കോഴിക്കോട്: ഒൻപത് മാസം പ്രായമുള്ള കുഞ്ഞിനെയും കൊണ്ട് യുവതി ട്രെയിനിനു മുന്നിൽ ചാടി ആത്മഹത്യ ചെയ്ത സംഭവത്തിൽ വീട്ടുകാർക്കും പൊലീസിനുമെതിരെ ആരോപണവുമായി ഭർത്താവ്. യുവതിയെ ആത്മഹത്യയിലേക്ക് തള്ളിവിട്ടത് തന്റെ വീട്ടുകാർ തന്നെയാണെന്നാണ് ഭർത്താവ് ആരോപിക്കുന്നത്. സംഭവത്തിൽ പരാതി നൽകിയിട്ടും പൊലീസ് അന്വേഷണം എങ്ങുമെത്തിയില്ലെന്നാണ് ആരോപണം.

കൊയിലാണ്ടി കൊല്ലം സിൽക്ക് ബസാറിൽ കൊല്ലംവളപ്പിൽ സുരേഷിന്റെ ഭാര്യ പ്രവിതയും മകൾ അനുഷ്‌കയുമാണ് ആത്മഹത്യ ചെയ്തത്. തന്റെ ബന്ധുക്കളുടെ പീഡനമാണ് ഭാര്യ മരിക്കാൻ കാരണമെന്ന് പ്രവിതയുടെ ഭർത്താവ് ആരോപിച്ചു. സംഭവത്തിലെ കുറ്റക്കാരെ കണ്ടെത്തണം എന്നാവശ്യപ്പെട്ടു പ്രദേശത്ത് ആക്ഷൻ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.

ഭർത്താവിന്റെ അമ്മയുടെ പെൻഷൻ പണമായ 3 ലക്ഷം രൂപ മോഷ്ടിച്ചു എന്നാരോപിച്ചായിരുന്നു ബന്ധുക്കൾ പ്രവിതയെ പീഡിപ്പിച്ചിരുന്നത്. ഭർതൃമാതാവ് മരിച്ച ശേഷം അവരുടെ പണം ആവശ്യപ്പെട്ടു ബന്ധുക്കൾ പ്രവിതയെ മാനസികമായി പീഡിപ്പിച്ചിരുന്നു. തന്റെ സഹോദരിയും സഹോദരനും സഹോദരി പുത്രനും ഭാര്യയെ മാനസികമായി പീഡിപ്പിച്ചെന്ന് ഭർത്താവ് സുരേഷ് ആരോപിച്ചു. പ്രവിതയുടെ മരണ ശേഷം സഹോദരി മുറിയിൽ കയറി ആത്മഹത്യ കുറിപ്പ് നശിപ്പിച്ചെന്നും സുരേഷ് പറഞ്ഞു.

നാടിനെ നടുക്കിയ ഈ സംഭവത്തിൽ കുറ്റക്കാരെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് പ്രദേശത്ത് നാട്ടുകാർ ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു. കൊയിലാണ്ടി പൊലീസ് ശക്തമായ നടപടി സ്വീകരിച്ചില്ലെങ്കിൽ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകും. കഴിഞ്ഞ മാസം 30നായിരുന്നു പ്രവിത മകളെയും കൊണ്ട് ട്രെയിനിനു മുന്നിൽ ചാടി മരിച്ചത്. കുഞ്ഞിനെയും കൊണ്ട് ഭർത്താവിന്റെ വീട്ടിൽ നിന്ന് ഇറങ്ങുന്ന കണ്ട ബന്ധുക്കളും പ്രവിതയെ തടഞ്ഞില്ല.

ഭർത്താവിന്റെ ജ്യേഷ്ഠന് നൽകാനായി അമ്മ തന്നെയാണ് ബാങ്കിൽ നിന്ന് പണം പിൻവലിച്ചതെന്നും പ്രവിത സഹോദരനോട് പറഞ്ഞിരുന്നു. അതിന്റെ തെളിവ് ബാങ്കിൽ നിന്നു ലഭിക്കുമായിരുന്നെന്നും അതന്വേഷിക്കാതെയാണ് പ്രവിതയെ ഭർത്താവിന്റെ ബന്ധുക്കൾ പീഡിപ്പിച്ചതെന്നുമാണ് ആരോപണം.