ന്യൂഡല്‍ഹി: വിവാഹ വാഗ്ദാനം നല്‍കി അഞ്ച് വര്‍ഷം ശാരിരികമായും സാമ്പത്തികമായും ചൂഷണം ചെയ്തുവെന്ന യുവതിയുടെ പരാതിയില്‍ ഐപിഎല്‍ ടീം റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു പേസര്‍ യാഷ് ദയാലിനെതിരേ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് പോലീസ്. ഭാരതീയ ന്യായ സംഹിതയിലെ 69-ാം വകുപ്പ് പ്രകാരമുള്ള കുറ്റമാണ് താരത്തിനെതിരേ ചുമത്തിയിട്ടുള്ളത്. യാഷ് ദയാലുമായി അഞ്ചു വര്‍ഷത്തോളമായി അടുത്ത ബന്ധമുണ്ടെന്നും അയാള്‍ തന്നെ മാനസികമായും ശാരീരികമായും ചൂഷണം ചെയ്തെന്നുമാണ് പരാതിയില്‍ പറഞ്ഞിരുന്നത്. ഗാസിയാബാദ് സ്വദേശിനിയായ യുവതി നല്‍കിയ പരാതിയെ തുടര്‍ന്ന് പോലീസ് പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. ഇതിന് പിന്നാലെ ഇന്ദിരാപുരം പോലീസ് സ്റ്റേഷനില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.

മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഓണ്‍ലൈന്‍ പരാതി പരിഹാര പോര്‍ട്ടലിലാണ് യുവതി പരാതിനല്‍കിയത്. വിവിധ ആവശ്യങ്ങള്‍ പറഞ്ഞ് ഇയാള്‍ പലപ്പോഴായി പണം വാങ്ങിയിട്ടുണ്ടെന്നും നിരവധി പെണ്‍കുട്ടികളെ ഇത്തരത്തില്‍ കബളിപ്പിച്ചിട്ടുണ്ടെന്നും യുവതി ആരോപിച്ചു. ഇക്കാര്യങ്ങള്‍ സാധൂകരിക്കുന്ന ചാറ്റുകളുടെ സ്‌ക്രീന്‍ഷോട്ടുകള്‍, വിഡിയോ കോള്‍ രേഖകള്‍, ഫോട്ടോകള്‍ എന്നിവ തെളിവായി തന്റെ പക്കലുണ്ടെന്നും പരാതിയിലുണ്ട്.

മരുമകളെന്ന് പറഞ്ഞാണ് കുടുംബം പരിചയപ്പെടുത്തിയത്. ഭര്‍ത്താവിനെ പോലെയായിരുന്നു യാഷിന്റെ പെരുമാറ്റം. അങ്ങനെയാണ് താന്‍ അദ്ദേഹത്തെ വിശ്വസിച്ചത്. കബളിപ്പിക്കുകയാണെന്ന് മനസിലാക്കി പ്രതികരിച്ചപ്പോള്‍ യാഷ് ദയാല്‍ മര്‍ദിച്ചതായും പരാതിയിലുണ്ട്. തന്നെ ശാരീരികവും മാനസികവുമായി ദയാല്‍ പീഡിപ്പിച്ചുവെന്നും യുവതി പറയുന്നു. താനുമായി ബന്ധത്തിലായിരുന്ന സമയത്ത് ദയാലിന് മറ്റ് സ്ത്രീകളുമായും ബന്ധമുണ്ടായിരുന്നുവെന്നും യുവതി ആരോപിച്ചു.

പരാതി അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഗാസിയാബാദിലെ ഇന്ദിരാപുരം പോലീസിനോട് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഓഫീസ് ആവശ്യപ്പെട്ടിട്ടിരുന്നു. 2025 ജൂണ്‍ 14-ന് വനിതാ ഹെല്‍പ്പ് ലൈനിലും പെണ്‍കുട്ടി പരാതി നല്‍കിയിരുന്നു. പക്ഷേ, ആ പരാതി മുന്നോട്ടുപോയില്ല. ഇതോടെയാണ് മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെടാന്‍ യുവതി തീരുമാനിച്ചത്. ഇത്തവണ ഐപിഎല്‍ കിരീടം നേടിയ ആര്‍സിബിക്കായി 15 മത്സരങ്ങളില്‍ കളത്തിലിറങ്ങിയ താരമാണ് യാഷ് ദയാല്‍.