- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
'സുബീന്‍ ഗാര്‍ഗിനെ വിഷം നല്കി കൊലപ്പെടുത്തി'; കൊലപാതകത്തിനു പിന്നില്‍ ബാന്‍ഡ് മാനേജര്‍; വിഷബാധയും ചികിത്സ നല്കാന് വൈകിപ്പിച്ചതുമാണു മരണ കാരണം; കുറ്റകൃത്യം മറച്ചുവെക്കാന്‍ സിംഗപ്പൂര്‍ തെരഞ്ഞെടുത്തു; ഗുരുതര ആരോപണവുമായി സഹഗായകന്‍ ശേഖര്‍ ജ്യോതി ഗോസ്വാമി
'സുബീന്‍ ഗാര്‍ഗിനെ വിഷം നല്കി കൊലപ്പെടുത്തി'
ഗുവാഹത്തി: പ്രശസ്ത ഗായകന്‍ സുബീന്‍ ഗാര്‍ഗിന്റെ മരണത്തില്‍ ഗുരുതര ആരോപണവുമായി സഹഗായകന്‍ ശേഖര്‍ ജ്യോതി ഗോസ്വാമി. സിംഗപ്പൂരിലെ പരിപാടിയുടെ സംഘാടകന്‍ ശ്യാംകാനു മഹന്തയും ബാന്‍ഡ് മാനേജര്‍ സിദ്ധാര്‍ഥ് ശര്‍മ്മയും വിഷം നല്‍കിയാണ് സുബീനെ കൊലപ്പെടുത്തിയതെന്ന ആരോപണണമാണ് ശേഖര്‍ ജ്യോതി ഗോസ്വാമി ഉന്നയിച്ചത്.
സുബീന്റെ മരണവുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്ത നാലു പേരില്‍ ഒരാളാണ് ശേഖര്‍ ജ്യോതി ഗോസ്വാമി. പോലീസിന് നല്‍കിയ മൊഴിയില്‍ ബാന്‍ഡ് മാനേജര്‍ക്കെതിരെ ആരോപണം കടുപ്പിക്കുകയായിരുന്നു. കുറ്റകൃത്യം മറച്ചുവെക്കാന്‍ സിംഗപ്പൂര്‍ തെരഞ്ഞെടുത്തുവെന്നും ശേഖര്‍ പറയുന്നു. സിംഗപ്പൂരിലെ ഹോട്ടലില്‍വച്ച് സിദ്ധാര്‍ത്ഥ ശര്‍മയുടെ പെരുമാറ്റത്തില്‍ തനിക്ക് സംശയം തോന്നിയിരുന്നു. അപകടത്തിന് തൊട്ടുമുന്‍പ് ആഘോഷം സംഘടിപ്പിച്ച നൗകയുടെ നിയന്ത്രണം പ്രതികള്‍ ബലമായി പിടിച്ചെടുത്തിരുന്നു. നൗകയില്‍ മദ്യം താന്‍ വിളമ്പിക്കൊള്ളാമെന്ന് സിദ്ധാര്‍ത്ഥ ശര്‍മ ശാഠ്യം പിടിച്ചിരുന്നു. സുബിന്‍ വെള്ളത്തില്‍ മുങ്ങിത്താഴുന്ന ഘട്ടത്തില്‍ ഗായകന് നീന്തല്‍ അറിയാമെന്ന് പറഞ്ഞ് ഇരുവരും സഹായം നല്‍കിയില്ല എന്നുമാണ് സഹ ഗായകന്റെ മൊഴി.
സുബീന്‍ ഗാര്‍ഗ് മരിച്ചത് സ്‌കൂബ ഡൈവിങ്ങിനിടെയല്ലെന്നും കടലില്‍ നീന്തുന്നതിനിടെയാണെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിനു പിന്നാലെ, മരണം ആസൂത്രിതമാണെന്ന് ആരോപണം ഉയര്‍ന്നത്. നോര്‍ത്ത് ഈസ്റ്റ് ഇന്ത്യ ഫെസ്റ്റിവലില്‍ പങ്കെടുക്കാന്‍ സിംഗപ്പുരില്‍ എത്തിയ സുബീന്‍ ഗാര്‍ഗ് സെപ്റ്റംബര്‍ 19 നാണു മരിച്ചത്. അന്ന് വൈകിട്ട് സുബീന്‍ കടലില്‍ നീന്തുമ്പോള്‍ ഗോസ്വാമിയും ഒപ്പമുണ്ടായിരുന്നു. മരണവുമായി ബന്ധപ്പെട്ട് ഗോസ്വാമിയെയും ഗായിക അമൃത്പ്രവ മഹന്തയെയും പൊലീസ് അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തിരുന്നു. ഇവരുടെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വെളിപ്പെടുത്തലുകള്‍ സംബന്ധിച്ച വിവരങ്ങളുണ്ട്.
