- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിവാഹേതര ലൈംഗിക ബന്ധം; സായുധ സേന ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാം; 2018 ലെ സുപ്രധാന വിധിയിൽ വ്യക്തത വരുത്തി സുപ്രീം കോടതി; കോടതിയുടെ വിശദീകരണം വ്യക്തത തേടി കേന്ദ്ര സർക്കാർ നൽകിയ അപേക്ഷയിൽ
ന്യൂഡൽഹി: വിവാഹേതര ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന ഉദ്യോഗസ്ഥർക്കെതിരെ സായുധ സേനകൾക്ക് നടപടിയെടുക്കാമെന്ന് സുപ്രീം കോടതി. 2018-ലെ സുപ്രധാന വിധിയിൽ വ്യക്തത വരുത്തിയാണ് സുപ്രീം കോടതിയുടെ വിശദീകരണം.വിവാഹേതര ലൈംഗിക ബന്ധം ക്രിമിനൽ കുറ്റമല്ലെന്ന് കോടതി വിധിച്ചിരുന്നു.
2018-ലെ വിധി പ്രകാരം വിവാഹേതര ബന്ധം കുറ്റകരമല്ലെന്ന് വ്യക്തമാക്കി ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 497 ആണ് സുപ്രീം കോടതി റദ്ദാക്കിയത്. തുടർന്ന് വിവാഹേതര ലൈംഗിക ബന്ധത്തിന്റെ പരാതി നൽകിയാൽ ക്രിമിനൽ കേസ് എടുക്കാൻ സാധിക്കില്ലെന്നും സുപ്രീം കോടതി അറിയിച്ചു.എന്നാൽ ഇക്കാര്യം സായുധ സേനയിലെ നിയമ വ്യവസ്ഥയ്ക്ക് ബാധകമാണോ അല്ലയോ എന്നുള്ള കാര്യത്തിൽ വ്യക്തത തേടി കേന്ദ്ര സർക്കാർ നൽകിയ അപേക്ഷയിലാണ് ഇപ്പോൾ കോടതിയുടെ മറുപടി.
നേരത്തെ ഇക്കാര്യവുമായി ബന്ധപ്പെട്ട് പ്രസ്താവിച്ച വിധി സായുധ സേനാ നിയമങ്ങൾക്ക് ബാധകമല്ല. അതിനാൽ സൈനികരുൾപ്പെടെയുള്ള സായുധസേനാ ഉദ്യോഗസ്ഥർ വിവാഹേതര ലൈംഗിക ബന്ധം പുലർത്തിയാൽ അവർക്കെതിരെ നടപടിയെടുക്കാമെന്നും അതിനുള്ള അധികാരം സായുധ സേനയ്ക്കുണ്ടെന്നും സുപ്രീം കോടതി വ്യക്തമാക്കി. ജസ്റ്റിസ് കെ.എം ജോസഫ് അദ്ധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്.
മറുനാടന്‍ മലയാളി ബ്യൂറോ