- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡോക്ടറെ വിളിച്ചു വരുത്തിയ കുഴിനഖ ചികില്‍സാ വിവാദം; ആമയിഴഞ്ചാനില്‍ ബലിയാടും; തിരുവനന്തപുരം ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജിന് മാറ്റമെത്തുമ്പോള്
തിരുവനന്തപുരം: ആമയിഴഞ്ചാന്‍ തോടിലെ രക്ഷാപ്രവര്‍ത്തന വിവാദങ്ങള്‍ തുടരുന്നതിനിടെ തിരുവനന്തപുരം ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജിന് സ്ഥലം മാറ്റം. നേരത്തെ ജനറല്‍ ആശുപത്രിയില്‍ നിന്നും ഡോക്ടറെ എത്തിച്ച് കളക്ടര്‍ കുഴിനഖ ചികില്‍സ നടത്തിയതും വിവാദമായിരുന്നു. ഒന്നിലധികം ഐഎഎസുകാരുടെ സ്ഥലം മാറ്റത്തിനൊപ്പമാണ് തിരുവനന്തപുരം കളക്ടറേയും മാറ്റുന്നത്. പിന്നോക്ക ക്ഷേമ വകുപ്പില്‍ ഡയറക്ടറാക്കിയാണ് മാറ്റം. അനു കുമാരിയാണ് പുതിയ തിരുവനന്തപുരം ജില്ലാ കളക്ടര്‍.
ആമയിഴഞ്ചാന്‍ തോട്ടില്‍ ശുചീകരണതൊഴിലാളി മരിച്ചതില്‍ ഹൈക്കോടതി വിമര്‍ശനത്തിന് പിന്നാലെയാണ് ജെറോമിക് ജോര്‍ജിനെതിരായ നടപടി. ആമയിഴഞ്ചാന്‍ തോട്ടില്‍ ശുചീകരണത്തിനിറങ്ങിയ തൊഴിലാളി മരിച്ച സംഭവത്തില്‍ അമിക്കസ്ക്യൂറിയെ നിയോഗിച്ച് ഹൈക്കോടതി. സംഭവ സ്ഥലം സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അമിക്കസ്ക്യൂറിക്ക് കോടതി നിര്‍ദേശം നല്കി. തൊഴിലാളിയായ ജോയി മരിച്ച സംഭവ നിര്‍ഭാഗ്യകരമാണെന്ന് പറഞ്ഞ കോടതി , മാലിന്യനീക്കത്തില്‍ റെയില്‍വേയും കോര്‍പറേഷനും പരസ്പരം പഴിചാരുന്നത് കേള്‍ക്കാനല്ല തങ്ങളിരിക്കുന്നതെന്നും വ്യക്തമാക്കി. പിന്നാലെയാണ് കളക്ടറെ മാറ്റുന്നത്. നേരത്തെ കുഴി നഖ ചികില്‍സാ വിവാദത്തില്‍ കളക്ടര്‍ കുടുങ്ങിയിരുന്നു. അന്ന് ഡോക്ടര്‍മാരുടെ സംഘടന കളക്ടര്‍ക്കെതിരെ രംഗത്ത് വന്നിരുന്നു.
