കൊച്ചി: പ്രീ ഓണ്‍ഡ് ലക്ഷ്വറി കാര്‍ റീറ്റെയില്‍ രംഗത്തെ വന്‍കിട കമ്പനിയായ റോയല്‍ ഡ്രൈവിന്റെ കേന്ദ്രങ്ങളില്‍ ആദായ നികുതി റെയ്ഡ്. 84 കോടിയുടെ നികുതി വെട്ടിപ്പ് കണ്ടെത്തിയതായാണ് സൂചന. മലപ്പുറം സ്വദേശിയായ മുജീബ് റഹ്‌മാന്‍ തലപ്പത്തുള്ള കമ്പനിയുടെ നാലുകേന്ദ്രങ്ങളിലാണ് റെയ്ഡ് നടന്നത്.

ഔഡി, ജാഗ്വൂര്‍, ബി.എം.ഡബ്ല്യു, ലെക്സസ്, മെഴ്സിഡീസ് ബെന്‍സ്, ബെന്റ്ലി, ലംബോര്‍ഗിനി, വോള്‍വോ, ലാന്‍ഡ് റോവര്‍, പോര്‍ഷെ, മിനി കൂപ്പര്‍ തുടങ്ങിയ കാറുകളാണ് റോയല്‍ ഡ്രൈവിന്റെ ഷോറൂമുകളില്‍ വില്‍ക്കുന്നത്. സിനിമാ താരങ്ങള്‍ അടക്കം സെലിബ്രിറ്റികള്‍ റോയല്‍ ഡ്രൈവിന്റെ ഉപഭോക്താക്കളാണ്. ഇന്നലെ വൈകുന്നേരം ആരംഭിച്ച റെയ്ഡ് ഇപ്പോഴും തുടരുകയാണ്. ആരെയും പുറത്തേക്ക് വിട്ടിട്ടില്ല. കൊച്ചിയില്‍ വൈറ്റിലയിലാണ് റോയല്‍ ഡ്രൈവിന്റെ മുഖ്യ ഓഫീസ്

വില്‍പ്പനയുമായി ബന്ധപ്പെട്ട യഥാര്‍ഥ വില മറച്ചുവച്ച് തട്ടിപ്പ് നടത്തിയെന്നാണ് ആദായ നികുതി വകുപ്പ് കണ്ടെത്തിയിരിക്കുന്നത്. വിശദ വിവരങ്ങള്‍ പുറത്തുവരാനിരിക്കുന്നതേയുള്ളു. ബാങ്ക് വഴിയല്ല റോയല്‍ ഡ്രൈവ് ഇടപാടുകള്‍ നടത്തുന്നത് എന്നാണ് ആരോപണം. ക്യാഷായുള്ള ഇടപാടുകളിലൂടെ കള്ളപ്പണം വെളുപ്പിക്കുന്നുവെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് ആദായ നികുതി റെയ്ഡ്.

കാര്‍ഭ്രമം പെരുകി റോയല്‍ ഡ്രൈവിലേക്ക്

കാറുകളോടുള്ള ഭ്രമമാണ് മുജീബ് റഹ്‌മാനെ പ്രീ ഓണ്‍ഡ് അത്യാഡംബര കാറുകളുടെ റീട്ടെയ്ല്‍ വില്‍പ്പന രംഗത്തേക്ക് തിരിച്ചുവിട്ടത്. അത് വലിയ വഴിത്തിരിവാകുകയും, റോയല്‍ ഡ്രൈവ് 120 കോടിയുടെ വിറ്റുവരവുള്ള കമ്പനിയായി വളരുകയും ചെയ്തു. ഗള്‍ഫില്‍ അടക്കം മറ്റുവ്യവസായങ്ങളില്‍ വ്യാപൃതനായിരുന്ന മുജീബ് ഏറെ നാള്‍ പ്രീ ഓണ്‍ഡ് കാര്‍ വിപണി പഠിച്ച ശേഷമാണ് കളത്തിലേക്ക് ഇറങ്ങിയത്. തിരുവനന്തപുരത്ത് സമീപകാലത്ത് പുതിയ ഷോറൂം തുറന്നിരുന്നു. ലക്ഷ്വറി കാറുകള്‍ മാത്രമല്ല, ലക്ഷ്വറി ബൈക്കുകളും റോയല്‍ ഡ്രൈവിന്റെ ഷോറൂമുകളില്‍ ഉണ്ട്.

ആത്യാംഡര വാഹനങ്ങളുടെ ആദ്യ ഷോറൂം 2016ല്‍ സ്വന്തം നാടായ മലപ്പുറത്താണ് തുറന്നു. 2018ല്‍ കോഴിക്കോടും 2022ല്‍ കൊച്ചിയിലും ഈ വര്‍ഷം ജനുവരിയില്‍ തിരുവനന്തപുരത്തും ഷോറും തുറന്നു. കേരളത്തിന് പുറത്തും വിദേശ രാജ്യങ്ങളിലും ഷോറൂമുകള്‍ ആലോചനയിലാണ്. ആഡംബര വാഹനങ്ങള്‍ക്കായി റോയല്‍ ഡ്രൈവ് കെയര്‍ എന്ന പേരില്‍ കൊച്ചിയില്‍ വര്‍ക്ക്ഷോപ്പും തുടങ്ങി. കോഴിക്കോടിന് പുറമേ തിരുവനന്തപുരത്തും വര്‍ക്ക്ഷോപ്പ് തുറക്കാനാണ് പദ്ധതി.

കുതിപ്പിനിടെ നികുതി വെട്ടിപ്പ് ആരോപണം

ഇപ്പോള്‍ ബജറ്റ് കാറുകള്‍ക്കായി റോയല്‍ ഡ്രൈവ് സ്മാര്‍ട്ട് എന്ന വിഭാഗം മലപ്പുറത്തും തിരുവനന്തപുരത്തും തുറന്നു. കൊച്ചിയില്‍ രാജ്യത്തെ ഏറ്റവും വലിയ പ്രീ ഓണ്‍ഡ് ഷോപ്പ് ഒരുങ്ങുകയാണ്. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 1000 കോടിയുടെ കമ്പനിയായി വളരാനുള്ള പരിശ്രമത്തിനിടയിലാണ് നികുതി വെട്ടിപ്പ് ആരോപണങ്ങള്‍ വരുന്നത്.