അടൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 10 വര്‍ഷം കഠിനതടവും 15000 രൂപ പിഴയും വിധിച്ച് ഫാസ്റ്റ് ട്രാക്ക് കോടതി. 11 വയസ് മാത്രം പ്രായമുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പന്തളം മങ്ങാരം കുരീക്കാട്ടില്‍ വീട്ടില്‍ നിന്നും തോന്നല്ലൂര്‍ കടയ്ക്കാട് ഇളയമഠം എന്ന സ്ഥലത്ത് വാടകയ്ക്ക് താമസിക്കുന്ന ഹബീബിനെ (42)യെ ആണ് അതിവേഗ പ്രത്യേക കോടതി ജഡ്ജ് ടി. മഞ്ജിത്ത് പോക്സോ ആക്ട് പ്രകാരവും എസ്.സി/എസ്.ടി ആക്ട് പ്രകാരവും കുറ്റക്കാരനാണെന്ന് കണ്ടെത്തി ശിക്ഷിച്ചത്.

കഴിഞ്ഞ വര്‍ഷം ജൂണ്‍ 26, 29 തീയതികളിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. അതിജീവതയുടെ വീട്ടില്‍ അതിക്രമിച്ച് കയറി ലൈംഗികമായി ഉപദ്രവിക്കുകയും അശ്ലീല വീഡിയോകള്‍ കാണിക്കുകയുമായിരുന്നു. പന്തളം പോലീസ് സബ് ഇന്‍സ്പെക്ടര്‍ ടി.കെ.വിനോദ് കുമാര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയ കേസില്‍ അടൂര്‍ ഡിവൈ.എസ്.പി ആയിരുന്ന ആര്‍. ജയരാജാണ് പ്രതിക്കെതിരെ അന്വേഷണം പൂര്‍ത്തിയാക്കി ചാര്‍ജ് ഷീറ്റ് ഹാജരാക്കിയത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. സ്മിത ജോണ്‍. പി. ഹാജരായി. പിഴ തുക അടയ്ക്കുന്ന പക്ഷം ആയത് അതിജീവതയ്ക്ക് നല്‍കാന്‍ ജില്ല ലീഗല്‍ സര്‍വീസ് അതോറിറ്റിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.