തിരുവനന്തപുരം: നിയമസഭാ കൈയാങ്കളി കേസിൽ വിചാരണ അനന്തമായി നീട്ടാൻ തന്ത്രങ്ങളുമായി പ്രതികൾ രംഗത്തെത്തി. വിചാരണ കോടതിയായ തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതിയിൽ ഹാജരായാണ് പ്രതികൾ തുടരന്വേഷണ രേഖകളും മൊഴികളും വേണമെന്ന വിചിത്രമായ അവകാശവാദം ഉന്നയിച്ചത്.

കോടതി കുറ്റപത്രം വായിച്ചു കേൾപ്പിച്ച് കുറ്റം ചുമത്തി വിചാരണ തുടങ്ങാനിരിക്കെ ക്രൈംബ്രാഞ്ചിന്റെ തുടരന്വേഷണം വന്നു. തുടരന്വേഷണ റിപ്പോർട്ട് വന്ന് വിചാരണ തീയതി കോടതി ഒക്ടോബർ 16 തിങ്കളാഴ്ച ഷെഡ്യൂൾ ചെയ്യാൻ തുടങ്ങവേ രേഖകളും മൊഴികളും വേണമെന്ന് പ്രതികൾ ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് ക്രൈംബ്രാഞ്ച് തുടരന്വേഷണ റിപ്പോർട്ടിനൊപ്പം ഹാജരാക്കിയ രേഖകളുടെയും സാക്ഷിമൊഴികളുകളുടെയും പകർപ്പ് ഡിസംബർ 1ന് പ്രതികൾക്ക് നൽകാൻ സി ജെ എം ഷിബു ഡാനിയേൽ ഉത്തരവിട്ടു. തിങ്കളാഴ്ച എല്ലാ പ്രതികളും കോടതിയിൽ ഹാജരായി.

ക്രൈംബ്രാഞ്ച് തുടരന്വേഷണ റിപ്പോർട്ടിനൊപ്പം ഹാജരാക്കിയ രേഖകളുടെയും സാക്ഷിമൊഴികളുകളുടെയും പകർപ്പ് തങ്ങൾക്ക് ലഭ്യമാക്കണമെന്ന പ്രതിഭാഗത്തിന്റെ ആവശ്യത്തിലാണ് കോടതി ഉത്തരവ്. ഒരു ഘട്ടത്തിൽ തുടരന്വേഷണം എന്തിന് നടത്തിയെന്നും പ്രതിഭാഗം ചോദിച്ചു. എന്നാൽ മറുപടി പറയാതെ പ്രോസിക്യൂഷൻ മൗനം പാലിച്ചു. വിചാരണക്കായി എല്ലാ പ്രതികളും ഒക്ടോബർ 16 ന് ഹാജരാകാൻ കോടതി ഉത്തരവിട്ടിരുന്നു.

തുടരന്വേഷണ റിപ്പോർട്ട് ക്രൈംബ്രാഞ്ച് സെപ്റ്റംബറിൽ ഹാജരാക്കിയിരുന്നു. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ഷിബു ഡാനിയലിന് മുമ്പാകെയാണ് റിപ്പോർട്ട് സമർപ്പിച്ചത്. ആദ്യ കുറ്റപത്രത്തിലെ പ്രതികൾ മാത്രമേ കൃത്യത്തിലുൾപ്പെട്ടിട്ടുള്ളുവെന്നും നാശനഷ്ടം വരുത്തിയ കൃത്യത്തിൽ കൂടുതൽ പ്രതികളില്ലായെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. തുടർന്ന് വിചാരണക്കായി എല്ലാ പ്രതികളും ഒക്ടോബർ 9 ന് ഹാജരാകാൻ കോടതി ഉത്തരവിട്ടു