തിരുവനന്തപുരം: പ്രശാന്ത് നഗര്‍ ഗുണ്ടാ ആക്രമണക്കേസില്‍ അഴിക്കുള്ളില്‍ കഴിയുന്ന മുഖ്യ പ്രതി പുത്തന്‍പാലം രാജേഷിന് ജാമ്യമില്ല. ജാമ്യാപേക്ഷ കോടതി തള്ളി. ഒന്നിനുപിറകേ ഒന്നായി സ്ഥിരം കൊടും കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ട് നിയമ വ്യവസ്ഥയെ വെല്ലുവിളിക്കുന്ന പ്രതിക്ക് ജാമ്യം നല്‍കി സ്വതന്ത്രനാക്കിയാല്‍ സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്ന് കോടതി ജാമ്യം നിരസിച്ച ഉത്തരവില്‍ ചൂണ്ടിക്കാട്ടി.

തിരുവനന്തപുരം രണ്ടാം അഡീ. ജില്ലാ സെഷന്‍സ് കോടതി ജഡ്ജി ജി. രാജേഷാണ് ജാമ്യഹര്‍ജി പരിഗണിച്ചത്.

ഗുണ്ട പുത്തന്‍പാലം രാജേഷിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ ആക്രമണത്തില്‍ പരുക്കേറ്റ അഞ്ചുപേരെയും ആശുപത്രിയില്‍ ഐ പി ആയി കിടത്തി ചികിത്സിച്ചിരുന്നു. ചെറുവയ്ക്കല്‍ സ്വദേശി സന്തോഷ് കുമാര്‍ (48), രാജേഷ്, സുമേഷ്, സായി പ്രദീപ്, ഉണ്ണിക്കൃഷ്ണന്‍ എന്നിവര്‍ക്കാണു പരുക്കേറ്റത്. ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഗുണ്ട പുത്തന്‍പാലം രാജേഷ്, സഹായി മനു, കണ്ടാല്‍ തിരിച്ചറിയാവുന്ന മറ്റു നാലു പേര്‍ എന്നിവര്‍ ചേര്‍ന്നാണ് ആക്രമണം നടത്തിയതെന്നാണു കേസ്.

2023 ഡിസംബര്‍ 26 ന് വൈകിട്ട് നാലരയോടെ സിറ്റി മെഡിക്കല്‍ കോളേജ് പോലീസ് സ്റ്റേഷന്‍ പരിധിക്കകമായ പ്രശാന്ത് നഗറിലാണ് ആക്രമണമുണ്ടായത്. കാറിലെത്തിയ രാജേഷും സംഘവും ഇരുമ്പ് പൈപ്പ്, മൂര്‍ച്ചയുള്ള വാള്‍, വെട്ടുകത്തി എന്നിവ ഉപയോഗിച്ച് വെട്ടിയും അടിച്ചും മാരകമായി പരുക്കേല്‍പിച്ചെന്നാണു കേസ്.