- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൈബര്‍ അറ്റാക്കിനുള്ള സോഫ്റ്റ്വെയര്‍ പ്രോഗ്രാം നിര്‍മ്മിച്ച് വിറ്റു; ഇന്ത്യന്‍ വിദ്യാര്‍ത്ഥിക്ക് സ്കോട്ട്ലാന്‍ഡില്‍ ജയില്‍ ശിക്ഷ
എഡിന്‍ബര്‍ഗ്: വെസ്റ്റ് ഡണ്‍ബാര്‍ട്ടന്‍ഷയറിലെ ഒരു യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥിക്ക് വെബ്‌സൈറ്റുകള്‍ തകര്‍ക്കാന്‍ കെല്‍പുള്ള സൈബര്‍ ഹാക്ക് പ്രോഗ്രാം വികസിപ്പിച്ചതിന് 21 മാസത്തെ തടവ് ശിക്ഷ കോടതി വിധിച്ചു. കോര്‍പ്പറേറ്റ് സോഫ്റ്റ്വെയറുകളെയും സര്‍ക്കാര്‍ സോഫ്റ്റ്വെയറുകളെയും ആക്രമിച്ച് പ്രവര്‍ത്തനരഹിതമാക്കാന്‍ കെല്‍പുള്ള പ്രോഗ്രാം, തന്റെ വെബ്‌സൈറ്റിലൂടെ വിറ്റ് പതിനായിരങ്ങളാണ് 21 കാരനായ അമര്‍ ടാഗോര്‍ സമ്പാദിച്ചത്. നൂറുകണക്കിന് ആളുകള്‍ ഇയാള്‍ നല്‍കിയ ടൂള്‍ ഉപയോഗിച്ച് ഡി ഡി ഒ ഏസ് അറ്റാക്കുകള്‍ നല്‍കി പല വെബ്‌സൈറ്റുകളും നിശ്ചലമാക്കിയിരുന്നു.
മൂന്നാം വര്‍ഷ സൈബര്‍ സെക്യൂരിറ്റി വിദ്യാര്‍ത്ഥിയായ അമര്‍ ടാഗോറിനെ കംബ്യൂട്ടര്‍ ദുരുപയോഗത്തിനും ക്രിമിനല്‍ നിയമങ്ങളുടെ ലംഘനത്തിനുമാണ് ഡംബാര്‍ട്ടന്‍ ഷെറീഫ് കോടതി 21 മാസത്തെ തടവിന് ശിക്ഷിച്ചത്. 2022 മെയ് 12 നും 2022 ആഗസ്റ്റ് 18 നും ഇടയില്‍ എസ്സെക്സിലെ ബ്രെയിന്‍ട്രീയിലുള്ള ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് വര്‍ക്ക് ആന്‍ഡ് പെന്‍ഷന്‍സിന്റെ ജോബ് സെന്റര്‍ തുടര്‍ച്ചയായി ഡി ഡി ഒ എസ് ആക്രമണങ്ങള്‍ക്ക് വിധേയമായതോടെയാണ് പോലീസ് ഇക്കാര്യത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചത്.
പ്രതിയെന്ന് സംശയിക്കുന്ന ഒരാളെ പിടികൂടിയിരുന്നു. അയാളുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോഴാണ് അതില്‍ മൈറ എന്നൊരു പ്രോഗ്രാം റണ്‍ ചെയ്യുന്നതായി കണ്ടെത്തിയത്. ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് വര്‍ക്ക് ആന്‍ഡ് പെന്‍ഷന്‍സിന്റെ കമ്പ്യൂട്ടര്‍ സിസ്റ്റത്തിനു നേരെ രണ്ട് വ്യത്യസ്ത അറ്റാക്കുകള്‍ നടത്തുകയായിരുന്നു അപ്പോള്‍ ആ പ്രോഗ്രാം. തുടര്‍ന്ന് മൈറയുടെ ഹോം പേജും ഐ പി അഡ്രസ്സും തേടിയെത്തിയപ്പോഴാണ് പോലീസ് ടാഗോറില്‍ എത്തുന്നത്. തന്റെ മാതാപിതക്കള്‍ക്കൊപ്പമായിരുന്നു ഇയാള്‍ താമസിച്ചിരുന്നത്.
വ്യത്യസ്ത മൈറാ പാക്കേജുകളായിരുന്നു ടാഗോര്‍ വെബ്‌സൈറ്റ് വഴി വില്‍ക്കുവാന്‍ ചച്ചിരുന്നത്. മാത്രമല്ല, ഇയാളുടെ സോഫ്റ്റ്വെയര്‍ പ്രോഗ്രാം വാങ്ങുന്നവര്‍ക്ക് ആവശ്യമായ സാങ്കേതിക സഹായവും ഇയാള്‍ നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ 2020 ജനുവരിക്കും 2022 നവംബറിനും ഇടയിലായി, ഈ 21 കാരന്‍ തന്റെ സോഫ്റ്റ്വയര്‍ വിറ്റ് 44,433 പൗണ്ട് സമ്പാദിച്ചതായി കണ്ടെത്തി. അമര്‍ ടാഗോറിന്റെ ക്രിമിനല്‍ ബുദ്ധി, ലോകത്തെവിടെയുമുള്ള സര്‍ക്കാര്‍ - സ്വകാര്യ വെബ്‌സൈറ്റുകളെ നിശ്ചലമാക്കാന്‍ പോന്നതാണെന്നാണ് വിദഗ്ധര്‍ പറയുന്നത്.