തിരുവനന്തപുരം: തിരുവനന്തപുരത്ത് നടുറോഡിൽ സർക്കാർ ജീവനക്കാരന് ക്രൂരമർദ്ദനം ഏറ്റതിന് പിന്നാലെ കുടുംബത്തിന് നേരേയും ആക്രമണം. ബാലരാമപുരം ജംഗ്ഷനിൽ ആണ് എട്ട് വയസിന് താഴെ പ്രായമുള്ള മുന്നുകുട്ടികളടക്കം സഞ്ചരിച്ച കാർ അടിച്ച് തകർത്തത്. കോട്ടയം സ്വദേശിയായ ജോർജ്ജിന്റെ കാറാണ് ആക്രമിക്കപ്പെട്ടത്. സംഭവസമയം കാറിൽ ജോർജ്ജും ഭാര്യയും മൂന്ന് മക്കളുമാണ് ഉണ്ടായിരുന്നത്.

ബാലരാമപുരത്ത് കൈത്തറി ഉത്പന്നങ്ങൾ വാങ്ങാനായി എത്തിയതായിരുന്നു കുടുംബം. ഇവർ സഞ്ചരിച്ചിരുന്ന കാർ തൊട്ട് മുന്നിൽ പോയ കാറിന്റെ പുറകിൽ തട്ടിയതാണ് പ്രശ്‌നങ്ങൾക്ക് കാരണം. ശ്രീകാര്യം സ്വദേശിയായ അജിത്കുമാർ ആണ് മുൻപിലെ കാറിലുണ്ടായിരുന്നത്. മറ്റു പ്രകോപനങ്ങൾ ഒന്നുമില്ലാതെ തന്നെ അജിത് കുമാർ ജോർജ്ജും കുടുംബവും സഞ്ചരിച്ച കാർ നടുറോഡിൽ വച്ച് അടിച്ചു തകർക്കുകയായിരുന്നു. ഇന്ന് വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം. ജോർജ്ജിന്റെ പരാതിയിൽ ബലരാമപുരം പൊലീസ് കേസെടുത്തിട്ടുണ്ട്. അതിക്രമം നടത്തിയ ആളെ ഉടനെ നാട്ടുകാർ പിടികൂടി പൊലീസിനു കൈമാറുകയായിരുന്നു....

കഴിഞ്ഞ ദിവസം നഗരത്തിൽ നടുറോഡിൽ സർക്കാർ ജീവനക്കാരന് ക്രൂരമർദ്ദനമേറ്റിരുന്നു.. ട്രാഫിക് സിഗ്നലിൽ ഹോൺ മുഴക്കിയെന്നാരോപിച്ച് കൃഷിവകുപ്പ് ജീവനക്കാരൻ പ്രദീപിനെ ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കൾ മർദ്ദിച്ചു. ചൊവ്വാഴ്ച വൈകുന്നേരം നിറമൺകരയിലാണ് സംഭവം നടന്നത്. ഇതിന്റെ സി സി ടി വി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. നിറമൺകരയിൽ ആണ് ഗതാഗത കുരുക്കിനിടെ ഹോൺമുഴക്കിയെന്നാരോപിച്ചു രണ്ട് യുവാക്കൾ പ്രദീപിനെ മർദ്ദിച്ചത്. ഹോൺ മുഴക്കിയത് താനല്ലെന്ന് പല പ്രാവശ്യം പറഞ്ഞിട്ടും ചെവികൊള്ളാതെ വാഹനം തകർക്കുകയും നിലത്തിട്ട് മർദ്ദിക്കുകയും ചെയ്തുവെന്ന് പ്രദീപ് പറഞ്ഞു.

ഈ കേസ് അന്വേഷണത്തിലും പൊലീസിന് ഉണ്ടായത് വീഴ്ചയാണ്. ചൊവ്വാഴ്ച വൈകുന്നേരം മദ്ദനമേറ്റ് പ്രദീപ് വായിൽ നിന്നും ചോരയൊലിപ്പിച്ചാണ് കരമന പൊലീസ് സ്റ്റേഷനിലെത്തി പരാതി പറഞ്ഞത്. ആശുപത്രിയിലേക്ക് പോകാനായിരുന്നു പൊലീസ് നിർദ്ദേശം. മെഡിക്കൽ സർട്ടിഫിക്കറ്റ് സഹിതം അന്നുരാത്രി തന്നെ വീണ്ടും സ്റ്റേഷനിലെത്തിയെങ്കിലും പൊലീസ് കേസെടുത്തില്ല എന്നാണ് ആരോപണം.