- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പഞ്ചനക്ഷത്ര ഹോട്ടലിലെ പളപപളപ്പിൽ പരിചയം ബിസിനസ് സൗഹൃദമായി; നിക്ഷേപമിറക്കാൻ കൊടുത്ത രണ്ടരലക്ഷം തിരികെ ചോദിച്ചപ്പോൾ യുവതിയുടെ വിവാഹവാഗ്ദാനം; രാത്രി വിരുന്നുകൾക്ക് ക്ഷണിച്ച് നഗ്ന വീഡിയോ പകർത്തി 80 ലക്ഷം തട്ടി; ഡൽഹിയിൽ യുവ വ്യവസായിയെ ഹണിട്രാപ്പിൽ കുടുക്കിയത് യൂടൂബർ ദമ്പതികൾ
ന്യൂഡൽഹി: എളുപ്പത്തിൽ പണമുണ്ടാക്കാൻ ഉള്ള സൂത്രവഴിയാണിപ്പോൾ ഹണി ട്രാപ്. തിരുവനന്തപുരത്ത് പൊലീസുകാർ പോലും ഹണിട്രാപ്പിൽ പെട്ട് വെള്ളം കുടിച്ച കഥകൾ നേരത്തെ പുറത്തുവന്നിരുന്നു. ഏതെങ്കിലും ഹോട്ടലിലോ, ലോഡ്ജിലോ റൂമെടുക്കുക, ഇരയെ അങ്ങോട്ട് വിളിച്ചുവരുത്തുക, യുവതികൾക്കൊപ്പം നിർത്തി നഗ്‌ന ചിത്രം എടുക്കുക, പിന്നെ ബ്ലാക്ക്മെയിൽ ചെയ്യുക, ഇതാണ് ഹണി ട്രാപ് സംഘങ്ങളുടെ പൊതുപരിപാടി.
ഇല്ലാത്ത ഗർഭം ഉണ്ടെന്ന് നുണ പറഞ്ഞ ശേഷം, നീയാണ് ആൾ എന്നു പറഞ്ഞ് ഗർഭം അലസിപ്പിക്കാൻ ഭീഷണിപ്പെടുത്തി പണം തട്ടുന്ന യുവതിയെ കുറിച്ച് കേരളത്തിൽ നിന്ന് പരാതി ഉയർന്നിരുന്നു. പ്രഗ്‌നൻസി കിറ്റിൽ ഹാർപിക് ഒഴിച്ച് ചുവന്ന അടയാളം വരുത്തി ആളെ വിശ്വസിപ്പിക്കുകയായിരുന്നു ഈ യുവതിയുടെ തന്ത്രം.
മലപ്പുറം കൽപകഞ്ചേരിയിൽ 68കാരനെ ഹണിട്രാപ്പിൽ പെടുത്തി വ്ലോഗർ ദമ്പതികൾ 23ലക്ഷം തട്ടിയത് കഴിഞ്ഞ ദിവസമാണ്. ആലുവയിലെ ഫ്ളാറ്റിൽ വെച്ച് തന്നോടൊപ്പം പകർത്തിയ ദൃശ്യങ്ങൾ കാണിച്ചു ഭീഷണിപ്പെടുത്തിയാണ് യുവതിയും ഭർത്താവും 23ലക്ഷം രൂപ തട്ടിയെടുത്തത്. ഡൽഹിയിൽ ഹണിട്രാപ്പിലൂടെ 21 കാരനായ ബിസിനസുകാരന്റെ പക്കൽ നിന്ന് സമാനരീതീയിൽ യുട്ഊബർ ദമ്പതികൾ തട്ടിയെടുത്തത് 80 ലക്ഷമാണ്. ഹണിട്രാപിൽ കുടുക്കിയ ശേഷം കള്ളപീഡനക്കേസിൽ അകത്താക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് ദമ്പതികൾ പണം തട്ടിയത്.
