- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചെടിക്ക് ആവശ്യത്തിന് വായുസഞ്ചാരം ലഭിക്കാൻ ഫാനും വെളിച്ചത്തിന് എൽഇഡി ലൈറ്റും; ചെടി പരിപാലന രീതിയുടെ വിവരങ്ങൾ ശേഖരിച്ചതും പഠിച്ചതും ഇന്റർനെറ്റിൽ നിന്ന്; കൊച്ചിയിൽ ഫ്‌ളാറ്റിൽ അടുക്കളയോട് ചേർന്ന് കഞ്ചാവ് വളർത്തിയ യുവാവും യുവതിയും അറസ്റ്റിൽ
കൊച്ചി : കുറച്ച് വർഷങ്ങൾക്ക് മുൻപ് മലയാളത്തിൽ ഇറങ്ങിയ ഒരു ചിത്രത്തിൽ കോളേജ് ഹോസ്റ്റലിലെ മുറിയിൽ നായകനും സുഹൃത്തുക്കളും കഞ്ചാവ് ചെടി വളർത്തുകയും റൂമിൽ പരിശോധനയ്ക്ക് എത്തുന്ന വാർഡൻ ചെടി എന്താണെന്ന് തിരിച്ചറിയാതെ ചെടികൾ പരിപാലിക്കുന്നതിനെക്കുറിച്ച് വിദ്യാർത്ഥികളെ അഭിനന്ദിച്ച് മടങ്ങുന്ന രംഗം തമാശരൂപേയാണ് അവതരിപ്പിച്ചത്.എന്നാൽ ഈ സംഭവം യഥാർത്ഥ ജീവിതത്തിൽ ആയാലോ.. എല്ലാവർക്കും അതേപോലെ തടിതപ്പാൻ പറ്റണം എന്നില്ല.അത്തരത്തിൽ ഒരു സംഭവമാണ് കൊച്ചിയിൽ ഉണ്ടായത്.
അത്യാധുനിക സൗകര്യങ്ങളോടെ ഫ്‌ളാറ്റിൽ കഞ്ചാവു ചെടി വളർത്തിയ യുവാവും യുവതിയും ഒടുവിൽ പിടിയിൽ.ഇന്റർനെറ്റിൽ നോക്കി പഠിച്ചാണ് പത്തനംതിട്ട കോന്നി വല്യതെക്കേത്തു വീട്ടിൽ വി.ജെ. രാജുവിന്റെ മകൻ അലൻ വി.രാജു (26), കായംകുളം പെരുമ്പിള്ളി, കണ്ടല്ലൂർ പുത്തൻപുരയ്ക്കൽ റജിയുടെ മകൾ അപർണ (24) എന്നിവർ ചെടി വളർത്തിയത്. എറണാകുളം സിറ്റി ഡാൻസാഫും ഇൻഫോപാർക്ക് പൊലീസും നടത്തിയ പരിശോധനയിൽ ഇവർ വളർത്തിയിരുന്ന കഞ്ചാവു ചെടി പിടികൂടി.
നിലംപതിഞ്ഞമുകൾ ഭാഗത്ത് ഇവർ വാടകയ്ക്കു താമസിച്ചിരുന്ന ഫ്‌ളാറ്റിന്റെ അടുക്കളയോടു ചേർന്നാണ് ചെടി വളർത്തിയിരുന്നത്. ചെടിക്ക് ആവശ്യത്തിനു വായു സഞ്ചാരം ലഭിക്കുന്നതിന് ഒരു ഫാനും വെളിച്ചത്തിനായി എൽഇഡി ലൈറ്റും സജ്ജീകരിച്ചിരുന്നു. വീടിനുള്ളിൽ എങ്ങനെ കഞ്ചാവു വളർത്താം എന്ന് ഇന്റർനെറ്റിൽ നോക്കി പഠിച്ച ശേഷമാണ് ഇവർ കഞ്ചാവു ചെടി പരിപാലിച്ചിരുന്നത് എന്ന് പൊലീസ് കണ്ടെത്തി.
ഇവർക്കൊപ്പം മറ്റൊരു യുവാവിനെ കഞ്ചാവ് കൈവശം വച്ചതിനും അറസ്റ്റു ചെയ്തിട്ടുണ്ട്. പത്തനംതിട്ട മല്ലപ്പള്ളി കണ്ടത്തിൽ അനന്തന്റെ മകൻ അമലിനെയാണ് (28) കഞ്ചാവുമായി പിടികൂടിയത്. വീടു വാടകയ്‌ക്കെടുത്തു താമസിച്ചിരുന്ന അലനും അപർണയുമായി അമലിന് എന്തെങ്കിലും ലഹരി ഇടപാടുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഇൻഫോപാർക്ക് എസ്എച്ച്ഒ വിപിൻദാസ്, എസ്‌ഐ ജയിംസ് ജോൺ, ഡാൻസാഫ് ടീം എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
മറുനാടന് മലയാളി ബ്യൂറോ