കൊച്ചി: ആലുവയിൽ അഞ്ചുവയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതി അസ്ഫാക് ആലത്തിനെ പൊലീസിന് പിടിച്ചു കൊടുത്തത് നാട്ടുകാരാണ്. ഇയാളുടെ ചിത്രം കണ്ടപ്പോൾ തന്നെ പ്രതി കുട്ടിയുമായി മാർക്കറ്റിന് അടുത്തു കൂടെ പോയത് ഓർത്തെടുത്ത സാക്ഷിയും നിർണ്ണായകമായി. ഈ കേസിൽ പൊലീസിന് വലിയ റോളുണ്ടായിരുന്നില്ല. പ്രതിയാണ് കൊലപാതകിയെന്ന് വ്യക്തമാക്കുന്ന തെളിവുകൾ തുടക്കത്തിലേ കിട്ടി. അതുകൊണ്ട് തന്നെ ക്രൈംത്രില്ലറൊന്നും വേണ്ടി വന്നില്ല ആലുവ കേസിൽ.

പെരുമ്പാവൂരിലെ ജിഷാ കേസിലും സൗമ്യാ വധക്കേസിലും പൊലീസ് തെളിവുകളിലൂടെ നടന്നാണ് കുറ്റവാളിയെ കണ്ടെത്തിയത്. എന്നാൽ ആലുവയിൽ പ്രതിയെ കൈയിൽ കിട്ടി. വധ ശിക്ഷ വാങ്ങി കൊടുക്കുക മാത്രമേ വേണ്ടി വന്നുള്ളൂ. 90 ദിവസത്തിനകം ജാമ്യം കിട്ടാതിരിക്കാൻ കുറ്റപത്രവും നൽകി. ഈ കുറ്റപത്രം നൽകൽ മതുൽ നിർണ്ണായക റോളിൽ നിന്നത് സ്‌പെഷ്യൽ പ്രോസിക്യൂട്ടറാണ്. പ്രമാദമായ പലകേസുകളിലും പ്രോസിക്യൂട്ടറായിരുന്ന ജി. മോഹൻരാജ് ആയിരുന്നു ആലുവ കേസിലെ സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ. ഇവിടേയും മോഹൻദാസിന് പിഴച്ചില്ല.

അഞ്ചൽ ഉത്ര വധക്കേസ്, കൊല്ലത്തെ വിസ്മയ കേസ്, കോവളത്തെ വിദേശവനിതയുടെ കൊലപാതകം തുടങ്ങിയ കേസുകളിലും ജി. മോഹൻരാജായിരുന്നു പ്രോസിക്യൂട്ടർ. ഈ കേസുകളിലെല്ലാം പ്രതികൾക്ക് മതിയായ ശിക്ഷ വാങ്ങിനൽകാൻ അദ്ദേഹത്തിനായി. ഏറെ സങ്കീർണ്ണമായ കേസായിരുന്നു ഉത്രയുടെ കൊലക്കേസ്. സമാനമായിരുന്നു വിസ്മയുടേതും. ഇവിടെ എല്ലാം കോടതിയിൽ മോഹൻരാജ് ഉയർത്തിയ വാദങ്ങൾ നിർണ്ണായകമായി. അതുകൊണ്ടാണ് ആലുവയിലെ ക്രൂരതയുടെ പ്രതിക്ക് ശിക്ഷ വാങ്ങി കൊടുക്കേണ്ട ഉത്തരവാദിത്തവും മോഹൻരാജിനെ ഏൽപ്പിച്ചത്.