കഥ ആരംഭിക്കുന്നത് ഓഗസ്റ്റിൽ
ഒരു പരസ്യ ഏജൻസി നടത്തുകയാണ് 21 കാരൻ. ബാദ്ഷാപൂർ സ്വദേശിയായ യുവാവ് ഷാലിമാർ ബാഗ് സ്വദേശിയായ നാമ്ര ഖാദിർ എന്ന യുവതിയെ പരിചയപ്പെടുന്നത് ജോലി സംബന്ധമായ കാര്യങ്ങൾക്ക് ഒരു പഞ്ച നക്ഷത്ര ഹോട്ടലിൽ വച്ചാണ്. പരിചയം സൗഹൃദമാകുകയും ശാരീരിക ബന്ധത്തിലേക്ക് നീങ്ങുകയും ചെയ്തു.
നാമ്ര ഖാദിറിനൊപ്പം വിരാട് എന്ന് വിളിക്കുന്ന മാനിഷ് ബനിവാൾ എന്നയാളും മിക്കവാറും വന്നിരുന്നു. ബിസിനസ് ആവശ്യത്തിനെന്ന് പറഞ്ഞ് യുവതി 2.50 ലക്ഷം വാങ്ങി. പണം കൊണ്ട് എന്തുചെയ്തുവെന്നും ഫലമെന്തായി എന്നും ചോദിച്ചപ്പോൾ, രക്ഷപ്പെടാനായി യുവതി വിവാഹ വാഗ്ദാനം മുന്നോട്ടു വച്ചു. ഇതോടെ, സംശയം തോന്നാതിരുന്ന യുവാവ് നാമ്രയുമായി കൂടുതൽ അടുത്തു. വിരാടിനും, നാമ്രയ്ക്കും ഒപ്പം നിരവധി രാത്രികൾ യുവാവ് ചെലവഴിച്ചു. അതിനിടെ, യുവാവിന്റെ നഗ്ന വീഡിയോ അടക്കം ദമ്പതികൾ രഹസ്യമായി ഷൂട്ട് ചെയ്തു. വീഡിയോ വച്ച് ബ്ലാക്‌മെയിലിങ്ങും തുടങ്ങി.
ഭീഷണിപ്പെടുത്തി 80 ലക്ഷത്തോളം വാങ്ങി കഴിഞ്ഞിട്ടും, ചൂഷണം നിർത്തിയില്ല. തനിക്കെതിരെ ബലാൽസംഗ കേസ് കൊടുക്കുമെന്ന് യുവതി ഭീഷണി മുഴക്കിയതോടെ, ഇതിനിയും വച്ചുപൊറുപ്പിക്കാൻ ആവില്ലെന്ന് യുവവ്യവസായിക്ക് മനസ്സിലായി. ഇതോടെ, പൊലീസിൽ പരാതി കൊടുക്കുകയും, ദമ്പതികളുടെ ഇടക്കാല ജാമ്യാപേക്ഷ ഗുരുഗ്രാം കോടതി തള്ളുകയും ചെയ്തു. ഒളിവിൽ പോയ ദമ്പതികൾക്കായി തിരച്ചിൽ തുടരുകയാണ്.
അതേസമയം, ഡേറ്റിങ് ആപ്പിലൂടെ പരിചയം സ്ഥാപിച്ച് യുവാക്കളിൽ നിന്ന് പണം തട്ടിയെടുക്കുന്ന യുവതിയും യുവാവും കഴിഞ്ഞ ദിവസം ഡൽഹിയിൽ അറസ്റ്റിലായിരുന്നു. രാഖി എന്ന കാശിഷ്, സന്തോഷ് കുമാർ ഭഗത് എന്നിവരെയാണ് ഫരീദാബാദിലെ ഹോട്ടലിൽനിന്ന് പൊലീസ് പിടികൂടിയത്. ഇവരിൽനിന്ന് എട്ട് മൊബൈൽ ഫോണുകളും 15,000 രൂപയും പാൻ, ഡെബിറ്റ് കാർഡുകളും മയക്കുഗുളികകളും പിടിച്ചെടുത്തു.
