തിരുവനന്തപുരം: മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ച ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവിന് ജീവപര്യന്തം കഠിന തടവും ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. അങ്കമാലി അയ്യാമ്പുഴ സ്വദേശിയും വട്ടപ്പാറ കണക്കോട് നിവാസിയുമായ എല്‍ദോ തോമസിനെ (43/2014) യാണ് ശിക്ഷിച്ചത്. ഭാര്യയായ മാറനല്ലൂര്‍ റസ്സല്‍പുരം ബഥേല്‍ ഭവനില്‍ ഷെര്‍ളി ജോണ്‍ കൊല്ലപ്പെട്ട കേസിലാണ് ശിക്ഷാ വിധി.

തിരുവനന്തപുരം രണ്ടാം അഡീ. ജില്ലാ സെഷന്‍സ് കോടതി ജഡ്ജി ജി. ഹരീഷാണ് പ്രതിയെ ശിക്ഷിച്ചത്. 2012ലാണ് സംഭവം നടന്നത്. ഷെര്‍ളിയെ 2003 ല്‍ തിരുവനന്തപുരം സ്റ്റാച്ച്യു പുന്നന്‍ റോഡിലുള്ള സെന്റ് പീറ്റേഴ്‌സ് ജാക്കോബിറ്റ് സിറിയന്‍ ഓര്‍ത്തഡോക്‌സ് പള്ളിയില്‍ വച്ച് ജാതിമതാചാര പ്രകാരം വിവാഹം കഴിച്ചു. ദാമ്പത്യത്തില്‍ വച്ച് രണ്ട് പെണ്‍കുഞ്ഞുങ്ങള്‍ ജനിച്ച ശേഷം ഷെര്‍ളി മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ച് സ്ഥല വാസികളോടും അയല്‍വാസികളോടും മറ്റും ചിത്തഭ്രമത്തോടെ സംസാരിക്കാനും പെരുമാറാനും തുടങ്ങിയെന്നാണ് കേസ്.

ഷെര്‍ളി വീട്ടുപകരണങ്ങളും മറ്റും നശിപ്പിച്ചതിനെ തുടര്‍ന്ന് വീട്ടുടമ വാടക വീട് മാറാന്‍ ആവശ്യപ്പെട്ടു. 2012 ജൂണ്‍ 27 ലും 28 ലും ഷെര്‍ളി അയല്‍ വീടുകളിലും മറ്റും പല പ്രാവശ്യം പോയി മാനസിക അസ്വാസ്ഥ്യം ഉള്ള രീതിയില്‍ സംസാരിക്കുകയും പെരുമാറുകയും ശരിയായ രീതിയില്‍ വസ്ത്രം ധരിക്കാതെ റോഡിലും മറ്റും പോയതിലും വച്ചുള്ള വിരോധം നിമിത്തം ഷെര്‍ലിയെ ചികിത്സിക്കാതെ കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടും കരുതലോടും കൂടി രാത്രി കത്തികൊണ്ട് കുത്തി 30 ല്‍ പരം പരിക്കുകള്‍ ഉണ്ടാക്കി കൊലപ്പെടുത്തിയെന്നാണ് കേസ്.

വിചാരണയില്‍ മേജറായ പെണ്‍മക്കള്‍ കൂറുമാറിയെങ്കിലും പബ്ലിക് പ്രോസിക്യൂട്ടര്‍ എന്‍.സി.പ്രിയന്‍, അഡ്വ. റോജിന്‍ എന്നിവരുടെ ക്രോസ് വിസ്താരത്തില്‍ പ്രതിയായ പിതാവ് തന്നെയാണ് അമ്മ സുഖമില്ലാതെ കിടക്കുന്നുവെന്നും ആശുപത്രിയില്‍ എത്തിക്കണമെന്നും ബന്ധുക്കളെ ഫോണില്‍ വിളിച്ചറിയിച്ചത് എന്നും മൊഴി നല്‍കിയത് വിചാരണയില്‍ നിര്‍ണ്ണായകമായി. 26 സാക്ഷികളെ വിസ്തരിച്ചു. 12 സ്വതന്ത്ര സാക്ഷികളില്‍ 10 പേരും കൂറുമാറിയിരുന്നു. വട്ടപ്പാറ പോലീസ് അന്വേഷണം നടത്തി ചാര്‍ജ് ചെയ്ത കേസില്‍ 4 തൊണ്ടി മുതലുകളും 48 രേഖകളും കോടതി തെളിവില്‍ സ്വീകരിച്ചു.