- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
1950കളുടെ തുടക്കത്തിൽ ഉയർന്ന ശ്യാമപ്രസാദ് മുഖർജിയുടെ 'ഒരു രാജ്യം, ഒരു ഭരണഘടന, ഒരു പതാക' എന്ന മുദ്രാവാക്യം; അപ്രതീക്ഷിത നീക്കത്തിലൂടെ അനുച്ഛേദം 370 റദ്ദാക്കിയ മോദി സർക്കാർ; ഇന്ത്യയുടെ പരമാധികാരം മാത്രം ഉയർത്തി സുംപ്രീകോടതി വിധിയും; ഇനി ബാധകം ഇന്ത്യൻ നിയമങ്ങൾ മാത്രം
ന്യൂഡൽഹി: ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കികൊണ്ടുള്ള രാഷ്ട്രപതിയുടെ വിജ്ഞാപനം ശരിവച്ച് സുപ്രീംകോടതി വിധി പുറപ്പെടുവിക്കുമ്പോൾ അവസാനിക്കുന്നത് കാശ്മീരിലെ രാഷ്ട്രീയ വിവാദങ്ങളും ചർച്ചകളും.. ജമ്മു കശ്മീർ ഇന്ത്യൻ ഭരണഘടനയ്ക്കു വിധേയമെന്ന് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് വ്യക്തമാക്കി. ഇതോടെ ജമ്മു കാശ്മീരുമായി ബന്ധപെട്ടു നിൽക്കുന്ന അനിശ്ചിതത്വങ്ങൾക്കെല്ലാം പൂർണ്ണ വിരാമം ആയിരിക്കുകയാണ്. മോദി സർക്കാരിന്റെ നിർണ്ണായക നീക്കം ഫലം കണ്ടിരിക്കുന്നു.
ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന ഭരണഘടനയുടെ 370-ാം അനുഛേദം താല്ക്കാലികമായിരുന്നുവെന്ന് കോടതി പറഞ്ഞു. ഭരണഘടന അസംബ്ലി ഇല്ലാതായപ്പോൾ അനുച്ഛേദം 370 നൽകിയ പ്രത്യേക അവകാശങ്ങളും ഇല്ലാതായെന്നും സുപ്രീംകോടതി വ്യക്തമാക്കി. ഇന്ത്യയോട് ജമ്മു കശ്മീർ ചേരുമ്പോൾ പരമാധികാരം ഒന്നും ഉണ്ടായിരുന്നില്ല. ഇന്ത്യയുടെ പരമാധികാരത്തിന് വഴങ്ങിയാണ് ജമ്മു കശ്മീരിനെ കൂട്ടിച്ചേർത്തത്. യുവരാജാവായിരുന്ന കരൺ സിംഗിന്റെ വിളംബരം ഇതിന് തെളിവാണെന്നും സുപ്രീംകോടതി വിധിച്ചു. ജമ്മു കശ്മീരിന് മറ്റ് സംസ്ഥാനങ്ങൾക്കൊന്നുമില്ലാത്ത പ്രത്യേക പരമാധികാരം ഇല്ല. യുദ്ധസാഹചര്യത്തിൽ താത്ക്കാലികമായി കൊണ്ടു വന്ന ഒരു വ്യവസ്ഥ മാത്രമായിരുന്നു ആർട്ടിക്കിൾ 370. അത് എടുത്തുകളയാൻ രാഷ്ട്രപതിക്ക് അനുമതിയുണ്ട്. അതിന് നിയമസഭയുടെ അനുമതിയുടെ ആവശ്യമില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. 370 വിഭജനത്തിനായിരുന്നില്ല ഏകീകരണത്തിന് വേണ്ടിയായിരുന്നുവെന്നും വിധിയിൽ വ്യക്തമാക്കുന്നു.
