ലഖ്നൗ: ഒരു വര്‍ഷം പഴക്കമുള്ള കൊലപാതകത്തില്‍ വിവാഹമോചിതനായ ഭര്‍ത്താവും കുടുംബവും പിടിയിലാകുന്നു. ഇവര്‍ അറസ്റ്റിലായതിന് ശേഷം കേസ് ആരോപണം ഉന്നയിച്ചവര്‍ക്ക് നേരെ തിരിച്ച് വിടുന്നു. തുടര്‍ന്ന് അവര്‍ ജയില്‍ മോചിതരാകുന്നു. ഒരു വര്‍ഷത്തിന് ശേഷം പ്രതികള്‍ പുറത്തിറങ്ങിയതോടെ അഞ്ജലി ഗാര്‍ഗിന്റെ കൊലപാതക കേസില്‍ നടന്നത് വന്‍ ട്വസ്റ്റ്.

ക്വട്ടേഷന്‍ സംഘം പോലീസിന് നല്‍കിയ മൊഴിയില്‍ കൊലയ്ക്ക് കാരണം യുവതിയുടെ മുന്‍ ഭാര്‍ത്താവും കുടുംബവും തന്നെയെന്ന് പറയുന്നു. ക്വട്ടേഷന്‍ സംഘവുമായി പറഞ്ഞുറപ്പിച്ച പണം നല്‍കിയില്ലെന്ന പരാതിയുമായി വാടകക്കൊലയാളി പോലീസ് സ്റ്റേഷനില്‍ എത്തിയതോടെയാണ് യഥാര്‍ത്ഥ കൊലപാതികള്‍ മുന്‍ ഭര്‍ത്താവും കുടുംബവും തന്നെയെന്ന് ക്വട്ടേഷന്‍ സംഗം ഒറ്റിക്കൊടുത്തത്.

ഉത്തര്‍പ്രദേശിലെ മീററ്റിലാണ് സംഭവം. ജാമ്യത്തിലിറങ്ങിയ വാടകക്കൊലയാളി പോലീസിനെ സമീപിച്ചതിനെ തുടര്‍ന്ന് ഒരു വര്‍ഷം പഴക്കമുള്ള കൊലപാതകത്തിന്റെ മറ്റൊരു മുഖമാണ് ചുരുളഴിഞ്ഞത്. ചെയ്ത ജോലിക്ക് പണം ലഭിക്കാതെയായതോടയാണ് നീരജ് ശര്‍മ്മയെന്ന വാടക കൊലയാളി പോലീസിനെ സമീപിച്ചത്. അഞ്ജലി ഗാര്‍ഗിയെന്ന അഭിഭാഷകയെ കൊലപ്പെടുത്താന്‍ ആസൂത്രകര്‍ കരാര്‍ കൊലയാളിയായ നീരജ് ശര്‍മ്മയ്ക്ക് 20 ലക്ഷം രൂപ വാഗ്ദാനം ചെയ്തിരുന്നെങ്കിലും ഇയാള്‍ക്ക് നല്‍കിയില്ലെന്നാണ് പോലീസ് വിശദീകരണം.

മീററ്റിലെ ഉമേഷ് വിഹാര്‍ കോളനിയില്‍ താമസിക്കുന്ന അഞ്ജലിയെന്ന യുവതി വീട്ടിലേക്ക് മടങ്ങവേ രണ്ട് പേര്‍ ചേര്‍ന്ന് വെടിവച്ചു കൊല്ലുകയായിരുന്നു. ടിപി നഗര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ 2023 ജൂണ്‍ 7-നാണ് സംഭവം. വസ്തു തര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്ന യുവതിയുടെ മുന്‍ഭര്‍ത്താവിനെയും കുടുംബത്തെയും പോലീസ് കേസിന്റെ പ്രാരംഭഘട്ടത്തില്‍ കസ്റ്റഡിയിലെടുത്തിരുന്നു. എന്നാല്‍, ഇവരെ പിന്നീട് വിട്ടയച്ചു.

മുന്‍ ഭര്‍ത്താവ് നിതിന്‍ ഗുപ്തയുടെ പേരിലുള്ള വീട്ടിലാണ് അഞ്ജലി താമസിച്ചിരുന്നത്. എന്നാല്‍, ഇവര്‍ താമസിച്ചിരുന്ന വീട് മുന്‍ ഭര്‍ത്താവിന്റെ മാതാപിതാക്കള്‍ യശ്പാല്‍, സുരേഷ് ഭാട്ടിയ എന്നിവര്‍ക്ക് വിറ്റു. പക്ഷേ ഇവര്‍ വീട് ഒഴിയാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്ന് തര്‍ക്കത്തില്‍ കലാശിക്കുകയായിരുന്നു.

വീട് വാങ്ങിയവര്‍ അഞ്ജലിയെ കൊലപ്പെടുത്താനായി രണ്ടു ലക്ഷം രൂപ നല്‍കി ശര്‍മ്മയെയും മറ്റ് രണ്ടു വാടക കൊലയാളികളെയും നിയമിക്കുകയായിരുന്നുവെന്ന് കൊലപാതകം നടന്ന് ദിവസ്സങ്ങള്‍ക്കുള്ളില്‍ പോലീസ് കണ്ടെത്തിയിരുന്നു.തുടര്‍ന്ന് നീരജ് ശര്‍മ്മയും വീട് വാങ്ങിയവരെയും മറ്റ് രണ്ട് കൊലയാളികളെയും പോലീസ് അറസ്റ്റ് ചെയ്തു.

എന്നാല്‍, ഒരു വര്‍ഷത്തിനു ശേഷം നീരജ് ശര്‍മ്മ ജാമ്യത്തിലിറങ്ങിയതോടെയാണ് കൊലപാതകത്തിന്റെ മറ്റൊരു മുഖം ചുരുളഴിയുന്നത്. അഞ്ജലിയുടെ കൊലപാതകത്തില്‍ മുന്‍ഭര്‍ത്താവിനും കുടുംബത്തിനും കൂടി പങ്കുണ്ടെന്ന് ഇതോടെ വെളിപ്പെട്ടു. മുന്‍ മരുമകളെ കൊലപ്പെടുത്താനായി ഇവര്‍ 20 ലക്ഷം രൂപ വാഗ്ദാനം ചെയ്യുകയും ഒരു ലക്ഷം രൂപ അഡ്വാന്‍സായി നല്‍കുകയും ചെയ്തതിരുന്നതായി നീരജ് പോലീസിനോട് പറഞ്ഞു.

അറസ്റ്റിലായ ഇയാള്‍ ബാക്കി പണമായ 19 ലക്ഷം രൂപക്കായി ഇവരെ സമീപിച്ചെങ്കിലും ഇവര്‍ നിരസിക്കുകയായിരുന്നു. കുടുംബവുമായുള്ള ഫോണ്‍ സംഭാഷണമുള്‍പ്പടെ ഇയാള്‍ പോലീസിന് ഹാജരാക്കിയിട്ടുണ്ട്.