാൽ, ബംഗളൂരുവിൽ ഒരു യുവതിക്ക് ഭർത്താവിന് എതിരെ ക്വട്ടേഷൻ കൊടുത്ത് പണി കിട്ടി.

26 കാരിയായ യുവതി മറ്റൊരാളുമായി ഇഷ്ടത്തിലായിരുന്നു. പീന്യക്കടുത്ത് കാബ് ഡ്രൈവറായ നവീൻ കുമാറിനെയാണ് ഇവർ വിവാഹം കഴിച്ചിരുന്നത്. കാമുകനായ ഹിമവന്ത് കുമാറുമായി ചേർന്നാണ് അനുപല്ലവി ഭർത്താവിനെ വകവരുത്താൻ ക്വട്ടേഷനുള്ള ഗൂഢാലോചന നടത്തിയത്. മൂന്നുപേരെയാണ് ഇതിനായി ഏർപ്പാടാക്കിയത്. ഹരീഷ്, നാഗരാജു, മുകിലൻ എന്നിവർക്ക് രണ്ടുലക്ഷമാണ് വാഗ്ദാനം ചെയ്തത്. മൂന്നുപേർക്കുമായി 90,000 രൂപ അഡ്വാൻസ് നൽകി. നവീൻ കുമാറിനെ കൊലപ്പെടുത്തിയ ശേഷം ബാക്കി തുക നൽകാമെന്നായിരുന്നു ധാരണ.

ജൂലൈ 23 ന് ഹരീഷും കുട്ടാളികളും നവീൻ കുമാറിനെ തട്ടിയെടുത്ത് തമിഴ്‌നാട്ടിലേക്ക് കൊണ്ടുപോയി. എന്നാൽ, മൂവർക്കും ആളെ കൊല്ലാനുള്ള ധൈര്യമുണ്ടായില്ല എന്നതാണ് ട്വിസ്റ്റായത്. മൂവരും നവീൻ കുമാറുമായി സൗഹൃദത്തിലായി. മദ്യപാനവും മറ്റുമായി അടിച്ചുപൊളിച്ചു.

പണി പൂർത്തിയാക്കിയോ എന്നറിയാൻ അനുപല്ലവിയും ഹിമവന്ത കുമാറും വിളിച്ചപ്പോൾ, ക്വട്ടേഷൻ ടീം ഒരു ബുദ്ധി പ്രയോഗിച്ചു. നവീൻ കുമാറിന്റെ ദേഹമാസകലം, ടൊമാറ്റോ കെച്ചപ്പ് ഒഴിച്ച് പടമെടുത്ത് ഇരുവർക്കും അയച്ചുകൊടുത്തു. ഫോട്ടോകൾ കണ്ടപാടെ, ഹിമവന്ത് കുമാർ ആകെ വിരണ്ടു. ഇയാൾ ആത്മഹത്യ ചെയ്തുവെന്ന് ഇന്ത്യൻ എക്സ്‌പ്രസ് റിപ്പോർട്ട് ചെയ്യുന്നു.

അതിനിടെ, നവീൻ കുമാറിന്റെ സഹോദരി സഹോദരനെ കാണാതായെന്ന് കാട്ടി ഓഗസറ്റ് രണ്ടിന് പൊലീസിൽ പരാതി നൽകിയിരുന്നു. എല്ലാവരെയും അദ്ഭുതപ്പെടുത്തി കൊണ്ട് ഓഗസ്റ്റ് ആറിന് നവീൻ തനിയെ തിരിച്ചെത്തി. സംഭവിച്ചതെല്ലാം പൊലീസിനോട് പറഞ്ഞു. അനുപല്ലവിയുടെയും, ഹിമവന്ത്കുമാറിന്റെയും ഫോണുകൾ പരിശോധിച്ചപ്പോൾ യുവതിയുടെ അമ്മ് അമ്മൂജമ്മയ്ക്കും ക്വട്ടേഷനിൽ പങ്കുണ്ടെന്ന് വ്യക്തമായി. ഇതോടെ, മകളയെും അമ്മയെയും അറസ്റ്റ് ചെയ്തു.