തിരുവനന്തപുരം : ഗവർണ്ണറുടെ വാഹനം തടഞ്ഞ് കേടുപാടു വരുത്തി നടത്തിയ കരിങ്കൊടി പ്രതിഷേധത്തിൽ 6 പ്രതികളെ കോടതി റിമാന്റ് ചെയ്തു. എസ്എഫ്‌ഐ പ്രവർത്തകരായ യദുകൃഷ്ണൻ, അഷിഖ് പ്രദീപ്, ആഷിഷ് ആർ.ജി., ദിലീപ്, റയാൻ, റിനോ സ്റ്റീഫൻ എന്നിവരെയാണ് 14 ദിവസത്തേക്ക് റിമാന്റ് ചെയ്തത്. തിരുവനന്തപുരം അഡീ.ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതിയുടേതാണുത്തരവ്. എൽ എൽ ബി പരീക്ഷ കണക്കിലെടുത്ത് ആറാം പ്രതി അമൻ ഗഫൂറിനു ജാമ്യം അനുവദിച്ചു.

ഗവർണ്ണറെ ആക്രമിക്കാൻ ശ്രമിച്ച സംഭവം വിവാദമായതോടെ ദുർബല വകുപ്പിട്ട് എഫ് ഐ ആറിട്ട പേട്ട പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്ത് ഗവർണ്ണറെ തടയുന്ന കുറ്റകൃത്യ വകുപ്പായ ഇന്ത്യൻ ശിക്ഷ നിയമത്തിലെ വകുപ്പ് 124 ചേർത്ത് അഡീ. റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചു. റിമാന്റ് റിപ്പോർട്ടിലും ഇതേ കുറ്റകൃത്യം എഴുതി ചേർക്കുകയായിരുന്നു. അപ്രകാരം എസ്എഫ്‌ഐ പ്രവർത്തർകൾക്കെതിരെ 7 വർഷം തടവ് ലഭിക്കുന്ന കുറ്റം ചുമത്തുകയായിരുന്നു. കൂടാതെ പ്രതികൾ ചെയ്തത് സംസ്ഥാനത്തിനെതിരായ കുറ്റകൃത്യമെന്ന് പ്രോസിക്യൂഷൻ കോടതിയിൽ ബോധിപ്പിച്ചു.

ഇതോടൊപ്പം ഗവർണറുടെ വാഹനത്തിന് കേടുപാടുണ്ടായെന്നും റിമാൻഡ് റിപ്പോർട്ടിലുണ്ട്. ഗവർണറുടെ വാഹനത്തിന് 76,357 രൂപയുടെ കേടുപാടുണ്ടായെന്നാണ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്. നാശനഷ്ടം വ്യക്തമാക്കി രാജ്ഭവനിൽ നിന്ന് ഹാജരാക്കിയ സർട്ടിഫിക്കറ്റ് പൊലീസ് റിമാൻഡ് റിപ്പോർട്ടിനൊപ്പം കോടതിയിൽ സമർപ്പിച്ചു.സംസ്ഥാനത്തെ പ്രഥമ പൗരനുനേരെയാണ് അതിക്രമം നടന്നതെന്നു കോടതി നിരീക്ഷിച്ചു.

അതേസമയം, പേട്ടയിൽ ഗവർണർക്കെതിരെ പ്രതിഷേധിച്ച് അറസ്റ്റിലായ അഞ്ച് എസ്എഫ്‌ഐക്കാർക്ക് കോടതി ജാമ്യം അനുവദിച്ചു. പൊലീസുകാരുടെ ഔദ്യോഗിക കൃത്യ നിർവഹണം തടസ്സപ്പെടുത്തിയതിന് ജാമ്യമില്ലാ വകുപ്പാണ് ഇവർക്കെതിരെ ചുമത്തിയിരുന്നത്. എന്നാൽ അറസ്റ്റിലായ 5 പേർക്കും കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. തിരുവനന്തപുരം നഗരത്തിൽ മൂന്നിടങ്ങളിലാണ് ഗവർണർക്കെതിരെ പ്രതിഷേധമുണ്ടായത്. പ്രതിഷേധത്തിനിടെ ഗവർണർ കാറിൽ നിന്നിറങ്ങി പ്രതികരിച്ചിരുന്നു.രാജ്ഭവനിൽ നിന്നും വിമാനത്താവളത്തിലേക്കുള്ള ഗവർണറുടെ യാത്രക്കിടെയായിരുന്നു ഗവർണർക്കെതിരെ പ്രതിഷേധം ഉണ്ടായത്.

ജാമ്യം നൽകിയാൽ പ്രതികൾ സാക്ഷികളെ സ്വധീനിച്ചും ഭീഷണിപ്പെടുത്തിയും കേസിന്റെ സുഗമമായ അന്വേഷണത്തിനു തടസ്സം നിൽക്കുമെന്ന് പൊലീസ് റിമാൻഡ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. പ്രതികൾക്ക് ഉടനടി ജാമ്യം നൽകി വിട്ടയച്ചാൽ അത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകും. പ്രതികൾ തുടർന്നും ഇത്തരം കുറ്റം ചെയ്യാൻ സാധ്യതയുണ്ട്. പ്രതികൾ പൊതുസ്ഥലത്ത് നിയമവ്യവസ്ഥയെ പരസ്യമായി വെല്ലുവിളിച്ചു. ഗവർണറുടെ ഔദ്യോഗിക വാഹനത്തിനു നാശനഷ്ടം വരുത്തി.

