- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ദ കേരള സ്റ്റോറി' സാങ്കൽപ്പിക കഥയെന്ന മുന്നറിയിപ്പ് നൽകാനാവില്ല; യഥാർത്ഥ സംഭവങ്ങളുടെ അടിസ്ഥാനത്തിലല്ല എന്ന് എഴുതി കാണിക്കണമെന്ന് ആവശ്യം തള്ളി ഹരീഷ് സാൽവെ സുപ്രീംകോടതിയിൽ; കേരള ഹൈക്കോടതിയിലും നിർമ്മാതാക്കൾ ഇതേ നിലപാട് സ്വീകരിച്ചേക്കും
ന്യൂഡൽഹി: വിവാദ ചലച്ചിത്രമായ 'ദ കേരള സ്റ്റോറി' യഥാർഥ സംഭവങ്ങളുടെ അടിസ്ഥാനത്തിലല്ല എന്ന് എഴുതിക്കാണിക്കണമെന്ന ആവശ്യം തള്ളി ചിത്രത്തിന്റെ അണിയറ പ്രവർത്തകർ. ചിത്രത്തിന്റെ നിർമ്മാതാവ് വിപുൽ ഷാ ഉൾപ്പെടെയുള്ളവർക്കു വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ ഹരീഷ് സാൽവെയാണ് ഈ ആവശ്യം തള്ളിയത്. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന് മുൻപാകെയാണ് സാൽവെ ഈ നിലപാട് വ്യക്തമാക്കിയത്.
ഒരു സമുദായത്തെ മുഴുവൻ ഇകഴ്‌ത്തിക്കാണിക്കുന്ന ചിത്രമാണ് ദ കേരള സ്റ്റോറിയെന്ന് ഹർജിക്കാർക്കുവേണ്ടി ഹാജരായ സീനിയർ അഭിഭാഷക വൃന്ദ ഗ്രോവർ ആരോപിച്ചിരുന്നു. വസ്തുതാപരമല്ലാത്ത കാര്യങ്ങൾ സത്യം എന്ന രീതിയിൽ പ്രചരിപ്പിക്കാൻ ശ്രമിക്കുകയാണെന്നും അവർ ആരോപിച്ചു. ചിത്രം വെള്ളിയാഴ്ച റിലീസ് ചെയ്യുകയാണ്. ചിത്രം യഥാർത്ഥ സംഭവങ്ങളുടെ അടിസ്ഥാനത്തിലല്ല എന്ന് എഴുതിക്കാണിക്കണമെന്നാണ് തങ്ങളുടെ ആവശ്യമെന്ന് ഗ്രോവർ കോടതിയെ അറിയിച്ചു.
എന്നാൽ ഈ ആവശ്യം അംഗീകരിക്കാനാകില്ലെന്ന കാര്യം ഉത്തരവിൽ രേഖപ്പെടുത്തണമെന്ന് ഹരീഷ് സാൽവേ സുപ്രീംകോടതിയോട് ആവശ്യപ്പെട്ടു. ഹൈക്കോടതിയിലും ചിത്രത്തിന്റെ നിർമ്മാതാക്കൾ ഇതേ നിലപാട് തന്നെ സ്വീകരിക്കുമെന്നാണ് സൂചന. ചിത്രത്തിന്റെ നിർമ്മാതാക്കളായ സൺ ഷൈൻ പിക്ചേഴ്സ് പ്രൈവറ്റ് ലിമിറ്റഡിനുവേണ്ടിയാണ് ഹരീഷ് സാൽവേ ഹാജരായത്. ചിത്രത്തിനെതിരെ ഹർജി നൽകിയ ജംഇയ്യത്തുൽ ഉലമാ ഹിന്ദിനു വേണ്ടി വൃന്ദ ഗ്രോവറും ഹാജരായി.
ജാമിയത്ത് ഉലമ ഐ ഹിന്ദ് എന്ന സംഘടനയാണ് സിനിമയ്‌ക്കെതിരെ സുപ്രീം കോടതിയിൽ ഹർജി നൽകിയത്. ഒരു സമൂഹത്തെ അപകീർത്തിപ്പെടുത്തുന്നതും വാസ്തവ വിരുദ്ധവുമായ കാര്യങ്ങളാണ് 'ദി കേരള സ്റ്റോറി'യിൽ പറയുന്നതെന്ന് ഹർജിയിൽ വ്യക്തമാക്കുന്നത്.ഹർജിയിൽ വാദം കേൾക്കുന്നതിന് മുന്നോടിയായി സമാന ഹർജി കേരള ഹൈക്കോടതിയുടെ പരിഗണനയിലുണ്ടെന്ന് 'ദി കേരള സ്റ്റോറി'യുടെ നിർമ്മാതാക്കളുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. ഇതോടെയാണ് ഹർജിയിൽ ഇടപെടാൻ സുപ്രീം കോടതി വിസമ്മതിച്ചത്.
സിനിമയ്‌ക്കെതിരെ ഹർജിക്കാർക്ക് കേരള ഹൈക്കോടതിയെ സമീപിക്കാമെന്ന് ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. 'ദി കേരള സ്റ്റോറി'ക്കെതിരെ മൂന്ന് ഹർജികളാണ് സുപ്രീം കോടതിയിൽ ഫയൽ ചെയ്തിരിക്കുന്നത്.'ദി കേരള സ്റ്റോറി' സിനിമയ്ക്ക് അടിയന്തരമായി സ്റ്റേ വേണമെന്ന ഹർജിയിലെ ആവശ്യം ഇന്നലെ കേരള ഹൈക്കോടതി അംഗീകരിച്ചിരുന്നില്ല. സിനിമ പ്രദർശനം സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാജീവ് ഗാന്ധി സ്റ്റഡി സർക്കിൾ എൻജിഒ ഭാരവാഹിയാണ് കോടതിയിൽ ഹർജി സമർപ്പിച്ചത്.
എന്നാൽ ചിത്രത്തിലെ ടീസറിന്റെ പരാമർശങ്ങൾ സിനിമയുടെ പൂർണ ഉദ്ദേശ്യമായി കണക്കാക്കാൻ സാധിക്കുമോ എന്നും നിങ്ങൾ ടീസർ മാത്രമല്ലേ കണ്ടിട്ടുള്ളൂ ചിത്രം കണ്ടിട്ടില്ലല്ലോയെന്നും കോടതി ചോദിച്ചു. ഒപ്പം ടീസർ മാത്രം കണ്ട് ചിത്രത്തെ വിലയിരുത്താനാകുമോയെന്ന് ചോദ്യവും ഹർജിക്കാരന് നേരെ കഴിഞ്ഞ ദിവസം ഉന്നയിച്ചു. മെയ് അഞ്ചിനാണ് സിനിമ റിലീസ് ചെയ്യുന്നത്.
മറുനാടന്‍ ഡെസ്‌ക്