- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പകപോക്കൽ അറസ്റ്റിൽ പൊലീസിന് പിഴച്ചു! വ്യാജ തിരിച്ചറിയൽ കാർഡ് കേസിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് ജാമ്യം; ക്രിമിനൽ ചട്ടങ്ങൾ പാലിക്കാതെയാണ് അറസ്റ്റും പരിശോധനയുമെന്ന് കോടതി; ഉറങ്ങിക്കിടന്നവരെയാണ് പിടിച്ചു കൊണ്ടു പോയതെന്നും പൊലീസിന് രൂക്ഷ വിമർശനം
തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് വ്യാജ തിരിച്ചറിയൽ കാർഡ് കേസിലെ പ്രതികളെ പൊലീസ് അതിവേഗത്തിൽ പിടികൂടിയെങ്കിലും പൊലീസിന് തിരിച്ചടി. രാഷ്ട്രീയ താൽപ്പര്യത്തോടെ പൊലീസ് നടത്തിയ ഓപ്പറേഷന് കോടതിയിലാണ് പ്രഹരമേറ്റത്. സംഘടനാ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നതിനായി വ്യാജ തിരിച്ചറിയൽ കാർഡ് നിർമ്മിച്ച കേസിൽ നാല് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് ജാമ്യം ലഭിച്ചു.
തിരുവനന്തപുരം സി.ജെ.എം കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. ഒന്നാം പ്രതി ഫെനി നൈനാൻ, രണ്ടാം പ്രതി ബിനിൽ ബിനു, മൂന്നാം പ്രതി അഭിനന്ദ് വിക്രം, നാലാം പ്രതി വികാസ് കൃഷ്ണ എന്നിവർക്കാണ് ജാമ്യം ലഭിച്ചത്. ഒരു മാസത്തേക്ക് ഒന്നിടവിട്ട ദിവസങ്ങളിൽ അന്വേഷണ ഉദ്യോഗസ്ഥൻ വിളിക്കുമ്പോൾ ഹാജരാകണമെന്ന് കോടതി നിർദേശിച്ചു.
പൊലീസിന്റെ കസ്റ്റഡി അപേക്ഷ തള്ളിക്കൊണ്ടാണ് കോടതി ജാമ്യം നൽകിയത്. ക്രിമിനൽ ചട്ടങ്ങൾ പാലിക്കാതെയാണ് അറസ്റ്റും പരിശോധനയും നടന്നതെന്ന് കോടതി നിരീക്ഷിച്ചു. രാത്രി ഉറങ്ങിക്കിടന്നവരെയാണ് പിടിച്ചുകൊണ്ടുപോയത്. അതത് സ്ഥലത്തെ പൊലീസിനെ അറിയിക്കുന്നതിലും അന്വേഷണസംഘത്തിന് വീഴ്ച പറ്റിയെന്നും കോടതി ചൂണ്ടിക്കാട്ടി.
റിമാൻഡ് റിപ്പോർട്ടിൽ പറയുന്നതിനപ്പുറത്തേക്ക് മറ്റൊരു കാര്യവും കസ്റ്റഡി അപേക്ഷയിൽ ഇല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. അന്വേഷണ ഉദ്യോഗസ്ഥനെയും കോടതി രൂക്ഷമായി വിമർശിച്ചു. രാജ്യത്തെ തെരഞ്ഞെടുപ്പ് അട്ടിമറിക്കുന്ന രീതിയിൽ ക്രിമിനൽ പ്രവർത്തനമാണ് പ്രതികൾ ചെയ്തതെന്നും ജാമ്യം നൽകരുതെന്നും പൊലീസ് അറിയിച്ചെങ്കിലും പ്രതികൾക്ക് കോടതി ജാമ്യം നൽകുകയായിരുന്നു. തെളിവുകൾ ഇല്ലെന്ന് ബോധ്യപ്പെട്ടതിനാലാണ് പ്രതികൾക്ക് ഇന്നലെ തന്നെ ഇടക്കാല ജാമ്യം അനുവദിച്ചതെന്ന് കോടതി വ്യക്തമാക്കി.
യൂത്ത് കോൺഗ്രസ് വ്യാജ തിരിച്ചറിയൽ കാർഡ് കേസിലെ പ്രതികൾ രാജ്യസുരക്ഷക്ക് ഭീഷണിയായി പ്രവർത്തിച്ചുവെന്നായിരുന്നു പൊലീസിന്റെ റിമാൻഡ് റിപ്പോർട്ട്. പ്രതികൾ സഞ്ചരിച്ചിരുന്നത് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിന്റെ കാറിലായിരുന്നുവെന്നും കാർ പൊലീസ് കസ്റ്റഡിയിലെടുത്തുവെന്നും റിമാൻഡ് റിപ്പോർട്ട് പറയുന്നു. തൈക്കാട് വച്ചാണ് പ്രതികളെ പിടികൂടിയത്. ഇക്കാര്യം രാഹുലും സ്ഥിരീകരിച്ചിട്ടുണ്ട്.
കസ്റ്റഡിയിലെടുക്കുമ്പോൾ പ്രവർത്തകർ തന്റെ വാഹനത്തിലായിരുന്നുവെന്ന് രാഹുൽ മാങ്കൂട്ടത്തിലും പറയുന്നു. തന്റെ വാഹനത്തിൽ എല്ലാ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കും യാത്ര ചെയ്യാം. യാത്ര ചെയ്യുമ്പോൾ അവരുടെ പേരിൽ കേസില്ലായിരുന്നു. കുറ്റവാളികളാണെന്ന് തെളിഞ്ഞാൽ തള്ളിപ്പറയുമെന്നും അദ്ദേഹം പ്രതികരിച്ചു. അന്വേഷണം തന്നിലേക്കെത്തിക്കാൻ ആസൂത്രിതമായ ശ്രമം നടക്കുന്നുവെന്നും രാഹുൽ ആരോപിച്ചിട്ടുണ്ട്. അതിനിടെ തൽകാലം കേസ് കേന്ദ്ര ഏജൻസികൾക്ക് കൈമാറില്ല.
മറുനാടന് മലയാളി ബ്യൂറോ