അസാധാരണ നീക്കത്തിലൂടെയാണ് കശ്മീരിന്റെ പ്രത്യേകപദവി കേന്ദ്രസർക്കാർ റദ്ദാക്കിയത്. ഭരണഘടനയുടെ അനുച്ഛേദം 370 റദ്ദാക്കിയതോടെ രാജ്യത്തെ എല്ലാ നിയമങ്ങളും ഭരണഘടനാവ്യവസ്ഥകളും അവിടേയും ബാധകമായി മാറി. ജമ്മു-കശ്മീരിനു പ്രത്യേക സംസ്ഥാനപദവി നൽകുന്നതായിരുന്നു ഭരണഘടനയിലെ 370-ാം വകുപ്പ്. ജമ്മു കശ്മീരിലെ പൗരന്മാർക്ക് പ്രത്യേക അവകാശം അനുവദിക്കുന്നതാണ് 35എ. ഇതു രണ്ടും ഇനിയില്ല. ഇതാണ് സുപ്രീംകോടതി വിധിയോടെ വ്യക്തമാകുന്നത്.
1947ൽ ജമ്മു കശ്മീർ ഇന്ത്യയുമായി ചേർക്കാനുള്ള നീക്കത്തിൽ അന്നത്തെ ഭരണാധികാരി മഹാരാജാ ഹരി സിങ്ങുമായുള്ള കരാർ ഇങ്ങനെയായിരുന്നു. പ്രതിരോധം, വിദേശകാര്യം, വാർത്താവിനിമയം എന്നീ മൂന്നു കാര്യങ്ങളിൽ മാത്രം ഇന്ത്യൻ നിയമങ്ങൾ ജമ്മു കശ്മീരിൽ ബാധകമാക്കാം. 1949ൽ ഷെയ്ക്ക് അബ്ദുള്ളയുടെ നേതൃത്വത്തിൽ വന്ന താൽക്കാലിക സർക്കാർ ഇതിനെ ജമ്മു കശ്മീരിനുള്ള പ്രത്യേകപദവി എന്ന നിലയിൽ ഇന്ത്യൻ ഭരണഘടനയുടെ ഭാഗമാക്കുന്നതിൽ വിജയിച്ചു. പ്രതിരോധം, വിദേശകാര്യം, വാർത്താവിനിമയം, ധനകാര്യം എന്നിവയിലൊഴികെ രാജ്യത്തെ നിയമങ്ങൾ ജമ്മു കശ്മീരിൽ ബാധകമാക്കണമെങ്കിൽ സംസ്ഥാന സർക്കാരിന്റെ അനുവാദം വേണം. പൗരത്വം, ഭൂ ഉടമസ്ഥാവകാശം, മൗലികാവകാശങ്ങൾ എന്നിവയിലെല്ലാം മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്തമായിരുന്നു കാശ്മീരിലെ നിയമങ്ങൾ.
പൗരത്വം നിർവചിക്കാൻ ജമ്മു കശ്മീർ നിയമസഭയ്ക്ക് സമ്പൂർണ അധികാരം നൽകുന്നു 1954 ൽ കൂട്ടി ചേർക്കപ്പെട്ട 35 എ വകുപ്പ്. ഭൂമിയുടെ അവകാശവും സർക്കാർ സർവീസുകളിലെ തൊഴിലവസരവും സംസ്ഥാനനിവാസികളുടെ മാത്രം അവകാശമായിരുന്നു. മറ്റ് സംസ്ഥാനക്കാർക്ക് ഇവിടെ ഭൂമി വാങ്ങാൻ സാധിക്കില്ല. സർക്കാർ സ്‌കോളർഷിപ്പികൾക്ക് അപേക്ഷിക്കാൻ മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ളവർക്ക് അവകാശമില്ല. 370ാം വകുപ്പ് ഭരണഘടനയിലെ താൽക്കാലിക വ്യവസ്ഥ എന്ന നിലയിൽ കൊണ്ടു വന്നതാണെങ്കിലും 35 എ സ്ഥിരം വകുപ്പായി നിർവ്വചിക്കപ്പെട്ടു.
