തിരുവനന്തപുരം: സ്ത്രീധന പീഡനങ്ങൾ പതിവാകുന്ന കാലത്ത് വർക്കല സ്വദേശിനിയായ യുവതി വിദേശത്ത് മരിച്ചതും വിവാദത്തിൽ. വർക്കല സ്വദേശിയായ യുവതിയെ ഷാർജയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിലാണ് ദുരൂഹത ഉയർന്നത്. യുവതിയെ ഭർത്താവ് മർദ്ദിച്ചിരുന്നു എന്ന സംശയം ഉയർന്നതോടെ മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ പരാതി നൽകി.

വർക്കല ഓടയം സ്വദേശിനി യാസ്‌നയാണ് മരിച്ചത്. ഇവരുടെ മൃതദേഹം നാട്ടിൽ എത്തിച്ചപ്പോൾ യുവതിയുടെ ശരീരമാസകലം മർദനമേറ്റ പാടുകൾ കണ്ടെത്തിയിരുന്നു. ഇതോടെയാണ് ബന്ധുക്കളിൽ സംശയം ഉണ്ടായത്. മരണത്തിലെ ദുരൂഹത അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കൾ പൊലിസീൽ പരാതി നൽകി.

യാസ്‌നയും ഭർത്താവും അഞ്ചര വയസുള്ള കുഞ്ഞും ഷാർജയിലായിരുന്നു താമസം. മാർച്ച് 23 നാണ് യാസ്‌നയെ ഷാർജയിലെ വീട്ടിലെ കുളിമുറിക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഉടൻ ഭർത്താവ് ഷംനാദ് ഷാർജ പൊലീസിനെ വിവരമറിയിച്ചു. വിവരമറിഞ്ഞ് ബന്ധുക്കളും ഷാർജയിലെത്തി. നടപടി ക്രമങ്ങൾ പൂർത്തിയാക്കി ഇന്ന് മൃതദേഹം നാട്ടിലെത്തിച്ചു.

യുവതിയുടെ ശരീരത്തിൽ മർദനമേറ്റ പാടുകൾ കണ്ടെത്തിയതോടെ നാട്ടിലെത്തിച്ച ശേഷം ബന്ധുക്കൾ പോസ്റ്റ്‌മോർട്ടം ആവശ്യപ്പെട്ടു. മൃതദേഹത്തിനൊപ്പം നാട്ടിലേക്ക് വരാൻ ഷംനാദ് തയാറാകാത്തതും ബന്ധുക്കളിൽ സംശയം വർധിപ്പിച്ചു. നാട്ടിലെത്തിയാൽ പൊലീസ് പിടികൂടൂമെന്ന് ഭയന്നാണ് ഭർത്താവ് മുങ്ങിയെന്നാണ് ആരോപണം.

അതേസമയം യാസ്‌നയുടെത് ആത്മഹത്യയാണെന്ന് ഷാർജ പൊലീസ് പറയുന്നു. നാട്ടിലെത്തിച്ച മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം സംസ്‌കരിച്ചു. മരണത്തിലെ ദുരൂഹത അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് യുവതിയുടെ ബന്ധുക്കൾ വർക്കല അയിരൂർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.