കൊച്ചി: സംസ്ഥാനത്തെ റോഡ് നിയമ ലംഘനങ്ങൾ കണ്ടെത്തുന്നതിന് നിർമ്മിത ബുദ്ധി ക്യാമറകൾ സ്ഥാപിച്ചതിനെ അനുകൂലിച്ച് കേരള ഹൈക്കോടതി. അഴിമതി ആരോപണത്തിന്റെ പേരിൽ പദ്ധതിയെ നിരുത്സാഹപ്പെടുത്താൻ കഴിയില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. പദ്ധതിയുടെ സുതാര്യത സംബന്ധിച്ചും അഴിമതിയാരോപണങ്ങളും പ്രത്യേകമായി പരിഗണിക്കണം. ക്യാമറ സ്ഥാപിച്ചതിനെ പ്രതിപക്ഷം പോലും എതിർത്തിട്ടില്ലെന്നും ക്യാമറ വാങ്ങിയതിലെ സുതാര്യതയാണ് ചോദ്യം ചെയ്യപ്പെട്ടതെന്നും ഹൈക്കോടതി വ്യക്തമാക്കി.

ആരോഗ്യ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി മുവാറ്റുപുഴ സ്വദേശി മോഹനനനും ഭാര്യയും ഹെൽമെറ്റ് ഉപയോഗിക്കുന്നതിൽ നിന്ന് ഒഴിവാക്കണം എന്നാവശ്യപ്പെട്ട ഹർജിയിലാണ് കോടതിയുടെ നിരീക്ഷണങ്ങൾ. അത്തരത്തിൽ യാതൊരു തരത്തിലുള്ള ഒഴിവും ആർക്കും നൽകാൻ കഴിയില്ലെന്ന് കോടതി പറഞ്ഞു. ഈ സമയത്താണ് എ.ഐ. ക്യാമറ വിഷയത്തിൽ കോടതിയുടെ പരാമർശമുണ്ടായത്. എ.ഐ. ക്യാമറ സ്ഥാപിച്ചതിൽ സർക്കാരിനേയും മോട്ടോർ വാഹനവകുപ്പിനേയും പ്രശംസിച്ചതോടൊപ്പം, നൂതനമായ ഒരു സാങ്കേതിക വിദ്യയാണ് അവതരിപ്പിച്ചിരിക്കുന്നതെന്നും കോടതി പറഞ്ഞു. ഇതിനെ പ്രശംസിക്കുക തന്നെ വേണമെന്നും കോടതി വ്യക്തമാക്കി.

റോഡുകളിൽ എഐ നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചത് മോട്ടോർ വാഹന നിയമത്തിന്റെയും ചട്ടങ്ങളുടെയും ലംഘനം കണ്ടെത്തുന്നതിന് നൂതന സംവിധാനമായാണ്. ഇതിൽ സംസ്ഥാന സർക്കാരിനെയും മോട്ടോർ വാഹന വകുപ്പിനെയും അഭിനന്ദിക്കേണ്ടതുണ്ട്. എഐ ക്യാമറകൾ സ്ഥാപിക്കുന്നതിനെതിരെ പ്രതിപക്ഷ പാർട്ടികളിൽ നിന്നു പോലും വിമർശനം ഉണ്ടായിട്ടില്ല. അവരും പുതിയ സംരംഭത്തെ സ്വീകരിക്കുന്നുവെന്നും ജസ്റ്റിസ് പി വി കുഞ്ഞിക്യഷ്ണൻ ചൂണ്ടികാട്ടി.

ക്യാമറയും മറ്റും അനുബന്ധ ഘടകങ്ങളും വാങ്ങിയതിലെ സുതാര്യതയും അഴിമതിയുമാണ് ഉയർന്നുവന്ന ആരോപണങ്ങൾ. അതിനെ മറ്റൊരു രൂപത്തിൽ കാണണം. അഴിമതി ആരോപണങ്ങളുടെ പേരിൽ ക്യാമറതന്നെ വേണ്ടെന്ന നിലപാട് ശരിയല്ല. ക്യാമറ സംവിധാനത്തെ അംഗീകരിച്ച് മുന്നോട്ടുപോകണമെന്നും കോടതി അഭിപ്രായപ്പെട്ടു.