ഇന്ത്യൻ ഭരണഘടനയുടെ ഒന്നാം ആർട്ടിക്കിൾ അതായത് ഇന്ത്യ എന്ന ഏകരാജ്യം എന്ന വകുപ്പ് 370-ാം ആർട്ടിക്കിളിലൂടെയാണ് ജമ്മു കശ്മീരിന് ബാധകമാവുന്നത്. 370 നീക്കുന്നത് ജമ്മു കശ്മീരിനെ ഫലത്തിൽ ഇന്ത്യൻ യൂണിയനിൽ നിന്ന് വേർപെടുത്തും എന്ന് വാദം ശക്തമായിരുന്നു. 35 എ നിലവിൽ വരുന്നതിന് മുമ്പ് ജമ്മു കശ്മീർ മുഖ്യമന്ത്രി പ്രധാനമന്ത്രിയെന്നും ഗവർണർ രാഷ്ട്രപതിയെന്നുമാണ് അറിയപ്പെട്ടത്. വകുപ്പ് നീക്കം ചെയ്താൽ ഈ പദവികൾ തിരികെ വരുമെന്നും വാദമെത്തി. എന്നാൽ ഇതെല്ലാം അസ്ഥാനത്താണെന്ന് പറയുകയാണ് സുപ്രീംകോടതിയുടെ ഭരണഘടനാ ബഞ്ച്. ജനസംഘം സ്ഥാപകൻ ശ്യാമപ്രസാദ് മുഖർജിയാണ് 1950കളുടെ തുടക്കത്തിൽ 'ഒരു രാജ്യം, ഒരു ഭരണഘടന, ഒരു പതാക' എന്ന മുദ്രാവാക്യമുയർത്തി 370ാം വകുപ്പിനെതിരെ ആദ്യം പ്രചാരണമാരംഭിച്ചത്. ഈ പ്രചരണമാണ് മോദിയുടെ നേതൃത്വത്തിൽ അസാധാരണ നീക്കത്തിലൂടെ കാശ്മീരിൽ നടപ്പാക്കിയത്.
ജമ്മു കശ്മീരിന്റെ സ്ഥിരമായ പ്രത്യേക പദവി പാർലമെന്റിന് റദ്ദാക്കാൻ കഴിയുമോ?, കേന്ദ്ര സർക്കാരിന്റെ രാഷ്ട്രീയ നടപടികൾക്ക് ഭരണഘടനാ സാധുതയുണ്ടോ?, ഇൻസ്ട്രുമെന്റ് ഓഫ് ആക്സഷൻ ഉപയോഗിച്ച് ജമ്മു കശ്മീരിന്റെ ആഭ്യന്തര പരമാധികാരത്തിൽ കൈകടത്താൻ കേന്ദ്ര സർക്കാരിന് കഴിയുമോ?, ജമ്മു കശ്മീരിന്റെ സ്വയംഭരണം ചോദ്യം ചെയ്യപ്പെട്ടോ?, സംസ്ഥാന സർക്കാരിന്റെ അനുമതി ഇല്ലാതെ പാർലമെന്റിന് ജമ്മു കശ്മീരിന്റെ കാര്യത്തിൽ നിയമ നിർമ്മാണം സാധ്യമാണോ?, യൂണിയൻ, കൺകറന്റ് പട്ടികകളിൽ ഉൾപ്പെടാത്ത ഇൻസ്ട്രുമെന്റ് ഓഫ് ആക്സഷൻ ഉപയോഗിച്ച് നിയമ നിർമ്മാണം സാധ്യമാണോ?, സംസ്ഥാന മന്ത്രിസഭയുടെ ഉപദേശവും സഹായവും ഇല്ലാതെ നിയമസഭ പിരിച്ചുവിട്ട ഗവർണറുടെ നടപടി നിലനിൽക്കുന്നതാണോ?, സംസ്ഥാന പുനഃസംഘടന, കേന്ദ്ര ഭരണ പ്രദേശ പദവി എന്നിവ ഭരണഘടനാ വിധേയമാണോ? തുടങ്ങിയ ചോദ്യങ്ങൾക്കാണ് സുപ്രീംകോടതി ഇന്ന് വിധി പറഞ്ഞത്.
മറുനാടന് മലയാളി ബ്യൂറോ