മുംബൈ: മുംബൈ ലോക്കൽ ട്രെയിനിൽ വനിതാ കംപാർട്ട്മെന്റിൽ ബുർഖ ധരിച്ച് യാത്ര ചെയ്ത യുവാവിനായി വ്യാപക തിരച്ചിൽ. ഇയാൾ പുരുഷനാണെന്ന് മറ്റ് യാത്രക്കാർ തിരിച്ചറിഞ്ഞതോടെ ഓടുന്ന ട്രെയിനിൽ നിന്ന് ചാടി രക്ഷപ്പെടുകയായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച തിരക്കേറിയ സമയത്താണ് സംഭവം. യാത്രക്കാർ ചിത്രീകരിച്ച വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെ റെയിൽവേ സംരക്ഷണ സേന (ആർപിഎഫ്) കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഛത്രപതി ശിവാജി മഹാരാജ് ടെർമിനസിൽ നിന്ന് യാത്ര തുടങ്ങിയ ട്രെയിനിന്റെ സെക്കൻഡ് ക്ലാസ് ലേഡീസ് കോച്ചിലായിരുന്നു സംഭവം.

ട്രെയിൻ ഘാട്‌കോപ്പർ സ്റ്റേഷന് സമീപമെത്തിയപ്പോഴാണ് സംഭവം. തുടക്കത്തിൽ സംശയമുണ്ടാക്കാത്ത രീതിയിൽ യാത്ര ചെയ്ത യുവാവിന്റെ പെരുമാറ്റത്തിൽ പിന്നീട് മാറ്റം വരികയായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട വനിതാ യാത്രക്കാർ ഇയാളെ ചോദ്യം ചെയ്യുകയും പുരുഷനാണെന്ന് കണ്ടെത്തുകയുമായിരുന്നു. എന്തിനാണ് വനിതാ കമ്പാർട്ട്മെന്റിൽ കയറിയതെന്നും ബുർഖ ധരിച്ചതെന്നും യാത്രക്കാർ ചോദിച്ചു. ഘാട്‌കോപ്പർ സ്റ്റേഷനിലെത്തുമ്പോൾ ഇയാളെ പോലീസിൽ ഏൽപ്പിക്കാനായിരുന്നു യാത്രക്കാരുടെ പദ്ധതി. എന്നാൽ, ട്രെയിൻ നിർത്തുന്നതിന് മുൻപ് ഇയാൾ ഓടുന്ന ട്രെയിനിൽ നിന്ന് ചാടിയിറങ്ങി സമീപത്തെ പ്ലാറ്റ്‌ഫോമിലേക്ക് ഓടിമാറി.

ഇവിടെ നിന്ന് കർജാറ്റിലേക്ക് പോവുകയായിരുന്ന മറ്റൊരു ലോക്കൽ ട്രെയിനിൽ കയറി രക്ഷപ്പെടുകയായിരുന്നു. സംഭവത്തിന് പിന്നാലെ, ഘാട്‌കോപ്പർ റെയിൽവേ സ്റ്റേഷനിൽ വിവരമറിയിച്ച യാത്രക്കാർ പരാതി നൽകി. പോലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും യുവാവിന്റെ ദൃശ്യങ്ങൾ കണ്ടെത്താനായില്ല. മുളുണ്ട് സ്റ്റേഷനിൽ വെച്ച് കർജാറ്റിലേക്ക് പോകുന്ന ട്രെയിനിൽ പോലീസ് പരിശോധന നടത്തിയെങ്കിലും പ്രതിയെ കണ്ടെത്താനായില്ല. ഒളിവിൽപോയ യുവാവിനായുള്ള അന്വേഷണം ആർപിഎഫ് ഊർജിതമാക്കിയിട്ടുണ്ട്.