തിരുവനന്തപുരം: നവകേരള സദയിലെ സർക്കാർ വിരുദ്ധ പ്രതിഷേധം യൂത്ത് കോൺഗ്രസിന് തിരിച്ചടിയായോ? മുഖ്യമന്ത്രി പിണറായി വിജയനെ കരിങ്കൊടി കാട്ടിയതിന് അതിരൂക്ഷ മർദ്ദനമാണ് കണ്ണൂരിൽ യൂത്ത് കോൺഗ്രസിനുണ്ടായത്. ഇതുമായി ബന്ധപ്പെട്ട വെല്ലുവിളികൾ തുടരുന്നു. ഇതിനിടെ യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിൽ വ്യാജ തിരിച്ചറിയൽ കാർഡുകൾ വ്യാപകമായി നിർമ്മിച്ചെന്ന് ആക്ഷേപം കേരളാ പൊലീസും ആയുധമാക്കുന്നു. പലതരം സോഫ്റ്റ് വേറുകൾ കാർഡ് നിർമ്മാണത്തിന് ഉപയോഗിച്ചിട്ടുണ്ടെന്ന് സൈബർഡോമും സൈബർ പൊലീസും നടത്തിയ പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. സൈബർ ഓപ്പറേഷൻസ് വിഭാഗം ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ട്.

വ്യാജ തിരിച്ചറിയിൽ കാർഡുകളുണ്ടാക്കിയെന്ന് തന്നെയാണ് അന്വേഷണ സംഘത്തിന്റെ പ്രഥാമിക കണ്ടെത്തൽ. ഇതുമായി ബന്ധപ്പെട്ട് അടൂർ ഏഴംകുളം സ്വദേശികളായ മൂന്നുപേരെ മ്യൂസിയം പൊലീസ് കസ്റ്റഡിയിലെടുത്തു. അഭി വിക്രമൻ, ഫെനി, ബിനിൽ ബിനു എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. അഭി വിക്രമന്റെ വീട്ടിൽ നിന്നാണ് കഴിഞ്ഞ ദിവസം പൊലീസ് ലാപ്ടോപ് പിടിച്ചെടുത്തത്. കസ്റ്റഡിയിലുള്ളവരെല്ലാം കോൺഗ്രസിലെ എ ഗ്രൂപ്പിൽ നിന്നുള്ളവരാണ്. എ ഗ്രൂപ്പിലെ ഭിന്നതകൾ പരമാവധി ഉപയോഗപ്പെടുത്തിയാണ് പൊലീസ് അന്വഷണം. യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെ ലക്ഷ്യമിട്ടാണ് നീക്കം. ഇത് എ ഗ്രൂപ്പിൽ വലിയ ചർച്ചയാകുന്നുണ്ട്. എ ഗ്രൂപ്പിലെ ഭിന്നതകളാണ് തെളിവുകൾ പുറത്തു പോകാൻ കാരണമെന്ന വിലയിരുത്തലും സജീവമാണ്. കെപിസിസി നേതൃത്വവും പ്രതിരോധത്തിന് എത്തുന്നില്ല.

പാലക്കാട്ടെ ഒരു എംഎൽഎയ്‌ക്കെതിരെയായിരുന്നു ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രൻ ആരോപണം ഉന്നയിച്ചത്. ഇതിന് പിന്നാലെ പരാതിയുമായി ഡിവൈഎഫ് ഐയും എത്തി. പൊലീസിന് സുരേന്ദ്രൻ തെളിവും നൽകി. ഇതോടെയാണ് അന്വേഷണം എത്തുന്നത്. എന്നാൽ പൊലീസ് പരിശോധനകൾ എത്തുന്നത് രാഹുൽ മാങ്കൂട്ടത്തിലിന്റെ വിശ്വസ്തരിലേക്കാണ്. പാലക്കാട്ടേക്കും മലപ്പുറത്തേക്കും അന്വേഷണം വ്യാപിപ്പിക്കും. എല്ലാ ജില്ലകളിലും തട്ടിപ്പു നടത്തിയെന്നാണ് കണ്ടെത്തൽ. യൂത്ത് കോൺഗ്രസ് സംവിധാനത്തെ പ്രതിരോധത്തിലാക്കാൻ ഈ ആരോപണം സർക്കാരും ഉപയോഗിച്ചേക്കും. അന്വേഷണം സിബിഐയ്ക്ക് വിടുന്നതും പരിഗണനയിലുണ്ട്. എന്നാൽ സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യം പരിഗണിച്ച് തൽകാലം അതുണ്ടാകില്ല. പരമാവധി യൂത്ത് കോൺഗ്രസുകാരെ പൊലീസ് കസ്റ്റഡിയിൽ എടുക്കും. മൊഴി കിട്ടിയാൽ പ്രധാന നേതാക്കളേയും അറസ്റ്റു ചെയ്യും.

