ബംഗളുരു: മാട്രിമോണി വെബ്‍സൈറ്റുകൾ വഴി പരിചയത്തിലായ ശേഷം യുവതികളെ ജോലി വാഗ്‌ദാനം നൽകി പണം തട്ടിയ കേസിൽ യുവാവ് പിടിയിൽ. എട്ട് സ്ത്രീകളെയാണ് ഇയാൾ കബളിപ്പിച്ചത്. ഇവരിലെ നിന്നും ലക്ഷക്കണക്കിന് രൂപ തട്ടിയ ഇയാൾ വർഷങ്ങളായി പോലീസിന് പിടി നൽകാതെ കഴിയുകയായിരുന്നു. കർണാടകയിലെ മാണ്ഡ്യ ജില്ലയിലെ മച്ചഹള്ളി സ്വദേശിയായ മധു എന്നയാളാണ് പിടിയിലായത്. വിവിധ സ്റ്റേഷനുകളിലാണ് ഇയാൾക്കെതിരെ പരാതി ലഭിച്ചിരുന്നു.

2019ലാണ് സംഭവവുമായി ബന്ധപ്പെട്ട പരാതികൾ പോലീസിന് ലഭിക്കുന്നത്. വ്യാപാര സ്ഥാപനം നടത്തിയിരുന്ന മധു ഒരു പ്രമുഖ കന്നഡ മാട്രിമോണി വെബ്‍സൈറ്റ് വഴി സ്ത്രീകളെ കണ്ടെത്തി. ശേഷം വിവാഹ ആലോചനകൾക്കായി സ്ത്രീകളെ പരിചയപ്പെട്ട ഇയാൾ സ്ത്രാകളുമായി സംസാരിച്ച് പരിചയം സ്ഥാപിക്കുകയായിരുന്നു.

തുടർന്ന് ഇവർക്ക് ജോലി വാഗ്ദാനം ചെയ്യുകയുമായിരുന്നു. പിന്നീട് ജോലി നേടുന്നത് സംബദ്ധമായ ആവശ്യങ്ങൾക്കായാണെന്ന് വിശ്വസിപ്പിച്ച് സ്ത്രീകളിൽ നിന്ന് പണം ആവശ്യപ്പെട്ടു. പണം നൽകിയിട്ടും ജോലി ലഭിക്കാതായതോടെയാണ് സ്ത്രീകൾക്ക് തട്ടിപ്പിനെ മനസ്സിലാക്കുന്നത്. ഇതോടെ ഇവർ പോലീസിൽ പരാതി നൽകുകയായിരുന്നു.

തട്ടിപ്പിനിരയായ എട്ട് സ്ത്രീകളിൽ നിന്നും 62.83 ലക്ഷം രൂപയാണ് ഇയാൾ തട്ടിയെടുത്തത്. ബെംഗളൂരുവും ചിക്കമംഗളുരുവും ഉൾപ്പെടെ അഞ്ചോളം പോലീസ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ കേസുകൾ നിലവിലുണ്ട്. ഒരു സ്ത്രീയിൽ നിന്ന് മാത്രം 21 ലക്ഷം രൂപ കബളിപ്പിച്ച് കൈപ്പറ്റിയിട്ടുണ്ടെന്ന് പരാതിയിൽ പറയുന്നു.

പോലീസ് അന്വേഷണം ആരംഭിച്ചതോടെ ഇയാൾ ഒളിവിൽ പോവുകയായിരുന്നു. വർഷങ്ങളായി പോലീസിന്റെ കണ്ണ് വെട്ടിച്ച് നടന്നിരുന്ന ഇയാളെ കഴിഞ്ഞ ദിവസം പോലീസ് കണ്ടെത്തുകയായിരുന്നു. ശേഷം ഇയാളെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.