തിരുവനന്തപുരം: ഇപ്പോൾ സമൂഹത്തിൽ നിസ്സാര കാര്യങ്ങൾക്ക് വരെ ആളുകൾ സമാധാനമില്ലാതെയാണ് പെരുമാറുന്നത്. ഒന്ന് ചെറുതായിട്ട് തർക്കം ഉടലെടുക്കുമ്പോൾ തന്നെ കൈയിലിയിരിക്കുന്ന ആയുധങ്ങൾ എടുത്ത് ആക്രമണം നടത്തുന്നു.

ഇപ്പോൾ അങ്ങനെയൊരു സംഭവമാണ് തിരുവനന്തപുരത്തെ തിരുവല്ലത്ത് നടന്നിരിക്കുന്നത്. ബൈക്കിലെത്തിയ കൂട്ടുകാരനോട് മറ്റൊരു സുഹൃത്തിനായി ലിഫ്റ്റ് ചോദിച്ചു. ഉടനെ ഇത് നിരസിച്ച യുവാവിനെ മാരകമായി കുത്തി പരിക്കേൽപ്പിച്ചു. സംഭവത്തിൽ പ്രതി അറസ്റ്റിലായിട്ടുണ്ട്.

സുഹൃത്തിന് ലിഫ്റ്റ് നൽകാത്തതിലുള്ള വിരോധത്തിലാണ് ബൈക്ക് യാത്രികനെ കുത്തിപ്പരിക്കേൽപ്പിച്ചത്. സംഭവത്തിനുശേഷം രക്ഷപ്പെട്ട സംഘത്തിലെ മുഖ്യപ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.

വണ്ടിത്തടം ശാന്തിപുരം സ്വദേശി അനന്തുവിനെയാണ് തിരുവല്ലം പൊലീസ് അറസ്റ്റുചെയ്തത്.തിരുവല്ലം പുഞ്ചക്കരിക്കടുത്തുള്ള ചെമ്മണ്ണുവിള വീട്ടിൽ അഭി(18)ക്കാണ് കുത്തേറ്റത്. കഴിഞ്ഞ 13-ന് രാത്രിയാണ് സംഭവം നടന്നത്.

വണ്ടിത്തടത്ത് നിന്ന് പാച്ചല്ലൂർ ദേവീക്ഷേത്രത്തിലെ തൂക്ക നേർച്ച കാണുന്നതിന് അനന്തുവും സുഹൃത്തുക്കളുമായി നടന്നുവരികയായിരുന്നു. ഈ സമയത്ത് എതിരെ ബൈക്കിൽവന്ന അഭിയോട് തന്‍റെ കൂടെയുണ്ടായിരുന്ന യുവതിക്ക് ലിഫ്റ്റ് നൽകണമെന്ന് അനന്തു ആവശ്യപ്പെട്ടു.

പറ്റില്ലെന്ന് അഭി പറഞ്ഞതോടെ കൈയിലുണ്ടായിരുന്ന കത്രികയെടുത്ത് അനന്തു അഭിയുടെ പുറത്ത് നിരവധി തവണ കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരുന്നതായി പോലീസ് അറിയിച്ചു.