തിരുവനന്തപുരം: കടയ്ക്കാവൂരില്‍ അമ്മയും കാമുകന്മാരും ചേര്‍ന്ന് 8 മാസം പ്രായമുള്ള സുപ്രിയയെന്ന പിഞ്ചു കുഞ്ഞിനെ വെള്ളത്തില്‍ മുക്കി കൊന്ന കേസില്‍ തൊണ്ടി മുതലുകളുടെ (ഫോറന്‍സിക് സയന്‍സ് ലബോറട്ടറി റിപ്പോര്‍ട്ട്) എഫ് എസ് എല്‍ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ജനുവരി 1 നകം ഒന്നാം പ്രതിക്ക് നല്‍കാന്‍ തലസ്ഥാന ജില്ലാ കോടതി ഉത്തരവിട്ടു. കേസ് പ്രതിരോധിച്ച് നിരപരാധിത്വം തെളിയിക്കാന്‍ പകര്‍പ്പ് വേണമെന്ന ഒന്നാം പ്രതിയുടെ ഹര്‍ജിയിലാണ് കോടതി ഉത്തരവ്.

തിരുവനന്തപുരം ഒന്നാം അഡീ. ജില്ലാ സെഷന്‍സ് കോടതി ജഡ്ജി കെ. പി. അനില്‍കുമാറിന്റേതാണുത്തരവ്. പ്രതികളായ കൈക്കുഞ്ഞിന്റെ പെറ്റമ്മ ചന്ദ്രപ്രഭ (36/2015) , ഓട്ടോ ഡ്രൈവര്‍ അജേഷ് , പ്രവാസി വിതുര സ്വദേശി സനില്‍ എന്നിവരാണ് 1 മുതല്‍ 3 വരെയുള്ള

പ്രതികള്‍. വിചാരണക്ക് മുന്നോടിയായി കുറ്റപത്രം വായിച്ചു കേള്‍പ്പിച്ച് കുറ്റം ചുമത്താന്‍ പ്രതികളോട് ഹാജരാകാന്‍ ഉത്തരവിട്ടപ്പോഴാണ് ഒന്നാം പ്രതിയുടെ ഹര്‍ജിയെത്തിയത്.

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 302 (കൊലപാതകം) , 109 (കൊലക്കുള്ള പ്രേരണ), 34 (പൊതു ഉദ്ദേശ്യ കാര്യത്തിനായി ഒന്നില്‍ കൂടുതല്‍ പേര്‍ ചെയ്യുന്ന പ്രവൃത്തികള്‍) എന്നീ സെഷന്‍സ് കുറ്റകൃത്യങ്ങള്‍ക്കാണ് കോടതി കേസെടുത്തത്. കുറ്റം തെളിയുന്ന പക്ഷം 2 വര്‍ഷത്തിന് മേല്‍ ശിക്ഷിക്കാവുന്ന വാറണ്ട് വിചാരണ കേസായതിനാല്‍ വിചാരണക്ക് മുന്നോടിയായി പോലീസ് കുറ്റപത്രവും അനുബന്ധ കേസ് രേഖകളും പരിശോധിച്ച് കോടതി നേരിട്ടു തയ്യാറാക്കുന്ന കോടതി കുറ്റപത്രം (court charge) {പതികളെ പ്രതിക്കൂട്ടില്‍ നിര്‍ത്തി വായിച്ചു കേള്‍പ്പിച്ച് കുറ്റം ചുമത്താനാണ് പ്രതികളെ കോടതി വിളിച്ചു വരുത്തുന്നത്.

സംസ്ഥാനം നടുങ്ങിയ സംഭവം നടന്നത് 2015 മെയ് എട്ടാം തീയതിയായിരുന്നു. കുഞ്ഞിനെ ഉപേക്ഷിച്ചാല്‍ കൂടെ താമസിപ്പിക്കാമെന്ന് കാമുകന്മാര്‍ പറഞ്ഞതു പ്രകാരമായിരുന്നു കൊലപാതകമെന്നാണ് കേസ്. എല്ലാം മറയ്ക്കാന്‍ മരണ കാരണം ഉറക്കത്തില്‍ താന്‍ അറിയാതെ കുട്ടിയുടെ മേല്‍ കിടന്ന് ശ്വാസം മുട്ടി മരിച്ചതാകാമെന്നും കുഞ്ഞ് അബദ്ധത്തില്‍ വെള്ളത്തില്‍ വീണ് മരിച്ചതാകാമെന്നും മറ്റും പറഞ്ഞ് സമര്‍ത്ഥമായി നാടകവും കളിച്ചു.

ആമാശയത്തിലും ശ്വാസകോശത്തിലും അമിതമായി വെള്ളമുണ്ടെന്ന പോസ്റ്റ്മോര്‍ട്ടത്തിലെ കണ്ടെത്തലിലാണ് പ്രതികള്‍ കുടുങ്ങിയത്.( ജീവനോടെ ഒരാള്‍ വെള്ളത്തില്‍ വീഴുമ്പോഴും വെള്ളത്തില്‍ മുക്കി വെക്കുമ്പോഴും കൊന്ന ശേഷം വെള്ളത്തിലിടുമ്പോഴും ആമാശയത്തിലും ശ്വാസകോശത്തിലും എത്തുന്ന (കുടിക്കുന്ന) വെള്ളത്തിന്റെ തോതിലുള്ള വ്യത്യാസമാണ് മിണ്ടാപ്രാണിയുടെ അരുംകൊലയുടെ ചുരുളഴിച്ചത് ).