തിരുവനന്തപുരം: അഞ്ച് വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ അപ്പൂപ്പനായ ഫെലിക്‌സ് (62)ന് 102 വര്‍ഷം കഠിന തടവും ഒരു ലക്ഷത്തി അയ്യായിരം രൂപ പിഴയ്ക്കും തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ജഡ്ജി ആര്‍ രേഖ ശിക്ഷിച്ചു. പിഴ തുക കുട്ടിക്ക് നല്‍കണമെന്നും അടച്ചില്ലെങ്കില്‍ രണ്ട് വര്‍ഷവും മൂന്നുമാസവും കൂടുതല്‍ തടവ് അനുഭവിക്കണം എന്ന് കോടതി പറഞ്ഞു.

2020 നവംബര്‍ മാസം മുതല്‍ 2021 ഫെബ്രുവരി വരെയുള്ള കാലയളവിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രതി കുട്ടിയുടെ അമ്മയുടെ അച്ഛന്റെ ചേട്ടനാണ്. കുട്ടി കളിക്കാനായി ഇയാളുടെ വീട്ടില്‍ പോയപ്പോള്‍ ആണ് പ്രതി കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളില്‍ മൂന്നു ദിവസങ്ങളില്‍ വിരല്‍ കടത്തി പീഡിപ്പിച്ചു. വേദന കൊണ്ട് കുട്ടി കരഞ്ഞപ്പോള്‍ പ്രതി ഭീഷണിപ്പെടുത്തി. പുറത്തു പറഞ്ഞാല്‍ ഉപദ്രവിക്കും എന്ന് പ്രതി പറഞ്ഞതിനാല്‍ കടുത്ത വേദനയുണ്ടായിരുന്നെങ്കിലും പേടിച്ചു പുറത്തു പറഞ്ഞില്ല.

കുട്ടികളോട് കളിക്കുമ്പോള്‍ പ്രതി മോശമാണെന്ന് കുട്ടി പറഞ്ഞത് അമ്മൂമ്മ കേട്ടിരുന്നു. അമ്മുമ്മ കൂടുതല്‍ വിവരം ചോദിച്ചപ്പോഴാണ് പീഡനത്തിനെ കുറിച്ച് പറഞ്ഞത്. അമ്മൂമ്മ കുട്ടിയുടെ രഹസ്യ ഭാഗം പരിശോധിച്ചപ്പോള്‍ അവിടം ഗുരുതരമായി മുറിവേറ്റിരുന്നു. ഉടനെ ഡോക്ടറിനെ അറിയിക്കുകയും കഠിനംകുളം പോലീസില്‍ വിവരം അറിയിക്കുകയും ചെയ്തു. വൈദ്യ പരിശോധനയില്‍ സ്വകാര്യ ഭാഗത്തെ മുറിവ് ഡോക്ടര്‍ രേഖപ്പെടുത്തിയിരുന്നു. മുറയ്ക്ക് അപ്പുപ്പന്‍ ആയ പ്രതി നടത്തിയത് ക്രൂരമായ പ്രവര്‍ത്തിയായതിനാല്‍ യാതൊരു ദയയും അര്‍ഹിക്കുന്നില്ലന്ന് കോടതി വിധി ന്യായത്തില്‍ പറയുന്നു. സമൂഹ മനസ്സാക്ഷിയെ ഞെട്ടിക്കുന്ന സംഭവമായതിനാല്‍ കൂടിയ ശിക്ഷ തന്നെ പ്രതി അനുഭവിക്കണമെന്നും ജഡ്ജി പറഞ്ഞു.

പ്രോസിക്യൂഷന്‍ വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ആര്‍എസ്. വിജയ് മോഹന്‍, അഡ്വ. അതിയന്നൂര്‍ അര്‍. വൈ. അഖിലേഷ് എന്നിവര്‍ ഹാജരായി. പ്രോസിക്യൂഷന്‍ 14 സാക്ഷികളെ വിസ്തരിച്ചു. 24 രേഖകളും 3 തൊണ്ടിമുതലുകളും ഹാജരാക്കി. കഠിനംകുളം പോലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ ദീപു കെ എസ്, ഇന്‍സ്‌പെക്ടര്‍ ബിന്‍സ് ജോസഫ് എന്നിവരാണ് കേസ് അന്വേഷണം നടത്തിയത്. ലീഗല്‍ സര്‍വീസ് അതോറിറ്റി കുട്ടിക്ക് നഷ്ട പരിഹാരം കൊടുക്കണമെന്നും വിധി ന്യായത്തില്‍ പറയുന്നു.