കൊച്ചി: മലയാള ചലച്ചിത്രതാരങ്ങളുടെ സംഘടനയായ 'അമ്മ'യുടെ നേതൃത്വത്തില്‍ തലമുറമാറ്റം ആഗ്രഹിച്ചിരുന്നതായി സംഘടനയുടെ വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ജഗദീഷ്. പൃഥിരാജിനെയും കുഞ്ചാക്കോ ബോബനെയും നേതൃത്വത്തിലേക്ക് കൊണ്ടുവരാന്‍ മോഹന്‍ലാല്‍ ഉള്‍പ്പെടെയുളളവര്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍, തിരക്ക് കാരണം ഇരുവരും പിന്‍മാറുകയായിരുന്നുവെന്നും ജഗദീഷ് വ്യക്തമാക്കി.

യുവതാരങ്ങള്‍ ഇല്ലെന്ന് അറിയിച്ചതിനെ തുടര്‍ന്നാണ് പ്രസിഡന്റ് പദവിയില്‍ തുടരാന്‍ മോഹന്‍ലാല്‍ തീരുമാനിച്ചത്. താരങ്ങളുടെ രാഷ്ട്രീയ നിലപാടുകള്‍ ഭാരവാഹി തെരഞ്ഞെടുപ്പിനെ സ്വാധീനിച്ചിട്ടില്ല. വനിതകളെ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തുന്നതില്‍ അഭിപ്രായ വ്യത്യാസങ്ങളില്ല. പരിഭവിച്ച് മാറി നില്‍ക്കുന്നവരെ സഹകരിപ്പിച്ച് മുന്നോട്ടു പോകുമെന്നും ജഗദീഷ് വ്യക്തമാക്കി.

കൊച്ചിയില്‍ നടന്ന സംഘടനയുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ നടന്‍ സിദ്ദീഖിനെ 'അമ്മ'യുടെ പുതിയ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്തിരുന്നു. നീണ്ട കാലം ഇടവേള ബാബു വഹിച്ച പദവിയിലാണ് കഴിഞ്ഞ ഭരണസമിതിയില്‍ ട്രഷററായിരുന്ന സിദ്ദീഖ് എത്തുന്നത്. 157 വോട്ടുകള്‍ ഇദ്ദേഹത്തിന് ലഭിച്ചു. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് സിദ്ദീഖിനെ കൂടാതെ കുക്കു പരമേശ്വരന്‍, ഉണ്ണി ശിവപാല്‍ എന്നിവരാണ് മത്സരിച്ചത്.

പ്രസിഡന്റായി നടന്‍ മോഹന്‍ലാലിനെയും ട്രഷററായി ഉണ്ണി മുകുന്ദനെയും എതിരില്ലാതെ തെരഞ്ഞെടുത്തിരുന്നു. തുടര്‍ച്ചയായ മൂന്നാം തവണയാണ് മോഹന്‍ലാല്‍ പ്രസിഡന്റായി തുടരുന്നത്. അനൂപ് ചന്ദ്രനെ തോല്‍പിച്ച് 198 വോട്ടുകളോടെ ബാബുരാജ് ജോയന്റ് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. ജഗദീഷ് (245 വോട്ട്), ജയന്‍ ആര്‍. (ജയന്‍ ചേര്‍ത്തല -215 വോട്ട്) എന്നിവര്‍ വൈസ് പ്രസിഡന്റുമാരായി തെരഞ്ഞെടുക്കപ്പെട്ടു. ഈ സ്ഥാനത്തേക്ക് മത്സരിച്ച മഞ്ജു പിള്ള പരാജയപ്പെട്ടു.

അനന്യ, കലാഭവന്‍ ഷാജോണ്‍, സരയു, സുരാജ് വെഞ്ഞാറമൂട്, സുരേഷ് കൃഷ്ണ, ടിനി ടോം, ടൊവിനോ തോമസ്, അന്‍സിബ ഹസന്‍, ജോയ് മാത്യു, വിനു മോഹന്‍ എന്നിവരാണ് എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങള്‍. സരയു, അന്‍സിബ ഹസന്‍ എന്നിവരുടെ വോട്ടുകളുടെ എണ്ണം പ്രഖ്യാപിച്ചില്ല.

11 അംഗ എക്സിക്യൂട്ടിവ് കമ്മിറ്റിയിലേക്ക് 12 പേരാണ് മത്സരിച്ചത്. രമേഷ് പിഷാരടി, റോണി ഡേവിഡ് എന്നിവര്‍ പരാജയപ്പെട്ടു. തുടര്‍ന്ന് അമ്മയുടെ ഭരണഘടന അനുസരിച്ച് ആകെയുള്ള 17 ഭാരവാഹികള്‍ നാലുപേര്‍ സ്ത്രീകളായിരിക്കണമെന്ന ചട്ടം മുന്‍നിര്‍ത്തി ഒരു നടിയെ കൂടി എക്‌സിക്യൂട്ടിവിലേക്ക് തെരഞ്ഞെടുക്കാന്‍ തീരുമാനിച്ചു.

വൈസ് പ്രസിഡന്റ് മത്സരത്തില്‍ പരാജയപ്പെട്ട മഞ്ജു പിള്ളയുടെയും ജന. സെക്രട്ടറിയായി മത്സരിച്ച കുക്കു പരമേശ്വരന്റെയും പേരുകള്‍ ഉയര്‍ന്നതോടെ തര്‍ക്കമായി. തുടര്‍ന്ന് പുതിയ എക്‌സിക്യൂട്ടിവ് കമ്മിറ്റി ചേര്‍ന്ന് ഇവരിലൊരാളെ തെരഞ്ഞെടുക്കാന്‍ തീരുമാനിക്കുകയായിരുന്നു. 506 അംഗങ്ങളുള്ള അമ്മയില്‍ 336 പേര്‍ വോട്ട് രേഖപ്പെടുത്തി. മമ്മൂട്ടി യു.കെയിലായതിനാല്‍ യോഗത്തിന് എത്തിയില്ല.