2000-ൽ അഡീഷണൽ സ്പെഷ്യൽ പ്രോസിക്യൂട്ടറായുള്ള മോഹൻരാജിന്റെ അരങ്ങേറ്റം തന്നെ കോളിളക്കമുണ്ടാക്കിയ കല്ലുവാതുക്കൽ മദ്യദുരന്തക്കേസിലായിരുന്നു. അതിനു ശേഷം കോട്ടയം എസ്.എം.ഇ. റാഗിങ്, എൻട്രിക ലെക്സി കടൽക്കൊല, ഉത്രവധം, വിസ്മയയുടെ സ്ത്രീധനപീഡനമരണം, കോവളത്ത് വിദേശ വനിതയുടെ കൊലപാതകം, ആവണീശ്വരം മദ്യദുരന്തം, ബ്യൂട്ടീഷൻ ചിത്ര പിള്ള വധം, സോളാർകേസ് പ്രതി ബിജു രാധാകൃഷ്ണന്റെ ഭാര്യ രശ്മിയുടെ മരണം, മഹാരാജാസിലെ അഭിമന്യൂ വധം തുടങ്ങിയ കേസുകളിലെല്ലാം സ്പെഷ്യൽ പ്രോസിക്യൂട്ടറായത് മോഹൻരാജാണ്.

ചെറിയതുറ പൊലീസ് വെടിവെപ്പ്, പുല്ലുമേട് ദുരന്തം തുടങ്ങിയവ അന്വേഷിച്ച കമ്മിഷനുകൾക്ക് മുൻപാകെ സർക്കാരിനു വേണ്ടി ഹാജരായതും മോഹൻരാജായിരുന്നു. പ്രമുഖ ക്രിമിനൽ അഭിഭാഷകനായിരുന്നു അച്ഛൻ പുത്തൂർ ഗോപാലകൃഷ്ണൻ. തിരുവനന്തപുരം ലോ അക്കാദമിയിൽ നിന്ന് നിയമബിരുദം നേടിയ മോഹൻരാജ് പ്രാക്ടീസ് തുടങ്ങിയത് 1994-ൽ അച്ഛന് കീഴിൽ കൊല്ലത്താണ്. അതിനു ശേഷം കൊച്ചിയിൽ അഡ്വ. എം.കെ. ദാമോദരന്റെ ജൂനിയറായി. പിണറായിയുടെ ലാവ്‌ലിൻ കേസ് അടക്കം വാദിച്ച് ജയിച്ചത് ദാമോദരനാണ്. കൊല്ലത്തേക്ക് തിരിച്ചുപോയതിനു മോഹൻരാജ് ശേഷമാണ് അഡീഷണൽ സ്പെഷ്യൽ പ്രോസിക്യൂട്ടറാകുന്നത്.

ഏറ്റെടുത്തവയിൽ ഏറ്റവും കൂടുതൽ വെല്ലുവിളി ഉയർത്തിയത് ഉത്രക്കേസാണെന്ന് മോഹൻരാജ്. പാമ്പുകളുടെ പെരുമാറ്റമുൾപ്പെടെ ഇതിനായി പഠിക്കേണ്ടിവന്നു. ആലുവക്കേസിൽ സമൂഹം ആഗ്രഹിക്കുന്ന വിധിക്കായാണ് വാദിച്ചതെന്നും അഡ്വ. മോഹൻരാജ് പറയുന്നു. ആലുവ പീഡനക്കേസിൽ റെക്കോഡ് വേഗത്തിൽ കുറ്റപത്രം പൂർത്തിയാക്കിയ പൊലീസ് സംഘവും നിർണായകമായ തെളിവുകൾ കോടതിയിൽ നിരത്തി വാദം നടത്തിയ പ്രോസിക്യൂഷനും കേസിൽ വലിയ പങ്കാണ് വഹിച്ചത്. അതിവേഗത്തിൽ വിചാരണ പൂർത്തിയാക്കി, കുറ്റകൃത്യം നടന്ന് 99-ാം ദിവസം കേസിൽ പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തി എന്നതും ഈ കേസിന്റെ പ്രത്യേകതയാണ്.

റൂറൽ ജില്ലാ പൊലീസ് മേധാവി വിവേക് കുമാറിന്റെ നേതൃത്വത്തിൽ ഡിവൈ.എസ്‌പി. പി. പ്രസാദ്, ഇൻസ്‌പെക്ടർ എം.എം. മഞ്ജുദാസ് എന്നിവരടങ്ങുന്ന ഇരുപതംഗ സംഘമാണ് കേസിൽ അന്വേഷണം നടത്തിയത്.