മുങ്ങിമരണമാണെന്നാണ് സുബീന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത്. എന്നാല്‍, സുബീന്‍ നീന്തല്‍ വിദഗ്ധനാണെന്നും അതിനാല്‍ മുങ്ങിമരണത്തിനു സാധ്യതയില്ലെന്നുമാണ് ഗോസ്വാമി തറപ്പിച്ചു പറയുന്നത്. സിംഗപ്പുരില്‍വച്ച് ഇവര്‍ക്കൊപ്പമുണ്ടായിരുന്ന സിദ്ധാര്‍ഥ് ശര്‍മയുടെ പെരുമാറ്റം സംശയാസ്പദമായിരുന്നെന്ന് ഗോസ്വാമി പറയുന്നു. സുബിനും സംഘവും സഞ്ചരിച്ചിരുന്ന യാട്ടിന്റെ നിയന്ത്രണം ഇയാള്‍ ബലമായി ഏറ്റെടുത്തു.
അപകടമുണ്ടായി സുബീന്റെ വായിലൂടെയും മൂക്കിലൂടെയും നുര വന്നപ്പോള്‍ സഹായിക്കുന്നതിനു പകരം 'ജബോ ദേ, ജബോ ദേ' (അയാളെ പോകാന്‍ അനുവദിക്കൂ) എന്നു നിലവിളിച്ച് ശര്‍മ തടസ്സമുണ്ടാക്കി. അടിയന്തര വൈദ്യസഹായം നല്‍കേണ്ടതിനു പകരം, ആസിഡ് റിഫ്‌ലക്‌സ് ആണെന്നു പറഞ്ഞ് ഗുരുതര ലക്ഷണങ്ങളെ നിസ്സാരമാക്കിയെന്നും ഗോസ്വാമി പറയുന്നു.
കൊലപാതകം ആസൂത്രണം ചെയ്തതാണെന്നതിനുള്ള തെളിവുകളും ഗോസ്വാമി പൊലീസിനോടു പങ്കുവച്ചു. സുബിന് താന്‍ മാത്രമേ പാനീയങ്ങള്‍ നല്‍കൂവെന്നു ശര്‍മ മറ്റുള്ളവരോടു പറഞ്ഞിരുന്നെന്നും സുബീനായി സജ്ജീകരിച്ച മദ്യത്തെക്കുറിച്ചും സ്ത്രീകളെക്കുറിച്ചും തൃപ്തികരമായ വിശദീകരണം ഇയാള്‍ നല്‍കിയില്ലെന്നും യാട്ടില്‍ നടന്ന കാര്യങ്ങളുടെ വിഡിയോ ദൃശ്യങ്ങള്‍ ആരുമായും പങ്കിടരുതെന്നു ശര്‍മ നിര്‍ദേശിച്ചെന്നും ഗോസ്വാമി ആരോപിക്കുന്നു.
സിദ്ധാര്‍ഥ് ശര്‍മ, ശ്യാംകാനു മഹന്ത എന്നിവര്‍ക്കെതിരെ ഗൂഢാലോചന, മനഃപൂര്‍വമല്ലാത്ത നരഹത്യ എന്നീ കുറ്റങ്ങള്‍ പൊലീസ് ചുമത്തിയിട്ടുണ്ട്. കൂടുതല്‍ അന്വേഷണം നടക്കുകയാണ്. സുബീന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും വിശദമായ അന്വേഷണം വേണമെന്നും ഭാര്യ ഗരിമ ആവശ്യപ്പെട്ടിരുന്നു. നേരത്തേ, ജനങ്ങളുടെ ആവശ്യത്തെ തുടര്‍ന്ന് ഗാര്‍ഗിന്റെ മൃതദേഹം രണ്ടാംതവണ പോസ്റ്റ്മോര്‍ട്ടം നടത്തിയിരുന്നു.