- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യൂത്ത് കോൺഗ്രസുകാരെ കസ്റ്റഡിയിൽ എടുത്തത് മാങ്കൂട്ടത്തിന്റെ കാറിൽ നിന്നും; തൈക്കാട് വച്ചാണ് അറസ്റ്റെന്നും പൊലീസ്; കാർ യാത്ര സ്ഥിരീകരിച്ച് രാഹുലും; വ്യാജ തിരിച്ചറിയൽ കാർഡ് രാജ്യ സുരക്ഷയ്ക്ക് ഭീഷണിയെന്ന് പൊലീസ്; തൽക്കാലം കേസ് സിബിഐയ്ക്ക് കൊടുക്കില്ല
തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് വ്യാജ തിരിച്ചറിയൽ കാർഡ് കേസിലെ പ്രതികൾ രാജ്യസുരക്ഷക്ക് ഭീഷണിയായി പ്രവർത്തിച്ചുവെന്ന് പൊലീസ് റിമാൻഡ് റിപ്പോർട്ട്. പ്രതികൾ സഞ്ചരിച്ചിരുന്നത് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിന്റെ കാറിലായിരുന്നുവെന്നും കാർ പൊലീസ് കസ്റ്റഡിയിലെടുത്തുവെന്നും റിമാൻഡ് റിപ്പോർട്ട് പറയുന്നു. തൈക്കാട് വച്ചാണ് പ്രതികളെ പിടികൂടിയത്. ഇക്കാര്യം രാഹുലും സ്ഥിരീകരിച്ചിട്ടുണ്ട്.
കസ്റ്റഡിയിലെടുക്കുമ്പോൾ പ്രവർത്തകർ തന്റെ വാഹനത്തിലായിരുന്നുവെന്ന് രാഹുൽ മാങ്കൂട്ടത്തിലും പറയുന്നു. തന്റെ വാഹനത്തിൽ എല്ലാ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കും യാത്ര ചെയ്യാം. യാത്ര ചെയ്യുമ്പോൾ അവരുടെ പേരിൽ കേസില്ലായിരുന്നു. കുറ്റവാളികളാണെന്ന് തെളിഞ്ഞാൽ തള്ളിപ്പറയുമെന്നും അദ്ദേഹം പ്രതികരിച്ചു. അന്വേഷണം തന്നിലേക്കെത്തിക്കാൻ ആസൂത്രിതമായ ശ്രമം നടക്കുന്നുവെന്നും രാഹുൽ ആരോപിച്ചിട്ടുണ്ട്. അതിനിടെ തൽകാലം കേസ് കേന്ദ്ര ഏജൻസികൾക്ക് കൈമാറില്ല.
നിലവിൽ അറസ്റ്റിലായ അഭി വിക്രം, ഫെന്നി നൈനാൻ, ബിനിൽ ബിനു, വികാസ് കൃഷ്ണൻ എന്നിവരുമായി ബന്ധപ്പെട്ട് പൊലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്. യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിൽ വ്യാജ തിരിച്ചറിയൽ കാർഡുകൾ വ്യാപകമായി നിർമ്മിച്ചെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നാല് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് അറസ്റ്റുചെയ്തത്. പ്രതികളുടെ കൈവശമുള്ള ലാപ്ടോപ്പിൽ നിന്നും ഫോണുകളിൽ നിന്നും വ്യാജ കാർഡിന്റെ കോപ്പികൾ ലഭിച്ചു.
കാർഡുകൾ പരസ്പരം കൈമാറിയെന്നതിന് ഡിജിറ്റൽ തെളിവകൾ ലഭിച്ചതായും പിടിച്ചെടുത്ത തിരിച്ചറിയൽ കാർഡുകൾ വ്യാജമാണെന്ന് തെളിഞ്ഞതായും പൊലീസ് അറിയിച്ചു. തമിഴ് നടൻ അജിത്തിന്റെ ഫോട്ടോ ഉപയോഗിച്ചും യൂത്ത് കോൺഗ്രസ് നേതാക്കൾ വ്യാജ തിരിച്ചറിയൽ കാർഡുണ്ടാക്കിയതായി പൊലീസ് പറയുന്നു. പ്രതി അഭി വിക്രത്തിന്റെ ഫോണിലാണ് തിരിച്ചറിയൽ കാർഡ് കണ്ടെത്തിയത്. അതേസമയം, ദിവസം ആയിരം രൂപവീതം പ്രതിഫലം നൽകിയാണ് വ്യാജ കാർഡുകൾ പ്രതികൾ തയാറാക്കിച്ചതെന്നും പൊലീസ് കണ്ടെത്തി.
അറസ്റ്റിലായ അടൂർ സ്വദേശിയും മുൻ പ്രസ് ജീവനക്കാരനുമായ വികാസ് കൃഷ്ണനാണ് കാർഡുകൾ തയാറാക്കിയത്. കാർഡിൽ ഉൾപ്പെടുത്തേണ്ട മേൽവിലാസങ്ങളും ഫോട്ടോകളും നൽകിയത് മറ്റ് പ്രതികളാണെന്നും മൊഴിയിൽ പറയുന്നു. 20 ദിവസത്തോളം എടുത്താണ് കാർഡുകൾ തയാറാക്കിയത്. കേസ് കോടതി പരിഗണിക്കുമ്പോൾ ഇതിന്റെ തെളിവുകൾ ഹാജരാക്കുമെന്നും പൊലീസ് വ്യക്തമാക്കി.
ഇന്നലെ പ്രതികളെ ഹാജരാക്കിയപ്പോൾ നാലുപേർക്കും കോടതി ഇടക്കാല ജാമ്യം നൽകിയിരുന്നു. തുറന്ന കോടതിയിൽ കേസ് കേൾക്കുന്നതിനുവേണ്ടിയാണ് ജാമ്യം നൽകിയത്. തട്ടിപ്പിൽ കൂടുതൽ നേതാക്കൾക്കു പങ്കുണ്ടെയെന്നതു സംബന്ധിച്ച് അന്വേഷിക്കാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