ഒക്ടോബർ നാലാം തീയതി ഒരു യുവാവ് പരാതിയുമായി പൊലീസിനെ സമീപിച്ചതോടെയാണ് രാഖിയുടെ തട്ടിപ്പിനെക്കുറിച്ച് പുറത്തറിയുന്നത്. ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ട യുവതി നേരിട്ട് കാണാൻ ആവശ്യപ്പെട്ട് നീലംചൗക്കിലേക്ക് വിളിച്ചുവരുത്തിയെന്നും പിന്നീട് ശീതളപാനീയത്തിൽ മയക്കുമരുന്ന് കലർത്തി നൽകി തന്നെ കൊള്ളയടിച്ചെന്നുമായിരുന്നു യുവാവിന്റെ പരാതി.
2005-ൽ പുറത്തിറങ്ങിയ ബണ്ടി ഓൺ ബബ്‌ളി എന്ന സിനിമയിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഇത്തരം തട്ടിപ്പുകൾക്കിറങ്ങിയതെന്നാണ് പ്രതികളുടെ മൊഴി. സാമൂഹികമാധ്യമങ്ങളിലൂടെയും ഡേറ്റിങ് ആപ്പുകളിലൂടെയും രാഖിയാണ് യുവാക്കളുമായി അടുപ്പം സ്ഥാപിക്കുന്നത്. തുടർന്ന് സ്വകാര്യമായി കാണണമെന്ന് ആവശ്യപ്പെട്ട് വിളിച്ചുവരുത്തും.
ഈ സമയത്ത് ഭക്ഷണസാധനങ്ങളിൽ മയക്കുമരുന്ന് കലർത്തിനൽകി യുവാക്കളെ കൊള്ളയടിക്കുന്നതാണ് സംഘത്തിന്റെ രീതിയെന്നും ഇതുവരെ ഇരുപതിലേറെ യുവാക്കൾ ഇവരുടെ കെണിയിൽവീണിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.സമാന അനുഭവമാണ് പരാതി നൽകിയ യുവാവിനും ഉണ്ടായത്. നീലംചൗക്കിൽവെച്ച് നേരിട്ട് കണ്ടതിന് പിന്നാലെ ഇരുവരും യുവാവിന്റെ വീട്ടിലേക്ക് പോയി. ഇവിടെവെച്ച് രാഖി യുവാവിന് ശീതളപാനീയം നൽകി.
ഇത് കുടിച്ചതോടെ താൻ ബോധരഹിതനായെന്നും പിന്നീട് ബോധം വീണ്ടെടുത്തപ്പോളാണ് കവർച്ച നടന്നത് മനസിലായതെന്നും പരാതിയിൽ പറഞ്ഞിരുന്നു. മൊബൈൽഫോൺ, പണം, സ്വർണം, വെള്ളി ആഭരണങ്ങൾ തുടങ്ങിയവയാണ് യുവതി മോഷ്ടിച്ചത്. യുവാവിന്റെ ഫോണിൽനിന്ന് ഒരുലക്ഷം രൂപയുടെ ഓൺലൈൻ ഇടപാടുകളും നടത്തിയിരുന്നു. സംഭവത്തിന് പിന്നാലെ രാഖിയെ വീണ്ടും ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. ഇതോടെയാണ് യുവാവ് പൊലീസിൽ പരാതി നൽകിയത്.
പൊലീസ് നടത്തിയ അന്വേഷണത്തിൽ ഡേറ്റിങ് ആപ്പിലൂടെ പരിചയം സ്ഥാപിച്ച രാഖി ഹരിയാണയിലാണുള്ളതെന്ന് കണ്ടെത്തിയിരുന്നു. തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് ഫരീദാബാദിലെ ഹോട്ടലിൽനിന്ന് രണ്ടുപ്രതികളെയും പിടികൂടിയത്.
മറുനാടന്‍ മലയാളി ബ്യൂറോ