- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'മംഗളം' പത്ര ലേഖകനോട് വൈരാഗ്യം തീർക്കാൻ താൻ മരിച്ചെന്ന് കള്ളവാർത്ത നൽകി കുടുക്കി പണി കളഞ്ഞു; ഏഷ്യാനെറ്റ് ന്യൂസിന്റെ വ്യാജ ലെറ്റർ ഹെഡ് ഉപയോഗിച്ച് ലക്ഷങ്ങളുടെ കമ്പ്യൂട്ടർ അടിച്ചുമാറ്റി; ഒടുവിൽ ദൂരദർശനിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളും പോക്കറ്റിലാക്കി; മാധ്യമ പ്രവർത്തകൻ ചമഞ്ഞ് തട്ടിപ്പ് നടത്തിയ യുവാവ് കുടുങ്ങി
കരുനാഗപ്പള്ളി: മാധ്യമ പ്രവർത്തകൻ എന്ന് തെറ്റിദ്ധരിപ്പിച്ച് ദൂരദർശനിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്ത യുവാവിനെ കരുനാഗപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു. കല്ലേലിഭാഗം വിനേഷ് ഭവനത്തിൽ വിദ്യാധരന്റെ മകൻ ബിജു കല്ലേലിഭാഗം എന്നയാളെയാണ് കരുനാഗപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്. ആദിനാട് സ്വദേശി പ്രസേനന്റെ പരാതിയിലാണ് അറസ്റ്റ്.
കഴിഞ്ഞ ജൂണിലാണ് ബിജു പ്രസേനന്റെ മകൾക്ക് ദൂരദർശനിൽ ക്ലർക്ക് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയത്. പ്രസേനന്റെ സുഹൃത്തുക്കളായ മോഹനൻ, കാർത്തികേയൻ എന്നിവരുടെ മക്കൾക്കും ജോലി വാഗ്ദാനം ചെയ്യുകയും 23 ലക്ഷം രൂപ തട്ടിയെടുക്കുകയുമായിരുന്നു. ഒരു വർഷമായിട്ടും ജോലി ലഭിക്കാതെ വന്നതോടെയാണ് തട്ടിപ്പാണെന്ന് മനസ്സിലായത്. തുടർന്ന് ഇവർ കരുനാഗപ്പള്ളി പൊലീസിൽ പരാതി നൽകുകയായിരുന്നു.
സംഭവത്തെ പറ്റി പൊലീസ് പറയുന്നതിങ്ങനെ:
പ്രസാർ ഭാരതിയുടെ സൗത്ത് സോൺ മാനേജർ ബിജുവിന്റെ സുഹൃത്താണെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്. സൗത്ത് സോൺ മാനേജർ വഴി ജോലി ശരിയാക്കാൻ കഴിയുമെന്നും അതിനായി ഒരാൾ 10 ലക്ഷം രൂപ നൽകണമെന്നുമായിരുന്നു ആവശ്യം. കൂടുതൽ ആളുകൾ ഉണ്ടെങ്കിൽ പണം കുറച്ചു നൽകിയാൽ മതി എന്ന് പറഞ്ഞതോടെ രണ്ട് സുഹൃത്തുക്കളോടും ഇക്കാര്യം പ്രസേനൻ അറിയിച്ചു. ഇതോടെ മൂന്നു പേരും 23 ലക്ഷം രൂപ നൽകിയാൽ മതിയെന്ന് ബിജു പറഞ്ഞു. പരാതിക്കാരെ വിശ്വസിപ്പിക്കാനായി പ്രതി പ്രസാർ ഭാരതിയുടെ പേരിൽ വ്യാജ ഓഫർ ലെറ്റർ തയ്യാറാക്കി നൽകുകയും ചെയ്തു. ഈ ഓഫർ ലെറ്റർ ലഭിച്ചതോടെയാണ് ഇവർ പണം നൽകിയത്.
