റായ്പുര്‍: ഛത്തീസ്ഗഡിലെ ഖൈറഗഡില്‍ യുവതിയുടെ ഭര്‍ത്താവിനെ ലക്ഷ്യംവച്ച് പാഴ്സല്‍ ബോംബ് അയച്ച 20 കാരനായ വിനയ് വര്‍മയെ പൊലീസ് അറസ്റ്റ് ചെയ്തു. കോളജ് കാലം മുതല്‍ യുവതിയെ പ്രണയിച്ചിരുന്നെങ്കിലും പ്രതികരണം ലഭിക്കാത്തതിനാല്‍ അസ്വസ്ഥനായ ഇയാള്‍ വിവാഹത്തിന് ശേഷം യുവതിയുടെ ഭര്‍ത്താവ് അഫ്സര്‍ ഖാനെ ലക്ഷ്യമാക്കി ബോംബ് അയച്ചതാണെന്ന് പൊലീസ് വ്യക്തമാക്കി.

ഇന്റര്‍നെറ്റിലൂടെ പഠിച്ചാണ് വിനയ് സ്ഫോടക വസ്തു നിര്‍മാണം നടത്തിയതെന്ന് കണ്ടെത്തി. 2 കിലോഗ്രാം ഭാരമുള്ള സ്ഫോടക വസ്തു മ്യൂസിക് സ്പീക്കറിനുള്ളില്‍ ഒളിപ്പിച്ച് പാഴ്സലാക്കി, മറ്റൊരാളിലൂടെ അഫ്സര്‍ ഖാന്റെ കടയില്‍ എത്തിക്കുകയായിരുന്നു. സംശയം തോന്നിയ അഫ്സര്‍ പാഴ്സല്‍ തുറക്കാതെ പൊലീസിനെ വിവരം അറിയിച്ചതോടെയാണ് ഗൂഢാലോചന വെളിപ്പെട്ടത്.

വിനയോടൊപ്പം മേഖലയില്‍ പ്രവര്‍ത്തിച്ചിരുന്ന അനധികൃത സ്ഫോടക വസ്തു മാഫിയയിലെ ആറു പേരെയും പൊലീസ് പിടികൂടി. ഇവരാണ് ബോംബ് നിര്‍മിക്കാന്‍ ആവശ്യമായ ജലറ്റിന്‍ സ്റ്റിക്കുകള്‍ നല്‍കിയതെന്ന് അന്വേഷണം തെളിയിച്ചു.