തിരുവല്ല: നഗര മധ്യത്തിലെ ത്രീസ്റ്റാർ ഹോട്ടലിൽ ശൃചീകരണ ജീവനക്കാരിയെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ കേസിൽ യുവാവ് അറസ്റ്റിൽ. നെടുമ്പ്രം വൈപ്പിനാലിൽ ജോമി മാത്യു(42)വാണ് പിടിയിലായത്. വെള്ളിയാഴ്ച രാവിലെ പതിനൊന്നിനാണ് സംഭവം. വനിതാ സുഹൃത്തിനൊപ്പം ഇന്നലെ രാവിലെയാണ് ജോമി മുറിയെടുത്തത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 ന് ചെക്കൗട്ട് ചെയ്യാനിരിക്കേയായിരുന്നു വിളയാട്ടം.

മുറി വൃത്തിയാക്കാനായി എത്തിയ ക്ലീനിങ് വിഭാഗത്തിൽ ജോലി ചെയ്യുന്ന ജീവനക്കാരി അൽപ്പ നരത്തേക്ക് മുറിയിൽ നിന്നു പുറത്തേക്ക് ഇറങ്ങാൻ ജോമിയോട് ആവശ്യപ്പെട്ടു. ഈ സമയം മദ്യപിച്ച് ലക്കുകെട്ട നിലയിലായിരുന്ന ജോമി ജീവനക്കാരിയെ കൈയേറ്റം ചെയ്തു. തുടർന്ന് കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തി ജീവനക്കാരിക്ക് നേരേ തോക്ക് ചൂണ്ടുകയായിരുന്നു.

ഇവർ ബഹളം വച്ചതോടെ മറ്റ് ജീവനക്കാർ ഓടിയെത്തി ജോമിയെ കീഴ്പ്പെടുത്തുകയും പൊലീസിന് കൈമാറുകയുമായിരുന്നു. ലൈസൻസ് ആവശ്യമില്ലാത്ത കൈത്തോക്കാണ് ഇയാളുടെ കൈവശം ഉണ്ടായിരുന്നതെന്ന് പൊലീസ് പറഞ്ഞു. 3.5 ജൂൾസ് ശേഷിയുള്ള തോക്കാണിത്. 20 ജൂൾസ് വരെയുള്ള തോക്കിന് ലൈസൻസ് ആവശ്യമില്ല. ആംസ് ആക്ട് ഇട്ട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.