പ്രതികളുടെ കുറ്റകരമായ പ്രവൃത്തി മറ്റു രാഷ്ട്രീയ സംഘടനകൾ പിന്തുടരാൻ സാധ്യതയുള്ളതിനാൽ ജാമ്യം നൽകരുതെന്നും പൊലീസ് ആവശ്യപ്പെട്ടു. പ്രതികളുടേത് ഗുരുതരമായ കുറ്റമാണെന്ന് പ്രോസിക്യൂഷനു വേണ്ടി കല്ലമ്പള്ളി മനു വാദിച്ചു. വിദ്യാർത്ഥികൾ നടത്തിയത് പ്രതിഷേധം മാത്രമാണെന്നും ഗവർണറെ തടഞ്ഞുവച്ചിട്ടില്ലെന്നും പ്രതികൾക്കുവേണ്ടി ഹാജരായ എ.എ.ഹക്കിം വാദിച്ചു.

എഫ് ഐ ആർ ഇങ്ങനെ:

പൊതുവീഥികളിൽ ജാഥകളോ പ്രകടനമോ നടത്താൻ പാടില്ലെന്ന നിയമമുള്ളപ്പോൾ എസ്എഫ്‌ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ 7 പേരും കണ്ടാലറിയാവുന്ന പത്തോളംപേരും ചേർന്ന് ഗവർണറെ തടഞ്ഞതായി എഫ്‌ഐആറിൽ പറയുന്നു. ഗവർണർ സഞ്ചരിച്ച വാഹനം തടഞ്ഞ് കറുത്ത തുണി ഉയർത്തിക്കാട്ടിയും ഗതാഗതം തടസ്സപ്പെടുത്തിയും പൊലീസ് ഉദ്യോഗസ്ഥരുടെ കൃത്യനിർവഹണം തടസ്സപ്പെടുത്തിയതായും എഫ്‌ഐആറിൽ പറയുന്നു.

ഗവർണറുടെ വാഹനം തടഞ്ഞ് കരിങ്കൊടി കാണിച്ച് പ്രതിഷേധിച്ച എസ്എഫ്‌ഐ പ്രവർത്തകർക്കെതിരെ പിന്നീട് ചുമത്തിയത് ജാമ്യമില്ലാ വകുപ്പുകൾ. രാഷ്ട്രപതിയേയോ ഗവർണറെയോ തടയുന്നതിനെതിരെയുള്ള ഗുരുതര വകുപ്പായ ഐപിസി 124 ആണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇതിനുപുറമെ പൊതുമുതൽ നശിപ്പിച്ചതിനുള്ള കുറ്റവും ചുമത്തി. ഏഴ് വർഷം വരെ കഠിനതടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് എസ്എഫ്‌ഐ പ്രവർത്തകർക്കെതിരെ ചുമത്തിയിരിക്കുന്നത്.

ഗവർണറുടെ സമ്മർദത്തിനുവഴങ്ങിയാണ് എസ്എഫ്‌ഐക്കാർക്കെതിരെ ഗുരുതര വകുപ്പ് ചുമത്തിയത്. ഗവർണർക്കൊപ്പം സുരക്ഷാ ഡ്യൂട്ടിക്കുണ്ടായിരുന്ന ഉദ്യോഗസ്ഥരെ രാജ്ഭവനിൽ ചെന്ന് കണ്ട് മൊഴി രേഖപ്പെടുത്തിയതിന് ശേഷമാണ് കുറ്റങ്ങൾ ചുമത്തിയിരിക്കുന്നത്. ഏഴ് പേർക്കെതിരെയാണ് ഐപിസി 124 പ്രകാരം കേസെടുത്തിരിക്കുന്നത്. പൊലീസിന്റെ കൃത്യനിർവഹണത്തെ തടസ്സപ്പെടുത്തിയെന്ന വകുപ്പ് മാത്രമായിരുന്നു പ്രതികൾക്കെതിരെ ചുമത്തിയിരുന്നത്. ഇതിന് പിന്നാലെ രാഷ്ട്രീയ വിവാദം ഉൾപ്പെടെ ഉടലെടുത്തതോടെയാണ് ഗുരുതര വകുപ്പുകൾ കൂടി ചുമത്തിയത്.

അതേസമയം കരിങ്കൊടി പ്രതിഷേധത്തിൽ സ്വീകരിച്ച നടപടിയെക്കുറിച്ച് ഗവർണർ ചീഫ് സെക്രട്ടറിയോടും ഡിജിപിയോടും റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ഡിസംബർ 11 രാത്രി വിമാനത്താവളത്തിലേക്കുള്ള യാത്രാ മധ്യേയാണ് ഗവർണറുടെ വാഹനവ്യൂഹത്തിന് നേരെ കരിങ്കൊടി പ്രതിഷേധമുണ്ടായത്. ബേക്കറി ജങ്ഷന് സമീപത്തുവച്ച് ഗവർണറുടെ വാഹനത്തിന് മുന്നിലേക്ക് എസ്എഫ്ഐ പ്രവർത്തകർ എടുത്തുചാടുകയും വാഹനം നിർത്തിയപ്പോൾ വാഹനത്തിൽ പ്രവർത്തകർ അടിക്കുകയും ഗവർണറെ കരിങ്കൊടി കാണിക്കുകയുമായിരുന്നു.