കൊച്ചി: സോഫ്റ്റ്വെയര്‍ അപ്‌ഡേഷന് ശേഷം മൊബൈല്‍ ഫോണ്‍ ഡിസ്‌പ്ലേയില്‍ ലൈന്‍ പ്രത്യക്ഷപ്പെടുകയും ഡിസ്‌പ്ലേ അവ്യക്തമാവുകയും ചെയ്ത ഉപഭോക്താവിന് ഫോണിന്റെ വിലയും നഷ്ടപരിഹാരവും നല്‍കണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി. എറണാകുളം സ്വദേശിയും ഹൈക്കോടതി അഭിഭാഷകനുമായ എം.ആര്‍ ഹരിരാജ് സമര്‍പ്പിച്ച പരാതിയിലാണ് കോടതിയുടെ ഉത്തരവ്.

2021 ഡിസംബര്‍ മാസത്തിലാണ് പരാതിക്കാരന്‍ 43,999/ രൂപ വിലയുള്ള വണ്‍പ്ലസ് ടെക്‌നോളജി പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ മൊബൈല്‍ ഫോണ്‍ വാങ്ങിയത്. 2023 ജൂലൈ മാസത്തില്‍ ഓട്ടോമാറ്റിക് സോഫ്റ്റ്വെയര്‍ അപ്‌ഡേഷന്‍ നടന്നപ്പോള്‍ സ്‌ക്രീനില്‍ പിങ്ക് ലൈന്‍ പ്രത്യക്ഷപ്പെടുകയുണ്ടായി. ഇതേ തുടര്‍ന്ന് ഉപഭോക്താവ് അംഗീകൃത സര്‍വീസ് സെന്ററിനെ സമീപിക്കുകയുണ്ടായി. സ്‌ക്രീന്‍ ഫ്രീയായി മാറി തരാമെന്നും ഇപ്പോള്‍ സ്‌ക്രീന്‍ അവൈലബിള്‍ അല്ലെന്നും സ്‌ക്രീനിനായി ഓര്‍ഡര്‍ നല്‍കിയിട്ടുണ്ടെന്നും ഓതറൈസ്ഡ് സര്‍വീസ് സെന്റര്‍ ഉപഭോക്താവിനെ അറിയിച്ചു. ആയതിനുശേഷം പിന്നീട് നിരന്തരം സര്‍വീസ് സെന്ററിനെ ബന്ധപ്പെട്ടപ്പോള്‍ 19,000/ രൂപയ്ക്ക് ബയ്ബാക്ക് ചെയ്യുകയോ, ഡിസ്‌പ്ലേ ഓര്‍ഡര്‍ ചെയ്തത് വരുന്നതുവരെ കാത്തിരിക്കുകയോ ചെയ്യണമെന്ന് അറിയിക്കുകയുണ്ടായി. ഒരു മാസത്തിനുശേഷം വീണ്ടും മറ്റൊരു ഗ്രീന്‍ ലൈന്‍ കൂടി ഫോണിന്റെ സ്‌ക്രീനില്‍ പ്രത്യക്ഷപ്പെടുകയുണ്ടായ സാഹചര്യത്തിലാണ് ഉപഭോക്താവ് സോഫ്റ്റ്വെയര്‍ അപ്‌ഡേഷന്‍ സ്വീകരിക്കാന്‍ കഴിയാത്ത തരത്തില്‍ മാനുഫാക്ചറിംഗ് ഡിഫക്ട് ഫോണിന് ഉണ്ടായിരുന്നു എന്ന നിഗമനത്തില്‍ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനെ സമീപിച്ചത്.

ഭാവി അപ്ഡേറ്റുകളെ പരിഗണിക്കാത്ത ഫോണ്‍ നിര്‍മ്മാണമാണ്, ഇത്തരം പ്രശ്‌നങ്ങള്‍ക്ക് കാരണമായതെന്നും, അപാകത സംഭവിച്ചിട്ടും അത് പരിഹരിക്കുന്നതിന് വേണ്ടി യാതൊരു നടപടികളും എതിര്‍കക്ഷിയുടെ ഭാഗത്തുനിന്നും ഉണ്ടായില്ല എന്നത് സേവനത്തിലെ ന്യൂനതയാണെന്ന് ഡി.ബി ബിനു അധ്യക്ഷനും, വി.രാമചന്ദ്രന്‍, ടി.എന്‍ ശ്രീവിദ്യ എന്നിവരുടെ ബെഞ്ച് നിരീക്ഷിച്ചു.

പരാതിക്കാരന് ഉണ്ടായ സാമ്പത്തിക മാനസിക ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരമായി ഫോണിന്റെ വിലയായ 43,999/ രൂപ തിരികെ നല്‍കുന്നതിനും കോടതി ചെലവ്, നഷ്ടപരിഹാരം ഇനങ്ങളില്‍ 35,000/ രൂപയും 45 ദിവസത്തിനകം നല്‍കാന്‍ എതിര്‍കക്ഷികളായ വണ്‍പ്ലസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന് കോടതി ഉത്തരവ് നല്‍കി. പരാതിക്കാരന് വേണ്ടി അഡ്വക്കറ്റ് ജിഷ ജി രാജ് കോടതിയില്‍ ഹാജരായി.