ജോലി ലഭിച്ചാൽ ആദ്യം ഡെപ്യൂട്ടേഷനിൽ ലക്ഷദ്വീപിൽ ജോലി ചെയ്യേണ്ടി വരുമെന്നും മറ്റും പറഞ്ഞു വിശ്വസിപ്പിച്ചിരുന്നു. ഓഫർ ലെറ്റർ ലഭിച്ചിട്ടും പിന്നീട് വിവരങ്ങൾ ഒന്നും തന്നെയുണ്ടായില്ല. ഇതോടെയാണ് തട്ടിപ്പാണെന്ന് പരാതിക്കാർ അറിയുന്നത്. തുടർന്ന് ഇയാളെ ബന്ധപ്പെട്ട് പണം തിരികെ ആവശ്യപ്പെട്ടപ്പോൾ ആദ്യം വിസമ്മതിച്ച പ്രതി പൊലീസിൽ പരാതി നൽകുമെന്ന് പറഞ്ഞതോടെ പണം തിരികെ നൽകാമെന്ന് വിശ്വസിപ്പിച്ചു. തുർന്ന് 23 ലക്ഷം രൂപയുടെ 6 ചെക്കുകൾ ഇയാൾ നൽകി. എന്നാൽ ബാങ്കിൽ ഹാജരാക്കിയപ്പോഴാണ് വണ്ടി ചെക്കാണെന്ന് മനസ്സിലായത്. തുടർന്നാണ് പൊലീസിൽ പരാതി നൽകിയതും അറസ്റ്റ് ഉണ്ടാവുന്നതും.
പ്രതി മുൻപ് ഏഷ്യാനെറ്റ് ന്യൂസിന്റെ പേരിൽ തട്ടിപ്പ് നടത്തിയിട്ടുണ്ട്. കരുനാഗപ്പള്ളിയിൽ ഏഷ്യാനെറ്റ് ന്യൂസിന്റെ ഓഫീസ് തുടങ്ങാനെന്ന വ്യാജേന കിങ് സിറ്റി ഷോപ്പിങ് സെന്ററിലുണ്ടായിരുന്ന കംപ്യൂട്ടർ സെന്ററിൽ നിന്നും ലക്ഷങ്ങൾ വിലവരുന്ന കംപ്യൂട്ടറുകളും അനുബന്ധ ഉത്പന്നങ്ങളും വാങ്ങിയിരുന്നു. ഏഷ്യാനെറ്റിന്റെ വ്യാജ ലെറ്റർ ഹെഡി ഉപയോഗിച്ചായിരുന്നു തട്ടിപ്പ്. ഈ കേസ് ഉപ്പോൾ കോടതിയിലാണ്. കൂടാതെ നിരവധി പേരെ വിസാ തട്ടിപ്പിനിരയാക്കിയിട്ടുണ്ട്.
കരുനാഗപ്പള്ളിയിലെ മുൻ മംഗളം ലേഖകൻ ഇയാൾക്കെതിരെ പരാതി കൊടുത്തതിന്റെ വൈരാഗ്യത്തിൽ ലേഖകന്റെ വ്യാജ ഇമെയിൽ ഐഡി നിർമ്മിച്ച് ഇയാൾ മരിച്ചു എന്ന് വാർത്ത അയക്കുകയും അത് പ്രസിദ്ധീകരിക്കുകയും ചെയ്തു. തുടർന്ന് ലേഖകനെതിരെ പരാതി കൊടുക്കുകയും ജോലിയിൽ നിന്നും പുറത്താക്കിക്കുകയും ചെയ്തിട്ടുണ്ട്. നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടിട്ടുള്ള ഇയാൾ കേരളാ പൊലീസിന്റെ ഔദ്യോഗിക വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗവുമാണ്.
പ്രതി, സമാന രീതിയിൽ കൂടുതൽ പേരെ തട്ടിപ്പിനിരയാക്കിയിട്ടുണ്ടെന്നും പ്രതിയുടെ കൂട്ടാളികളെ പൊലീസ് അന്വേഷിച്ചു വരികയുമാണ്. കരുനാഗപ്പള്ളി അസിസ്റ്റന്റ് കമ്മീഷണർ വി എസ് പ്രദീപ് കൂമാറിന്റെ നിർദ്ദേശാനുസരണം കരുനാഗപ്പള്ളി പൊലീസ് ഇൻസ്‌പെക്ടർ ബിജുവിന്റെ നേതൃത്വത്തിൽ എസ്‌ഐമാരായ ഷെമീർ, ഷാജിമോൻ, എഎസ്ഐ നിസ്സാമുദ്ദീൻ സി.പി.ഒ ഹാഷിം എന്നിവരടങ്ങിയ സംഘമാണ് ബിജുവിനെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
മറുനാടൻ മലയാളി കൊച്ചി റിപ്പോർട്ടർ.