പല ജില്ലകളിലും വ്യത്യസ്തരീതിയിലാണ് വ്യാജ കാർഡുകൾ നിർമ്മിച്ചിട്ടുള്ളതെന്നാണ് പൊലീസിന്റെ നിഗമനം. കാർഡുകളുടെ സോഫ്റ്റ് പകർപ്പ് നിർമ്മിച്ച് യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പ് നടത്തുന്ന സോഫ്റ്റ് വേറിൽ അപ്ലോഡ് ചെയ്താണ് തട്ടിപ്പുനടത്തിയത്. കാസർകോട് ജില്ലയിൽ ഒരു മൊബൈൽ സോഫ്റ്റ് വേർ ഉപയോഗിച്ചാണ് വ്യാജ കാർഡുകൾ നിർമ്മിച്ചത്. അതേസമയം പത്തനംതിട്ട ജില്ലയിൽ ഫോട്ടോഷോപ്പ് സോഫ്റ്റ് വേറും ഒരു മൊബൈൽ സോഫ്റ്റ് വേറും ഉപയോഗിച്ച് വ്യാജ കാർഡുകൾ നിർമ്മിച്ചിട്ടുണ്ട്. ഈ വിവരങ്ങളെല്ലാം പൊലീസിന് കോൺഗ്രസിൽ നിന്നാണ് കിട്ടിയത്. പ്രതിപക്ഷ നേതാവ് വിഡി സതീശനെ ലക്ഷ്യമിടുന്നവരാണ് ഇതിന് പിന്നിലെന്നാണ് കോൺഗ്രസിനുള്ളിലെ വികാരം.

രാഹുൽ മാങ്കൂട്ടത്തിലിന്റെ മണ്ഡലമായ അടൂരിലെ രണ്ട് പ്രാദേശിക നേതാക്കളുടെ ലാപ്ടോപ്പും മൊബൈൽ ഫോണും അന്വേഷണ സംഘം പിടിച്ചെടുത്തിരുന്നു. അടൂർ ഏഴംകുളം സ്വദേശികളുടെ വീടുകളിലാണ് പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തിയത്. വ്യാജ കാർഡുകൾ നിർമ്മിക്കാൻ ഉപയോഗിച്ചു എന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് ഉപകരണങ്ങൾ പിടിച്ചെടുത്തത്. വ്യാജ കാർഡുകൾ നിർമ്മിക്കാനായി സാമൂഹികമാധ്യമ ഗ്രൂപ്പുകളും നേതാക്കൾ ആരംഭിച്ചിരുന്നു. ഇതെല്ലാം പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഈ ഗ്രൂപ്പുകളെല്ലാം പരിശോധിച്ച് അന്തിമ നിഗമനത്തിലേക്ക് പൊലീസ് എത്തും. ആവശ്യമെങ്കിൽ മാത്രമേ കേസ് സിബിഐയ്ക്ക് വിടൂ.

വിവധ ഗ്രൂപ്പുകളിൽ വരുന്ന ആപ്പുകളുടെ ലിങ്കുകൾ ഡൗൺലോഡ് ചെയ്ത് പ്രാദേശികമായി കാർഡുകൾ നിർമ്മിക്കുകയായിരുന്നു. കാർഡുകൾ നിർമ്മിക്കാനും ഇതുപയോഗിച്ച് വോട്ട് രേഖപ്പെടുത്താനും പ്രത്യേകം സംഘങ്ങളെ ചുമതലപ്പെടുത്തിയിരുന്നതിന്റെ വിവരങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഇതെല്ലാം കോൺഗ്രസിൽ നിന്നു തന്നെ ചോർന്ന് കിട്ടിയതാണ്. യൂത്ത് കോൺഗ്രസിനായി തിരഞ്ഞെടുപ്പ് നടത്തിയ കമ്പനിയോട് സെർവറിലെ വിവരങ്ങൾ ഹാജരാക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. ഈ വിവരങ്ങൾ പരിശോധിച്ചാലേ വ്യാജ കാർഡ് നിർമ്മാണത്തിന്റെ വ്യാപ്തി അറിയാനാവൂ. ഈ വിവരങ്ങൾ കൈമാറുമോ എന്നതും നിർണ്ണായകമാണ്. ഈ വിവരങ്ങൾ പുറത്തു വന്നാൽ തിരഞ്ഞെടുപ്പിലെ എല്ലാ അസ്വാഭാവികതകളും പുറത്തു വരും.

സംഭവത്തിൽ യൂത്ത് കോൺഗ്രസ് നേതൃത്വത്തിനും പൊലീസ് നോട്ടീസ് നൽകിയിട്ടുണ്ട്. നേതാക്കളെ വിളിച്ചുവരുത്തി ചോദ്യംചെയ്യാനുള്ള നടപടികളും അന്വേഷണസംഘം ആരംഭിച്ചിട്ടുണ്ട്.