- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കരിപ്പൂർ സ്വർണക്കടത്തിൽ പിടിയിലായവരിൽ യുവജനക്ഷേമ കമ്മീഷൻ പഞ്ചായത്ത് കോഡിനേറ്ററും; കാക്കനാട് ജയിലിൽ വച്ച് പരിചയപ്പെട്ടവരെ കൂട്ടി അർജുൻ ആയങ്കി പുതിയ സംഘം രൂപീകരിച്ചു; കാക്കനാട് കേന്ദ്രീകരിച്ച് ക്വട്ടേഷൻ സംഘങ്ങളെ നിയന്ത്രിച്ചു; സിപിഎമ്മിന് അനഭിമതനാകുമ്പോൾ പുറത്തുവരുന്നത് ആയങ്കിയുടെ 'അധോലോക' ബന്ധങ്ങൾ
കരിപ്പൂർ: കണ്ണൂരിലെ സിപിഎമ്മിന് അനഭിമതനായതോടെ അർജുൻ ആയങ്കിക്ക് അടുമുടി പൂട്ടു വീഴുകയാണ്. പാർട്ടിയുടെ കരുത്തിൽ ഗുണ്ടായിസവും ക്രിമിനൽ സംഘത്തെയും വളർത്തിയ അർജുൻ ആയങ്കിക്ക് ഡിവൈഎഫ്‌ഐയുമായി കോർത്തതോടെയാണ് കഷ്ടകാലം തുടങ്ങുന്നത്. പിന്നാലെ പാർട്ടി തലത്തിൽ തന്നെ ആയങ്കിയെ പൂട്ടാൻ ശ്രമം തുടങ്ങി. കാപ്പ ചുമത്തിയ ശേഷവും മെരിങ്ങാത്ത അർജുൻ ആയങ്കിയെ ഇപ്പോൾ സ്വർണം കവർച്ചാ കേസിലാണ് കുടുക്കിയിരിക്കുന്നത്. കാപ്പ റദ്ദാക്കുകയും ചെയ്യുകയുണ്ടായി. ഈ കേസിലെ വിവരങ്ങൾ പുറത്തുവരുമ്പോൾ സംസ്ഥാനത്തെ ക്രിമിനൽ സംഘങ്ങളുടെ വ്യാപ്തി എത്രത്തോളമുണ്ടെന്നാണ് വ്യക്തമാകുന്നത്.
ഈ മാസം 10 ന് പൊലീസ് രജിസ്റ്റർ ചെയ്ത സ്വർണ കവർച്ചാ കേസിലെ ഒന്നാം പ്രതിയാണ് അർജുൻ ആയങ്കി. അർജുൻ ആയങ്കി ഉൾപ്പെടെ സംഘത്തിലെ 4 പേരാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലായത്. അർജുൻ ആയങ്കിക്ക് പുറമെ അഴിക്കൽ സ്വദേശി നിറച്ചൻ വീട്ടിൽ പ്രണവ് എന്ന കാപ്പിരി പ്രണവ് (25) കണ്ണൂർ അറവഞ്ചാൽ സ്വദേശി കാണിച്ചേരി സനൂജ് (22), തിരുവനന്തപുരം വെമ്പായം സ്വദേശി എൻ എൻ മൻസിൽ നൗഫൽ (26) എന്നിവരാണ് അറസ്റ്റിലായത്. ഇതിൽ പിടിയിലായ വെമ്പായം സ്വദേശി മൻസിൽ നൗഫൽ വെമ്പായം യുവജനക്ഷേമ കമ്മീഷൻ പഞ്ചായത്ത് കോഡിനേറ്ററാണ്. അർജുൻ ആയങ്കിക്കും സംഘത്തിനും ഒളിവിൽ പോകാൻ നൗഫൽ സൗകര്യം ഒരുക്കിയിരുന്നു.
ഈ മാസം പത്താം തിയ്യതി കരിപ്പൂർ എയർപോർട്ട് പരിസരത്തു നിന്നും അനധികൃതമായി കടത്തി കൊണ്ടുവന്ന സ്വർണം കവർച്ച ചെയ്യാൻ എത്തിയ അർജ്ജുൻ ആയങ്കിയുടെ നേതൃത്വത്തിലുള്ള സംഘത്തിലെ 5 പേരെ പിടികൂടിയിരുന്നു. ഈ കേസിൽ ആണ് ഇപ്പോൾ ഒന്നാം പ്രതിയായി അർജുൻ ആയങ്കിയെ പൊലീസ് അറസ്റ്റ് ചെയ്തത്. കണ്ണുർ പെരിങ്ങോമിനടുത്ത അറവഞ്ചാലിലെ മലമുകളിൽ വച്ചാണ് ഒളിവിൽ കഴിഞ്ഞിരുന്ന അർജുൻ ആയങ്കിയെയും സംഘത്തെയും പൊലീസ് പിടികൂടിയത്. സനൂജും പ്രണവും അർജുനെ ഒളിവിൽ കഴിയാൻ സഹായിച്ചവരാണ്. മറ്റൊരു പ്രതിയായ നൗഫലിനെ 2 ദിവസം മുൻപ് വയനാട്ടിലെ രഹസ്യ കേന്ദ്രത്തിൽ നിന്നും പിടികൂടിയിരുന്നു.