റോഡ് സുരക്ഷയ്ക്കായുള്ള എ ഐ ക്യാമറ പദ്ധതിക്ക് കോടതി അനുമതിയില്ലാതെ പണം നൽകരുതെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. പദ്ധതി വഴി സർക്കാർ ഖജനാവിന് നഷ്ടമുണ്ടായോ എന്നറിയാൻ കേസ് വിശദമായി പരിശോധിക്കേണ്ടതുണ്ടെന്നും ഹർജി നൽകിയ കോൺഗ്രസ് നേതാക്കളായ വിഡി സതീശനോടും രമേശ് ചെന്നിത്തലയോടും ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ബെഞ്ച് വ്യക്തമാക്കി. വിഡി സതീശനോടും രമേശ് ചെന്നിത്തലയോടും അഴിമതിയുടെ ഭാഗമായിട്ടില്ലെന്ന സത്യവാങ്മൂലം നൽകാനും കോടതി ആവശ്യപ്പെട്ടു. ഹർജിയിൽ എതിർകക്ഷികൾക്ക് നോട്ടീസ് അയച്ച കോടതി ഹർജി ഫയലിൽ സ്വീകരിക്കണോ എന്നതിൽ പിന്നീട് തീരുമാനമെടുക്കുമെന്നാണ് വ്യക്തമാക്കിയത്.

ബൂട്ട് മാതൃകയിൽ വിഭാവനം ചെയ്ത എഐ ക്യാമറ പദ്ധതി 20 ഗഡുക്കളായി പണം നൽകാമെന്ന വ്യവസ്ഥയിലേക്ക് മാറ്റിയിരുന്നു. ആദ്യ മാതൃകയിൽ സർക്കാരിന് നേരിട്ട് സാമ്പത്തിക ബാധ്യത ഇല്ലായിരുന്നു. ഇൻസ്റ്റാൾമെന്റ് രീതിയിലേക്ക് മാറിയതോടെ ഇതിൽ മാറ്റം വന്നു. ഹർജിക്കാരുടെ ഈ വാദം പരിഗണിച്ച കോടതി, ഇതിലൂടെ പദ്ധതിയിൽ സർക്കാരിന് അധിക സാമ്പത്തിക ബാധ്യത വന്നോയെന്ന് പരിശോധിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് എ ഐ ക്യാമറ പദ്ധതിക്കായി സർക്കാർ ഖജനാവിൽ നിന്നും കോടതി അനുമതി ഇല്ലാതെ പണം ചിലവഴിക്കരുതെന്ന് ഇടക്കാല ഉത്തരവിറക്കിയത്.

കരാറിൽ ഏർപ്പെട്ടതിനേക്കാൾ കൂടുതൽ തുക ചെലവായോ, അതുവഴി അധിക സാമ്പത്തിക ബാധ്യത വരുത്തിയോ എന്നും പരിശോധിക്കുമെന്ന് ചീഫ് ജസ്റ്റിസ് എസ്എൻവി ഭട്ടി, ബസന്ത് ബാലാജി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് വ്യക്തമാക്കിയിരുന്നു. സംസ്ഥാന സർക്കാർ, ഗതാഗത വകുപ്പ്, കെൽട്രോൺ, എസ് ആർ ഐ ടി ഉൾപ്പെടെയുള്ള എതിർ കക്ഷികൾക്ക് കോടതി നോട്ടീയച്ചു. രണ്ടാഴ്ചയ്ക്കം മറുപടി നൽകാനാണ് നിർദ്ദേശം. ഹർജിക്കാരായ കോൺഗ്രസ് നേതാക്കളോടും സത്യവാങ്മൂലം നൽകാൻ കോടതി നിർദ്ദേശം നൽകി. ഹർജി ഉന്നയിക്കാനുള്ള ധാർമികത ഇരുവർക്കുമുണ്ടെന്ന് രേഖമൂലം കോടതിയെ അറിയിക്കണം. അഴിമതിയുടെ ഭാഗമായിട്ടില്ലെന്നും ഇവരുവർക്കുമെതിരായ കേസുകളുടെ വിശദാംശങ്ങളുമാണ് നൽകേണ്ടത്.