സര്‍ക്കാര്‍ ഡോക്ടറെ വീട്ടിലേക്ക് വിളിച്ചുവരുത്തി വിവാദത്തില്‍ പെട്ട തിരുവനന്തപുരം ജില്ലാ കലക്ടര്‍ ജെറോമിക് ജോര്‍ജ് സ്ഥിരമായി ചികിത്സ തേടുന്നത് സ്വകാര്യ ആശുപത്രിയില്‍ എന്ന വിവരവും പുറത്തു വന്നിരുന്നു. ഈ വര്‍ഷം ഇതുവരെ 53,000 ത്തോളം രൂപയാണ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയതിന് സര്‍ക്കാര്‍ അനുവദിച്ചിരുന്നത്. സര്‍ക്കാര്‍ ആശുപത്രിയില്‍ വലിയ തിരക്കുള്ള സമയത്താണ് കുഴിനഖ ചികിത്സയ്ക്ക് ഡോക്ടറെ ജില്ലാ കലക്ടര്‍ വീട്ടിലേക്ക് വിളിച്ചു വരുത്തിയത്. ഇതിനെ വിമര്‍ശിച്ച ജോയിന്റ് കൗണ്‍സില്‍ നേതാവിനെതിരെ കളക്ടര്‍ പരാതി നല്‍കുകയും പരാതിയുടെ അടിസ്ഥാനത്തില്‍ റവന്യൂ സെക്രട്ടറി സംഘടനാനേതാവിനെതിരെ ചാര്‍ജ് മെമ്മോ നല്‍കുകയും ചെയ്തിരുന്നു.
അന്നൊന്നും തിരുവനന്തപുരം കളക്ടറെ മാറ്റിയില്ല. എന്നാല്‍ ആമയിഴഞ്ചാന്‍ തോടിലെ പ്രതിസന്ധി സര്‍ക്കാരിന് വലിയ തിരിച്ചടിയായി. കളക്ടര്‍ക്കെതിരെ ചില ഉന്നത കേന്ദ്രങ്ങള്‍ പരാതി പറഞ്ഞതായും സൂചനയുണ്ട്. ഇതോടെയാണ് മാറ്റം. അതിനിടെ തിരുവനന്തപുരം മേയറുടെ നിര്‍ദ്ദേശ പ്രകാരമാണ് തോടിലെ രക്ഷാപ്രവര്‍ത്തനം നടന്നതെന്നും കളക്ടറെ ഇപ്പോള്‍ ബലിയാടാക്കുകയാണെന്ന വാദവും ശക്തമാണ്. തല്കാലം വിവാദങ്ങളോട് കളക്ടര്‍ പ്രതികരിക്കുകയുമില്ല. ഉടന്‍ ചുമതല ഒഴിയും. പുതിയ കളക്ടറായി അനുകുമാരി എത്തുകയും ചെയ്യും.
വിവാദങ്ങള്‍ ഒഴിവാക്കാന്‍ കൂടിയാണ് ഇത്. സപ്ലൈകോ സിഎംഡി സ്ഥാനത്തുനിന്നു മാറ്റിയ ശേഷം പകരം നിയമനം ലഭിക്കാതിരുന്ന ശ്രീറാം വെങ്കിട്ടരാമനെ ധനകാര്യ വകുപ്പ് ജോയിന്റ് സെക്രട്ടറിയാക്കി. ശ്രീറാമിന്റെ ഭാര്യ രേണുരാജിനെ അടുത്തിടെ വയനാട് കലക്ടര്‍ സ്ഥാനത്തുനിന്നു മാറ്റി പട്ടികവര്‍ഗ വകുപ്പ് ഡയറക്ടറാക്കിയിരുന്നു. ഇതോടെ ഭാര്യയ്ക്കും ഭര്‍ത്താവിനും തിരുവനന്തപുരത്ത് ജോലിയാവുകയും ചെയ്തു.
ഇടുക്കി കലക്ടര്‍ ഷീബാ ജോര്‍ജിനെ റവന്യൂ വകുപ്പ് അഡീഷനല്‍ സെക്രട്ടറിയായി നിയമിച്ചു. ഹൗസിങ് ബോര്‍ഡ് സെക്രട്ടറിയുടെ പൂര്‍ണ അധിക ചുമതലയും വഹിക്കും. കോട്ടയം കലക്ടര്‍ വി.വിഘ്നേശ്വരിയാണു പുതിയ ഇടുക്കി കലക്ടര്‍. പിന്നാക്കവിഭാഗ വികസന ഡയറക്ടര്‍ ജോണ്‍ വി.സാമുവലിനെ കോട്ടയം കലക്ടറായും നിയമിച്ചു.