കരിപ്പൂർ സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കസ്റ്റംസ് അറസ്‌റ് ചെയ്ത ജാമ്യത്തിൽ ഇറങ്ങിയ അർജുൻ കാക്കനാട് ജയിലിൽ വച്ച് പരിചയപ്പെട്ട എറണാംകുളം സ്വദേശികളെ കൂട്ടി പുതിയ സംഘം രൂപീകരിച്ചു വരികയായിരുന്നു. തിരുവനന്തപുരം സ്വദേശി നൗഫലുമായി ചേർന്ന് കാക്കനാട് വീട് വാടകക്ക് എടുത്ത് താമസിച്ചാണ് കേരളത്തിലെ വിവിധ ജില്ല കളിലെ ക്വട്ടേഷൻ സംഘങ്ങള നിയന്ത്രിച്ചിരുന്നത്. യുവജനക്ഷേമ കമ്മീഷൻ വെമ്പായം പഞ്ചായത്ത് കോഡിനേറ്ററാണ് നൗഫൽ. സംഘത്തിലുള്ള ചിലരെ പിടിച്ചതറിഞ്ഞ് നൗഫൽ ഇവരെ ഇടുക്കിയിലെ തന്റെ സ്വകാര്യ റിസോട്ടിൽ താമസിപ്പിക്കുകയായിരുന്നു. തുടർന്ന് ഇവർക്ക് ഒളിവിൽ പോകുന്നതിനുള്ള സൗകര്യങ്ങൾ ചെയ്തു നൽകി. ഇയാളുടെ വാഹനവും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഈ മാസം പത്തിന് ആണ് കേസിന് ആസ്പദമായ സംഭവം.
സ്വർണം കടത്തിയ ആളും, കവർച്ച ചെയ്യാനെത്തിയ നാല് പേരുമാണ് അന്ന് പൊലീസ് പിടിയിലായത്. തിരൂർ സ്വദേശി മഹേഷാണ് 974 ഗ്രാം സ്വർണമിശ്രിതം കടത്തിയത്. പരപ്പനങ്ങാടി സ്വദേശികളായ മൊയ്ദീൻ കോയ, മുഹമ്മദ് അനീസ്, അബ്ദുൽ റഊഫ്, നിറമരുതൂർ സ്വദേശി സുഹൈൽ എന്നിവരാണ് അന്ന് പിടിയിലായത്. പിടിയിലായ അർജുൻ ആയങ്കി കൊലപാതക ശ്രമമുൾപ്പെടെയുള്ള കേസിൽ പ്രതിയാണ്. ഇവരിൽ നിന്നും 2 വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. കേരളത്തിലെ വിമാനത്താവളങ്ങൾ കേന്ദ്രീകരിച്ച് നടന്ന കവർച്ചകളിൽ ഈ സംഘത്തിന്റെ പങ്ക് അന്വേഷിച്ചുവരികയാണ്. കൂടുതൽ അന്വേഷണങ്ങൾക്കും തെളിവെടുപ്പിനുമായി പ്രതികളെ കസ്റ്റഡിയിൽ വാങ്ങും. കാപ്പ ചുമത്താനുള്ള നടപടികളും സ്വീകരിക്കും.
കഴിഞ്ഞ വർഷം ജൂണിൽ സ്വർണ കടത്ത് സംഘാംഗങ്ങൾ വാഹനാപകടത്തിൽ മരിച്ചതിനു ശേഷമാണ് കള്ളക്കടത്ത് സ്വർണം മോഷ്ടിക്കുന്ന സംഘങ്ങളെ കുറിച്ച് പൊലീസ് അന്വേഷിക്കുന്നത്. ഇത്തരത്തിൽ സ്വർണം മോഷ്ടിക്കുന്ന ഒരു സംഘത്തിന്റെ തലവൻ അർജുൻ ആയങ്കി ആണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. അന്ന് സ്വർണം തട്ടിയെടുത്തുകൊണ്ടുപോകാൻ കരിപ്പൂരിൽ എത്തിയ അർജുൻ ആയങ്കി സ്വർണം കസ്റ്റംസ് പിടികൂടിയത് അറിഞ്ഞ് രക്ഷപ്പെടുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട കേസിലും അർജുൻ ആയങ്കിയെ പ്രതി ചേർക്കാനുള്ള സാധ്യതകളും പൊലീസ് പരിശോധിക്കുന്നുണ്ട്.
