- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
നാല് വയസ് മുതല്‍ പ്രകൃതി വിരുദ്ധപീഡനം അനുഭവിക്കുന്നു; ദ്രോഹിച്ചത് ശാഖയില്‍ ഉള്ളവര്‍ തന്നെ; ഇത്രയും നാള് ഒന്നും ചെയ്യാതെ ഇരുന്നത് അമ്മയെയും സഹോദരിയെയും ഓര്‍ത്ത്; ആര്‍എസ്എസിനെതിരെ പോസ്റ്റ് ഇട്ടശേഷം യുവാവ് ജീവനൊടുക്കി
കോട്ടയം: ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കെതിരെ പോസ്റ്റ് ഇട്ട ശേഷം യുവാവ് ജീവനൊടുക്കി. കോട്ടയം സ്വദേശിയായ അനന്തു അജിയാണ് തിരുവനന്തപുരത്തെ ലോഡ്ജ് മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഇയാള്‍ ആത്മഹത്യക്ക് മുന്‍പ് സാമൂഹിക മാധ്യമങ്ങളില്‍ കുറിപ്പ് പോസ്റ്റ് ചെയ്തിരുന്നു. ഇത് ഷെഡ്യൂള്‍ ചെയ്ത് വച്ചിരിക്കുകയായിരുന്നു. 24കാരനാണ് മരിച്ച അനന്തു. ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കും സംഘടനയ്ക്കുമെതിരെയാണ് 15 പേജുകളിലായി അനന്തുവിന്റെ ആരോപണങ്ങള്‍.
ആര്‍എസ്എസ് ക്യാംപില്‍ നിന്നും തനിക്ക് മോശമായ അനുഭവങ്ങള്‍ ഉണ്ടായെന്നും നാല് വയസ് മുതല്‍ തനിക്ക് പ്രകൃതി വിരുദ്ധ പീഡനങ്ങള്‍ അനുഭവിക്കേണ്ടി വന്നുവെന്നും അനന്തുവിന്റെ കുറിപ്പില്‍ പറയുന്നു. ഇത് വരെ ഒന്നും ചെയ്യാതെ ഇരുന്നത് അമ്മയെയും സഹോദരിയെയും ഓര്‍ത്താണെന്നും അനന്തു പറയുന്നു. താന്‍ കടുത്ത വിഷാദരോഗത്തിലേക്ക് പോയിരുന്നതായും പോസ്റ്റില്‍ പങ്കുവെക്കുന്നു.
സംഘടനയില്‍ നിന്നും പുറത്ത് വന്നതുകൊണ്ടാണ് ഇക്കാര്യം എനിക്ക് പറയാന്‍ സാധിക്കുന്നത്. ഇത്തരത്തില്‍ പീഡനം അനുഭവിക്കുന്ന ഒരുപാട് ആളുകള്‍ ഇപ്പോഴും ഉണ്ട്. അച്ഛനാണ് എന്നെ ആര്‍എസ്എസിലേക്ക് കൊണ്ടുവന്നത്. അദ്ദേഹം ഇപ്പോള്‍ ജീവിച്ചിരിപ്പില്ല. മാതാപിതാക്കള്‍ കുട്ടികള്‍ക്ക് സ്‌നേഹം നല്‍കി വളര്‍ത്തണം. അവരെ കേള്‍ക്കാന്‍ തയ്യാറാകണമെന്നും കുറിപ്പില്‍ പറയുന്നുണ്ട്. മറ്റൊരു കുറിപ്പ് കൂടി അധികം താമസിക്കാതെ വരുമെന്നും അനന്തുവിന്റെ പോസ്റ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്.
അനന്തു ബിസിനസ്സുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് പോയിരുന്നുവെന്നും, മരണശേഷം മൃതദേഹം സംസ്‌കരിച്ചെന്നും പോലീസ് അറിയിച്ചു. ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ പ്രാദേശികമായി പ്രതിഷേധ പ്രകടനവും നടത്തി. സംഭവവുമായി ബന്ധപ്പെട്ട് നിയമ നടപടികള്‍ തുടരുകയാണ്. ഡിവൈഎഫ്ഐ നേതാക്കള്‍ സംഭവം അന്വേഷിക്കണമെന്നും, അനുബന്ധ ആരോപണങ്ങളില്‍ അന്വേഷണവും ആവശ്യപ്പെട്ടു. അനന്തു തന്റെ കുറിപ്പില്‍ പറയുന്ന 'എന്‍.എം' എന്ന ആര്‍എസ്എസ് പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്യണം എന്നാണ് ഡിവൈഎഫ്‌ഐ ബ്ലോക്ക് കമ്മിറ്റിയുടെ പരാതിയിലെ ആവശ്യം.
ഇക്കാര്യത്തില്‍ കുറ്റക്കാരായ ആര്‍എസ്എസ് നേതാക്കളെയും പ്രവര്‍ത്തകരെയും പിടികൂടണമെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി.കെ.സനോജ് ആവശ്യപ്പെട്ടു. ഡിവൈഎഫ്‌ഐ വാഴൂര്‍ ബ്ലോക്ക് കമ്മിറ്റി സെക്രട്ടറി ഗൗതം ബാലചന്ദ്രന്‍ കാഞ്ഞിരപ്പള്ളി ഡിവൈഎസ്പിക്കു പരാതി നല്‍കി. യുവാവിന്റെ ബന്ധുക്കള്‍ പരാതി നല്‍കിയിട്ടില്ലെന്നും പൊലീസ് പറഞ്ഞു.