ന്യൂഡൽഹി: അദാനി ഗ്രൂപ്പ് വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ഓഹരി നിക്ഷേപകരുടെ പരിരക്ഷയ്ക്കായുള്ള വിദഗ്ധ സമിതിയെ സുപ്രീം കോടതി നിയോഗിക്കും. സമിതി അംഗങ്ങളുടെ പേര് നിർദ്ദേശിച്ചുള്ള കേന്ദ്രസർക്കാരിന്റെ 'മുദ്രവച്ച കവർ' സ്വീകരിക്കാൻ സുപ്രീം കോടതി വിസമ്മതിച്ചു. വിഷയത്തിൽ സമ്പൂർണ സുതാര്യത വേണമെന്നും സർക്കാർ നിർദ്ദേശിച്ച അംഗങ്ങളെ ഉൾപ്പെടുത്തിയാൽ അതു സർക്കാർ സമിതിയായി മാറുമെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു.

അദാനി ഗ്രൂപ്പ് വിവാദങ്ങളെ തുടർന്ന് ഓഹരി നിക്ഷേപകർക്കുണ്ടായ സാമ്പത്തിക നഷ്ടത്തിൽ കോടതി കഴിഞ്ഞ ദിവസം ആശങ്ക രേഖപ്പെടുത്തിയിരുന്നു. തുടർന്നാണ് നിക്ഷേപകർക്ക് പരിരക്ഷ നൽകാനുള്ള സംവിധാനം രൂപീകരിക്കാനായി സമിതിയുടെ സാധ്യത ആരാഞ്ഞത്. ഇതിനോട് കേന്ദ്രസർക്കാർ അനുകൂല നിലപാട് സ്വീകരിക്കുകയായിരുന്നു. സമിതിയുടെ പ്രവർത്തനമേഖല നിർദ്ദേശിക്കാൻ സർക്കാരിനെ അനുവദിക്കണമെന്നും അംഗങ്ങളുടെ പേര് മുദ്രവച്ച കവറിൽ നൽകാമെന്നും സോളിസിറ്റർ ജനറൽ തുഷാർ മേത്ത അറിയിച്ചതനുസരിച്ചാണ് ഇന്നു കേന്ദ്രസർക്കാർ പേരുകൾ സമർപ്പിച്ചത്.

എന്നാൽ സുപ്രീം കോടതി ഇതു തള്ളുകയായിരുന്നു. സിറ്റിങ് ജഡ്ജി അന്വേഷണത്തിന് മേൽനോട്ടം നൽകണമെന്ന കേന്ദ്രത്തിന്റെ ആവശ്യവും തള്ളി. വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തിൽ സമിതി രൂപീകരിക്കുമെന്ന് സുപ്രീം കോടതി അറിയിച്ചു. അദാനി ഗ്രൂപ്പിനെതിരെ യുഎസ് ധനകാര്യ ഗവേഷണ സ്ഥാപനമായ ഹിൻഡൻബർഗ് പ്രസിദ്ധീകരിച്ച റിപ്പോർട്ടിന്മേൽ അന്വേഷണം ആവശ്യപ്പെട്ടുള്ള പൊതുതാൽപര്യ ഹർജികളാണ് ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിനു മുന്നിലുള്ളത്.

ഹിൻഡൻബർഗ് റിപ്പോർട്ട് പോലുള്ളവ ഉണ്ടാകുമ്പോൾ ഓഹരി വിപണയിലെ ചെറുകിട നിക്ഷേപകരുടെ താത്പര്യം സംരക്ഷിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ തയ്യാറാക്കാൻ വിദഗ്ധ സമിതി രൂപീകരിക്കുമെന്നാണ് സുപ്രീം കോടതി നേരത്തെ വ്യക്തമാക്കിയത്. ഈ സമിതിയിലേക്ക് പരിഗണിക്കേണ്ട പേരുകൾ സംബന്ധിച്ചും, പരിഗണന വിഷയങ്ങൾ സംബന്ധിച്ചുമുള്ള ശുപാർശകളാണ് മുദ്രവച്ച കവറിൽ കോടതിക്ക് കൈമാറാൻ കേന്ദ്രത്തിന് വേണ്ടി സോളിസിസ്റ്റർ ജനറൽ തുഷാർ മേത്ത ശ്രമിച്ചത്. റെഗുലേറ്റർ സംവിധാനത്തിന്റെ പോരായ്മകളാണ് വിദഗ്ധ സമിതി പരിശോധിക്കുന്നത്.

എന്നാൽ മുദ്രവച്ച കവർ സ്വീകരിച്ചാൽ അതിന്റെ ഉള്ളടക്കം കേസിലെ എതിർ കക്ഷികൾക്ക് അറിയാൻ കഴിയില്ലെന്ന് ബെഞ്ചിന് നേതൃത്വം നൽകിയ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് ചൂണ്ടിക്കാട്ടി. എല്ലാം സുതാര്യമായിരിക്കണമെന്നും അതിനാനാണ് മുദ്രവച്ച കവർ സ്വീകരിക്കാത്തതെന്നും അദ്ദേഹം വ്യക്തമാക്കി. വിദഗ്ദ്ധ സമിതിയെ സ്വന്തം നിലയ്ക്ക് രൂപീകരിക്കുമെന്നും സർക്കാരിന്റെ ശുപാർശ അംഗീകരിച്ചാൽ അത് സർക്കാർ സമിതി ആണെന്ന വിമർശനം ഉണ്ടാകുമെന്നും ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടുകയായിരുന്നു.

'ഞങ്ങൾക്ക് മുദ്രവെച്ച കവറുകൾ ആവശ്യമില്ല. പൂർണ സുതാര്യത വേണം. ഈ നിർദ്ദേശങ്ങൾ അംഗീകരിച്ചാൽ, അത് സർക്കാർ നിയോഗിച്ച സമിതിയായി കാണപ്പെടും, അത് ഞങ്ങൾക്ക് വേണ്ട. തീരുമാനം ഞങ്ങൾക്ക് വിടുക' -ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.