മലപ്പുറം ജില്ലാ പൊലീസ് മേധാവി സുജിത്ത് ദാസ് ഐ പി എസിന്റെ നിർദ്ദേശപ്രകാരം കൊണ്ടോട്ടി ഡിവൈഎസ്‌പി അഷറഫ് മലപ്പുറം ഇൻസ്പക്ടർ ജോബി തോമസ്, കരിപ്പൂർ ഇൻസ്പക്ടർ ഷിബു എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘാംഗങ്ങളായ പി. സഞ്ജീവ്, രതീഷ്, സബീഷ്, ഷബീർ, സഹേഷ്, സാദിഖലി റഹ്മാൻ,ഹമീദലി, സുബ്രഹ്മണ്യൻ എന്നിവരാണ് പ്രതികളെ പിടികൂടിയത്.
കരിപ്പൂർ സ്വർണ്ണക്കടത്ത് ക്വട്ടേഷൻ കേസിലെ മുഖ്യപ്രതിയായ അർജുൻ ആയങ്കിക്കെതിരെ നേരത്തെ കാപ്പ ചുമത്തിയിരുന്നെങ്കിലും പിന്നീട് അത് റദ്ദാക്കിയിരുന്നു. 2017 ന് ശേഷം കേസുകളില്ലെന്നും മുൻ കേസുകൾ സിപിഎം പ്രവർത്തകനായിരിക്കെ ആണെന്നും കാണിച്ച് അർജുൻ നൽകിയ അപ്പീലാണ് കാപ്പ റദ്ദാക്കിയത്. 2017 ന് ശേഷം അർജുനെതിരെ മറ്റ് കേസുകളില്ലെന്നും കസ്റ്റംസ് കേസ് കാപ്പയുടെ പരിധിയിൽ വരില്ലെന്നും ഉത്തരവിൽ പറയുന്നു. സ്വർണ്ണക്കടത്ത് ക്വട്ടേഷൻ കേസിന് പുറമേ അടിപിടി കേസുകളിലും പ്രതിയാണ് അർജുൻ ആയങ്കി.
ഡിവൈഎഫ്‌ഐ അഴിക്കോട് കപ്പക്കടവ് യൂണിറ്റ് സെക്രട്ടറി ആയിരുന്ന അർജുൻ ചാലാട് കേന്ദ്രീകരിച്ചായിരുന്നു അക്രമ പ്രവർത്തനങ്ങൾ നടത്തിയിരുന്നത്. സിപിഐം ലീഗ്, സിപിഐഎം ബിജെപി സംഘർഷങ്ങളിൽ പ്രതിസ്ഥനാനത്തുണ്ടായിരുന്ന അർജുൻ ആയങ്കി ലഹരിക്കടത്ത് സംഘങ്ങളുമായി അടുത്തതോടെ ഡിവൈഎഫ്‌ഐ ഇയാളെ പുറത്താക്കി. പിന്നീടും നവ മാധ്യമങ്ങളിലെ അക്കൗണ്ടുകളിൽ സിപിഎം പ്രചാരണം സ്വന്തം നിലയ്ക്ക് നടത്തിയ അർജുൻ ഇതിനെ മറയാക്കി സ്വർണ്ണക്കടത്ത് ക്വട്ടേഷൻ പ്രവർത്തനങ്ങളിലേക്കും തിരിഞ്ഞു. കടത്തിക്കൊണ്ടുവരുന്ന സ്വർണം ക്യാരിയറെ സ്വാധീനിച്ചും ഭീഷണിപ്പെടുത്തിയും ആക്രമിച്ചും തട്ടിയെടുക്കുകയാണ് അർജുനും സംഘവും ചെയ്തുവന്നത്. ഇതിനായി ടിപി വധക്കേസ് പ്രതികളായ കൊടി സുനിയുമായും ഷാഫിയുമായും ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിയുമായും ചേർന്നു.
ഗൾഫിലും കേരളത്തിലുടനീളവും അർജുൻ ആയങ്കി നെറ്റ് വർക്ക് ഉണ്ടാക്കി. കരിപ്പൂരിൽ ഇങ്ങനെയൊരു ക്വട്ടേഷൻ കേസിൽ കഴിഞ്ഞ വർഷമാണ് അർജുൻ ആയങ്കി കസ്റ്റംസിന്റെ പിടിയിലായത്. 2021 ജൂൺ 28 അറസ്റ്റിലായ അർജുൻ ആയങ്കി ജാമ്യത്തിലായിരുന്നു.
മറുനാടന് മലയാളി ബ്യൂറോ