മഞ്ചേശ്വരം: കഴിഞ്ഞദിവസം മഞ്ചേശ്വരം പൊലീസ് സംശയകരമായ സാഹചര്യത്തിൽ കസ്റ്റഡിയിലെടുത്ത് വിട്ടയച്ച മൊയ്തീൻ ആരിഫ് (21 ) മരണപ്പെട്ടു. പരേതനായ പദവിയിലെ അബ്ദുല്ലയുടെ മകനാണ് മരണപ്പെട്ട ആരിഫ്.

കഴിഞ്ഞ ദിവസം വൈകുന്നേരത്തോടുകൂടി സംശയകരമായ സാഹചര്യത്തിൽ കണ്ട യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തെങ്കിലും രാത്രി തന്നെ സ്റ്റേഷൻ ജാമ്യത്തിൽ കുടുംബത്തോടൊപ്പം വിട്ടയച്ചിരുന്നു. എന്നാൽ ഇന്ന് രാവിലെ യുവാവ് ചർദ്ദിക്കാൻ തുടങ്ങി. തുടർന്ന് മംഗലാപുരത്ത് ആശുപത്രിയിൽ എത്തിക്കാൻ ശ്രമിക്കുന്നതിനിടയിൽ വഴിയിൽ വച്ചാണ് മരണപ്പെട്ടത്. യുവാവിന്റെ ശരീരത്തിൽ നിരവധി മർദ്ദനമേറ്റ പാടുകൾ ഉള്ളതായി നാട്ടുകാർ പറയുന്നു.

ആദ്യഘട്ടത്തിൽ പൊലീസ് മർദ്ദിച്ചതായാണ് വിവരം പുറത്തുവന്നതെങ്കിലും പിന്നീട് ഈ വിവരം തെറ്റാണെന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത്. മൊയ്തീൻ ആരിഫിന് മർദ്ദനമേറ്റു എന്നുള്ളത് വസ്തുതയാണെങ്കിലും ഇത് ആരു മർദ്ദിച്ചു എന്നുള്ളത് ഇനി കണ്ടെത്തേണ്ടിരിക്കുന്ന വിഷയമാണ്.

യുവാവ് പൊലീസ് സ്റ്റേഷനിൽ നിന്നും വരുമ്പോൾ കാറിൽ നിന്നും ചാടാൻ ശ്രമിച്ചിരുന്നു എന്നും ചിലപ്പോൾ തലയ്ക്ക് പിന്നിൽ കാണുന്ന പാട് ആ സമയത്ത് ഉണ്ടായതാകാം എന്നാണ് കുടുംബാംഗങ്ങളിൽ ചിലർ പ്രതികരിച്ചത്. അതല്ല കുടുംബാംഗങ്ങൾ തന്നെ യുവാവിനെ മർദ്ദിച്ചിരുന്നതായി ചില കോണുകളിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. മാത്രമല്ല മൃതദേഹം മറവ് ചെയ്യാൻ ശ്രമിച്ചിരുന്നതായി പറയപ്പെടുന്നുണ്ട്.

നിരവധി ഇടങ്ങളിൽ നിന്നും വ്യത്യസ്തമായ വിവരങ്ങൾ പുറത്തുവരുന്നതുകൊണ്ടുതന്നെ അടിമുടി ദുരൂഹതയാണ് മൊയ്തീൻ ആരിഫിന്റെ മരണത്തിൽ ഉണ്ടായിരിക്കുന്നത്. മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്യാനായി പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ്.